സാരി ധരിച്ച് മാരത്തണിൽ പങ്കെടുത്ത് താരമായി യുവതി. യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന മാരത്തണിലാണ് ഒഡിഷ സ്വദേശിയായ യുവതി സാരി ധരിച്ചെത്തിയത്. 4 മണിക്കൂർ 50 മിനിറ്റെടുത്ത് 42.5 കിലോമീറ്റർ ദൂരമാണ് 41കാരിയായ മധുസ്മിത ജീന ദാസ് മാരത്തണിൽ പങ്കെടുത്തത്. യുകെയിൽ താമസക്കാരിയാണ് മധുസ്മിത ജീന ദാസ്.
സാരിയിൽ അനായാസമായാണ് യുവതി മാരത്തണിൽ പങ്കെടുക്കുന്നത്. മാരത്തണില്‍ മധുസ്മിതക്ക് പ്രോത്സാഹനം നൽകുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും വിഡിയോയില്‍ കാണാം. ‘മാഞ്ചസ്റ്ററിൽ താമസമാക്കിയ ഇന്ത്യൻ വനിത മധുസ്മിത സമ്പൽപ്പൂരി സാരി ധരിച്ചാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ പാരമ്പര്യം ഉയർത്തിപിടിച്ചാണ് യുവതി ഇന്ത്യൻ വസ്ത്രം ധരിച്ച് മാരത്തണിൽ പങ്കെടുത്തത്.’– എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘Friends of India Soc Intl UK’ യുടെ ഔദ്യോഗിക ട്വിറ്റർ പേജിലും മധുസ്മിത മാരത്തണിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ കാണാം.
വിഡിയോ സോഷ്യൽ മീഡിയയിലെത്തിയതോടെ, മധുസ്മിതയുടെ തീരുമാനത്തെ പ്രശംസിച്ചും സാരിയിൽ മാരത്തണിൽ പങ്കെടുക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടിയും നിരവധി കമന്റുകളും എത്തി.
Woman From Odisha Runs 42.5 km In UK Marathon Wearing A Saree