രഞ്ജു രഞ്ജിമാർ എന്ന മേക്കപ്പ് ആർട്ടിസ്റ്റ് മലയാളികൾക്ക് അപരിചിതയല്ല. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമാർ അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്നിരിക്കുകയാണ്. മലയാള സിനിമയില്‍ മുന്‍നിര അഭിനേത്രികളുടെ എല്ലാം ഇഷ്ടസൗഹൃദത്തിന്റെ ഉടമ കൂടിയാണ് ഇവര്‍. താരവിവാഹങ്ങളുടെ എല്ലാം അണിയറയില്‍ ചമയമൊരുക്കുന്നതും രഞ്ജു തന്നെ.
പ്രതിസന്ധികള്‍ ഏറെ അതിജീവിച്ചാണ് ഈ ഉയരങ്ങളില്‍ അവര്‍ എത്തിയത്. ഇപ്പോള്‍ തന്‍റെ സ്വപ്നസംരംഭം സഫലമായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ ലോകത്തുനിന്ന് ഉയരങ്ങളിലേക്ക് നടക്കുന്ന ഈ കലാകാരി. ഡോറ എന്ന സ്വപ്നസംരംഭത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട് പോരാട്ടത്തിന്റെയും പരിശ്രമത്തിന്റെയും കഥകൂടിയുണ്ടെന്ന് അവര്‍ പറയുന്നു. അതിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ഈ സ്ഥാപനം. സാധാരണ ഒരു ബ്യൂട്ടിപാർലറിന്റെ സജ്ജീകരണങ്ങളല്ല ഇതിലുള്ളത്. 3000 സ്ക്വയർ ഫീറ്റിലാണ് പണിതിരിക്കുന്നത്. അകത്ത് റാംപ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ മാനേജിങ്ങ് ഡയറക്ടറായിട്ടുള്ള ജെ.എസ്.ആർ ഫാഷൻ ട്രെൻഡിയുടെ കീഴിലാണ് ഡോറ പ്രവർത്തിക്കുന്നത്. ഈ ഒരു സ്വപ്നത്തിലേക്ക് എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
23 വർഷമായി ഞാൻ ഈ രംഗത്ത് സജീവമാണ്. മേക്കപ്പ് രംഗത്തേക്ക് ഇറങ്ങുന്ന സമയത്ത് ഒരു ക്ലാസിന് പോകാനോ സെമിനാറിന് പങ്കെടുക്കാനോ ഒന്നും സാധിക്കുമായിരുന്നില്ല. ഒരാളുടെയും അസിസ്റ്റന്റായി നിന്ന് കാര്യങ്ങൾ പഠിക്കാനുള്ള അവസരം പോലും എനിക്ക് ഉണ്ടായിട്ടില്ല. ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ട് എല്ലാം ഞാൻ തനിയെ പഠിച്ചെടുത്തതാണ്. ഇന്നിപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഞാൻ ക്ലാസുകൾ എടുക്കാറുണ്ട്, 50000ൽ അധികം വിദ്യാർഥികളുമുണ്ട്. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പൂർണ്ണമായി പറഞ്ഞുകൊടുക്കാനാണ് ശ്രദ്ധിക്കുന്നത്. എനിക്ക് ഉയർച്ചയുണ്ടാകുമ്പോൾ എന്റെ കമ്യൂണിറ്റിയിലുളളവർക്കും ഒപ്പം കസേരയുണ്ടാകണമെന്നാണ് ആഗ്രഹം.
ഡോറ എന്ന സ്വപ്നത്തിലേക്ക് കടക്കുന്ന സമയത്താണ് പ്രളയം വന്നത്. പ്രളയത്തിൽ അത്രയും കാലം കെട്ടിപ്പൊക്കിയതെല്ലാം നഷ്ടപ്പെട്ടു, വീടിന് കേടുപാട് വന്നു. കുഴപ്പങ്ങളൊന്നുമില്ലാതെ എന്റെ മേക്കപ്പ് കിറ്റ് മാത്രമാണ്. അതുള്ളത് കൊണ്ടാണ് പിടിച്ചു നിന്നത്. ശരിക്കും എല്ലാം തിരിച്ച് പിടിക്കാൻ സഹായിച്ചത് എന്റെ മേകപ്പ് കിറ്റാണ്. ഡോറ പ്രളയത്തെ അതിജീവിച്ച ഒരു സ്വപ്നം കൂടിയാണ്. എന്റെ സുഹൃത്തുകൾക്കൂടിയായ പ്രിയാമണിയും മംമ്തയും ചേർന്നായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. അവരൊക്കെ തരുന്ന പിന്തുണ വളരെ വലുതാണ്.- രഞ്ജു രഞ്ജിമാർ പറഞ്ഞു.