sun-burn-photo

TAGS

കേരളം ചുട്ടുപൊള്ളുകയാണ്. അനുദിനം താപനില ഉയരുന്നതിനനുസരിച്ച് സൂര്യാഘാതമേൽക്കുന്നവരുടെ സംഖ്യയും ഉയരുന്നു. സൂര്യാഘാതത്തിന്റെ നേർചിത്രം പങ്കുവെയ്ക്കുകയാണ് ഹിദായത്ത് വയനാട് എന്ന വ്യക്തി. തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെയുള്ള അവസഥയെന്നാണ് ഹിദായത്ത് കുറിച്ചത്. സൂര്യാഘാതമേറ്റെന്ന് അറിയുന്നത് അഞ്ച് മണിക്ക് ശേഷമാണ്. ഷർട്ട് പോലും ധരിക്കാനാകാത്ത വിധം പുറം പൊള്ളിപ്പോയെന്ന് ഹിദായത്ത് കുറിച്ചു. രണ്ടുവർഷം മുമ്പേറ്റ സൂര്യാഘാതം ഓർത്തെടുത്താണ് കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണരൂപം: 

സൂര്യാഘാതം വളരെ സൂക്ഷിക്കണം ഒരുതവണ ഏൽക്കേണ്ടി വന്ന ആളാണ് ഞാൻ.

നമ്മൾ വിചാരിക്കുന്നതു പോലെ അല്ല കാര്യങ്ങൾ. ശരീരം ചൂടുപിടിക്കുമ്പോൾ തൽക്കാലം വെയിലിൽ നിന്നും മാറി നിന്നാൽ പോരെ എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. എന്നാൽ ആ ധാരണ മാറ്റാൻ സൂര്യാഘാതം ഏൽക്കേണ്ടതായി വന്നു.

സൂര്യാഘാതമേറ്റു എന്ന കാര്യം ഞാൻ അറിയുന്നതുതന്നെ വൈകിട്ട് 5 മണിക്ക് ശേഷമാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സൂര്യാഘാതമേറ്റു. 

ഗവൺമെൻറ് ഹോസ്പിറ്റലിൽ പോയപ്പോൾ നല്ല തിരക്കായിരുന്നു. അത്കൊണ്ട് നേരെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്നു.

തിളച്ച വെള്ളം പുറത്തു ഒഴിച്ചാൽ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എൻറെ അവസ്ഥ ഷർട്ട് പോലും ധരിക്കാൻ പറ്റാതെ. ഒന്ന് തൊടാൻ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി. 

അൽപ്പനേരം കൂടി ഞാൻ അവിടെ വേലി കൊണ്ടിരുന്നു എങ്കിൽ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്. ഞാനിത് പറയുന്നത് വായിക്കുന്ന എല്ലാവരും സൂര്യാഘാതം എന്ന് ലാഘവത്തോടെ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ്.

തണുപ്പിക്കുക എന്നല്ലാതെ പ്രത്യേകിച്ച് ഒരു ചികിത്സയും അതിനില്ലായിരുന്നു.

അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്ന് ആണ് ഞാൻ തള്ളിനീക്കിയത്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി. 

വീണ്ടും ഞാൻ പറയുന്നു വെയിലു കൊള്ളുമ്പോൾ സൂക്ഷിക്കുക ശരീരത്തിലേക്ക് നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുക. രണ്ടുദിവസം മുമ്പ് പേപ്പറിൽ കണ്ടത് രണ്ട് സെൻറീമീറ്റർ മൂന്ന് സെൻറീമീറ്റർ ഒക്കെ സൂര്യാഘാതമേറ്റ ചിത്രങ്ങളാണ്. എൻറേത് പുറം മൊത്തം പൊള്ളിയിരുന്നു.

സൂര്യാഘാതം ഏൽക്കുന്ന സമയത്ത് നമ്മൾ അത് അറിയില്ല എന്നതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത്. ഓർമ്മയ്ക്ക് വേണ്ടി ഇന്നും ഞാൻ ആ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്.

NB:രണ്ടു വർഷം കഴിഞ്ഞു സംഭവം നടന്നിട്ട്.

സൂര്യാഘാതമേറ്റ് ഏഴാമത്തെ ദിവസം എടുത്തതാണ് ഫോട്ടോ