എന്നും എപ്പോഴും യാതൊരു അജണ്ടകളുമില്ലാതെ മലയാളിയെ നിഷ്കളങ്കമായി ചിരിപ്പിച്ച താരമായിരുന്നു സുബി സുരേഷ്. 19 വർഷത്തിനോളമായി കലാരംഗത്ത് സജീവമായിട്ടും അധികം സിനിമ അവസരങ്ങളഒന്നും തേടിയെത്തതിൽപോലും സുബി പരാതി പറഞ്ഞ് കേട്ടിട്ടില്ല. കഴിഞ്ഞ വർഷം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലും ജീവിതത്തെ വളരെ ശുഭാപ്തി വിശ്വാസത്തോടെ കണ്ട് ഊർജം പ്രസരിപ്പിക്കുന്ന സുബിയെയാണ് കാണാനാവുക.
കോവിഡ് കാലത്തും വിശ്രമമില്ലാതെ സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെയും സജീവമായിരുന്നു സുബി സുരേഷ്. പല മിമിക്രി കലാകാരൻമാരുടെയും വീടുകളിൽ നേരിട്ട് കയറിച്ചെന്ന് വീട്ടുകാരെ പരിചയപ്പെടുത്തിയ യൂട്യൂബ് ചാനൽ കുറഞ്ഞ സമയം കൊണ്ട് തന്നെ ഹിറ്റായിരുന്നു. വണ്ണം കുറച്ചതിനെക്കുറിച്ചും തന്റെ ഡയറ്റ് പ്ലാനിനെക്കുറിച്ചുമൊക്കെ സുബി യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആദ്യമാസം തന്നെ യൂട്യൂബ് ചാനലിലൂടെ വരുമാനം കിട്ടിയപ്പോൾ താൻ തന്നെ ഞെട്ടിപ്പോയി എന്നായിരുന്നു സുബിയുടെ നിഷ്കളങ്കമായ പ്രതികരണം. ഇത് നല്ല രസമുള്ള പരിപാടിയാണെന്നും ഇപ്പോൾ എവിടെ പോകുമ്പോഴും ക്യാമറയുമായി ഇറങ്ങാറാണെന്നുമൊക്കെ സുബി പറഞ്ഞിരുന്നു.
ചങ്ക് കൂട്ടുകാരായ ധർമജനും പിഷാരടിയുമൊക്കെ രാഷ്ട്രീയത്തിൽ ഇടപെട്ടപ്പോൾ സുബി മാറിനിൽക്കുകയാണ് ചെയ്തത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അതുകൊണ്ട് പറഞ്ഞാൽ വിഡ്ഢിത്തമാാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇടപെടാത്തതെന്നും പറഞ്ഞു സുബി.
സിനിമാലയിലൂടെ വന്ന സുബി സുരേഷിന് ഒപ്പം വന്നവരും പിന്നീട് വന്നവരുമൊക്കെ പിന്നീട് സിനിമാ മേഖലയിൽ സജീവമായി. പലപ്പോഴും സ്റ്റേജ് ഷോകൾക്കിടയിൽ പല പ്രമുഖ സിനിമകളും സുബിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇതിലൊന്നും സുബിക്ക് പരാതിയില്ലായിരുന്നു. . ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളിന്റെ പേര് എഴുതിവയ്ക്കുമെന്നായിരുന്നു സുബിയുടെ വിശ്വാസം.