mumbai-railway-station-32

TAGS

വനിതകൾമാത്രം നിയന്ത്രിക്കുന്ന ഒരു റയിൽവേസ്റ്റേഷനുണ്ട് മുംബൈയിൽ. സബർബൻ റയിലിൻറെ ഭാഗമായ മാട്ടുംഗസ്റ്റേഷൻ. സ്ത്രീശാക്തികരണത്തിൻറെ മാതൃകയായ സ്റ്റേഷനിപ്പോൾ ലിംകാബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംകണ്ടെത്തിയിരിക്കുന്നു. സ്റ്റേഷന് മുന്നിലെ ടിക്കറ്റ് കൗണ്ടറില്‍നിന്ന് ആരംഭിച്ച് സ്റ്റേഷൻ മാനേജർവരെ നീളുന്നതാ‌ണ് മാട്ടുംഗയിലെ പെൺപെരുമ. മധ്യറയിൽവേയുടെ കീഴിലുള്ള സബർബന്‍ സ്റ്റേഷനിൽ ആകെ 41 ജീവനക്കാർ. എല്ലാവരും സ്ത്രീകൾ. ആറുമാസംമുൻപാണ് പുത്തന്‍ ആശയത്തിന് റയിൽവേ പച്ചക്കൊടി കാട്ടിയത്. 

 

പിന്നെ, മുംബൈയിൽ പലയിടങ്ങളിലായി ജോലിയിലുണ്ടാരുന്ന വനിതാജീവനക്കാരൽനിന്ന് തിരഞ്ഞെടുത്ത 41പേരെ ഓരോവിഭാഗങ്ങളിലും നിയമിച്ചു. ഓപ്പറേഷൻ ആൻറ് കോമേഷ്യൽ വിഭാഗത്തിൽ പതിനേഴുപേർ. ആർപിഎഫിൽ ആറ്, ടിക്കറ്റ് പരിശോധകർ ആറ്, എന്നിങ്ങനെപോകുന്നു തരംതിരിച്ചുള്ള കണക്കുകൾ. ടിക്കറ്റ് ബുക്കിങ്ങിൻറെ ചുമതല ഒരു മലയാളിക്കാണ്. തൃശുർ സ്വദേശിനി ശ്രീകലാ പി.മേനോൻ. 

 

 ഇതുവരെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ദുരനുഭവങ്ങളൊന്നുമില്ലെന്നും, യാത്രക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ജീവനക്കാർപറയുന്നു. സ്റ്റേഷനില്‍ വന്നുപോകുന്നവരിൽ ഏറെയും വിദ്യാർഥികളാണ്. സമ്പൂർണ വനിതാറയിൽവേ സ്റ്റേഷനെന്ന, വേറിട്ട ആശയം നടപ്പാക്കിയതോടെയാണ് ലിംകാ ബുക്കിൽ സ്റ്റേഷൻ ഇടംപിടിച്ചത്.