matka-king

TAGS

‘ചൂതുകളി രാജാവ്’ എന്നറിയപ്പെടുന്ന രത്തൻ ഖത്രി (88) അന്തരിച്ചു. മധ്യമുംബൈ നവജീവൻ സൊസൈറ്റിയിലെ വസതിയിൽ ശനിയാഴ്ചയായിരുന്നു മരണം. 1947ലെ വിഭജനകാലത്ത് പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നു കൗമാരപ്രായത്തിൽ ഇന്ത്യയിലെത്തിയ ഖത്രി, 1962ലാണു മുംബൈയിൽ ചൂതുകളി ബിസിനസിലെത്തിയത്. കല്യാൺജി ഭഗത് എന്നയാളുമായി ചേർന്ന് ഇൗ രംഗത്ത് സജീവമായ ഖത്രി, പിന്നീട് ‘രത്തൻ മട്ക’ എന്ന സ്വന്തം കേന്ദ്രം തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ ചൂതാട്ട റാക്കറ്റായി ഇതു മാറി.

 

രാവിലെ മട്കയിൽ ചില്ലറ തുക പന്തയം വയ്ക്കുന്നവർക്ക് വൈകിട്ട് ഭാഗ്യമുണ്ടെങ്കിൽ വൻ തുക ലഭിക്കുമെന്നു പ്രചാരണം വന്നതോടെ അറുപതുകളിൽ ചൂതാട്ടം മുംബൈയിലെ സാധാരണക്കാർക്കിടയിൽ ഹരമായി. വിവിധ തരം പന്തയങ്ങളുമായി സംഘം സജീവമായി. ന്യൂയോർക്ക് കോട്ടൻ എക്‌സ്‌ചേഞ്ചിലെ പരുത്തിയുടെ രാവിലെത്തെയും വൈകിട്ടത്തെയും നിരക്കിനെ കേന്ദ്രീകരിച്ചുവരെ മുംബൈയിൽ രത്തന്റെ നേതൃത്വത്തിൽ ലക്ഷങ്ങളുടെ ചൂതാട്ട ബിസിനസുണ്ടായിരുന്നു. 

 

ചൂതാട്ടം കൊണ്ട് പല ശതകോടീശ്വരൻമാരെയും തെരുവിൽ ഇറക്കിയിട്ടുണ്ട് ഖത്രി. മൂന്നുകാർഡുകൾ തുറന്നു നോക്കാൻ ഞാൻ സാധാരണക്കാരോട് ആവശ്യപ്പെടുമായിരുന്നു. 25 പൈസ മുടക്കുന്നവർക്ക് തിരിച്ചു നൽകുന്നത് 2.5 രൂപയായിരുന്നു. 1960 കളിൽ മുംബൈയിലെ സാധാരണക്കാരുടെ ഹൃദയം കീഴടക്കാൻ ഇതെല്ലാം ധാരാളം മതിയായിരുന്നുവെന്ന് ഖത്രി തന്നെ പറയുമായിരുന്നു.

 

പ്രതിദിനം കോടികൾ  മറിയുന്ന മട്‌ക സാമ്രാജ്യത്തിന്റെ അധിപനായ ഖത്രിയെ പലതവണ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും ലോക്കപ്പിൽ കിടന്നിട്ടുള്ളത് വിരളമാണ്. പിടിയാലുകമ്പോഴെല്ലാം ജാമ്യം സംഘടിപ്പിച്ചു പുറത്തുവന്നിരുന്നു. ബോംബെ കേന്ദ്രമാക്കി ഇന്ത്യയിലുടനീളം വലവിരിച്ച മട്‌കയുടെ കണ്ണികൾ പാക്കിസ്‌ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഹോങ്കോഗ്, സിംഗപ്പൂർ, എന്നിവടങ്ങളിൽപോലും വ്യാപിച്ചിരുന്നു. അത്രകണ്ടു ജനപ്രീതി നേടിയ ഈ ചൂതുകളി കണ്ടു പിടിച്ചതും രത്തൻ ഖത്രിതന്നെ.