കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്തിയ സിപ്പി പള്ളിപ്പുറത്തിന് ഇന്ന് എണ്‍പതാം പിറന്നാള്‍. ബാലസാഹിത്യ രംഗത്ത് അറുപത്തിനാല് വര്‍ഷങ്ങളാണ് സിപ്പി മാഷ് പിന്നിടുന്നത്. എണ്‍പതിന്‍റെ മധുരത്തിലും അദ്ദേഹം എഴുത്തില്‍ സജീവമാണ് .
മലയാളികള്‍ പാടിയും പഠിച്ചും വളര്‍ന്ന കുട്ടിക്കഥകളുടെയും കവിതകളുടെയും മുത്തച്ഛന് പിറന്നാള്‍ മധുരം. പതിനാറാം വയസില്‍ എഴുതി തുടങ്ങി. പ്രൈമറി ക്ലാസിലെ അധ്യാപകനായതോടെ കുട്ടികളെ കൈയിലെടുക്കാന്‍ തുടങ്ങിയ കുട്ടിയെഴുത്തുകള്‍ പിന്നീട് കാര്യമായി. ആ എഴുത്ത് കഥകളും കവിതകളും നോവലുമെല്ലാമായി നിറഞ്ഞു. ഒരിടത്തൊരു കുഞ്ഞുണ്ണി, തത്തകളുടെ ഗ്രാമം , അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗയാത്ര, പൂരം എന്നിങ്ങനെ നീളുന്നു പുസ്കങ്ങള്‍. എഴുത്തിലെങ്ങും നിറഞ്ഞ കുട്ടിത്തം കുഞ്ഞുമനസ്സുകളെ ഏറെ ആകര്‍ഷിച്ചു. പുസ്തകങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. കുരുന്നു മനസ്സുകളില്‍ ഭാവനയുടെ ആദ്യലോകം പകര്‍ന്നതില്‍ സിപ്പി മാഷിന് സന്തോഷവും അഭിമാനവുമാണ്.
ബാലസാഹിത്യത്തില്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. സാഹിത്യകാരനെ മാത്രമല്ല, അധ്യാപകനെയും തേടി നിരവധി അംഗീകാരങ്ങള്‍ എത്തി. പുതുതലമുറ കുട്ടികളില്‍ വായന കുറഞ്ഞതിലെ പരിഭവവും മാഷിനുണ്ട്. പുതിയ പുസ്തകങ്ങളില്‍ ചിലതിന്‍റെ പണിപ്പുരയിലാണ് മാഷിപ്പോള്‍.