spring-loaded-fan

 

രാജസ്ഥാനിലെ എൻട്രൻസ് പരീക്ഷ കോച്ചിങ് ഹബ്ബായ കോട്ടയിൽ വർധിച്ചുവരുന്ന ആത്മഹത്യയെ ചെറുക്കുന്നതിന് വ്യത്യസ്തമായ ആശയം സ്വീകരിച്ച് വിവാദത്തിലായി ജില്ലാഭരണകൂടം. വിദ്യാർഥികൾക്കിടയിലെ ആത്മഹത്യാ കേസുകൾ കുറയ്ക്കുന്നതിനായി കോട്ടയിലെ എല്ലാ ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിലും ഫാനില്‍ സ്പ്രിങ് ഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കലക്ടര്‍ ഓം പ്രകാശ് ബങ്കര്‍. ഭാരം വന്നാല്‍ ഫാന്‍ താഴേക്ക് വലിയത്തക്കവിധമാണ് ക്രമീകരണം. ഇത് കഴുത്തില്‍ കുരുക്ക് മുറുകാതിരിക്കാനും കാല്‍ തറയില്‍ മുട്ടി നില്‍ക്കാനും സഹായിക്കും. കൂടാതെ ആത്മഹത്യാശ്രമം ഉണ്ടായാല്‍ അലാറം മുഴക്കാനുള്ള സംവിധാനങ്ങളും സ്ഥാപിക്കാനും കലക്ടറുടെ നിര്‍ദേശത്തിലുണ്ട്. 

 

കോട്ടയിൽ ഈ വർഷം 20 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി താമസസ്ഥലത്ത് 18 വയസ്സുള്ള വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയിൽ ഈ മാസം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ വിദ്യാർഥിയുടെ ആത്മഹത്യയാണിത്. രണ്ട് ഐഐടി-ജെഇഇ ഉദ്യോഗാർഥികളും ഒരു നീറ്റ്-യുജി ഉദ്യോഗാർഥിയും ഉൾപ്പെടെ മൂന്ന് കോച്ചിങ് വിദ്യാർഥികളാണ് ഈ മാസം ആദ്യം ആത്മഹത്യചെയ്തത് . 

 

മല്‍സര പരീക്ഷകള്‍ക്കായി പഠിക്കുന്ന കുട്ടികള്‍ കടുത്ത മാനസിക ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. എന്നാല്‍ അവയ്ക്ക് പ്രാധാന്യം നല്‍കാതെ ഫാനില്‍ സ്പ്രിങ് ഘടിപ്പിക്കുന്നതുപോലുള്ള പ്രവര്‍ത്തികള്‍ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വർദ്ധിച്ചുവരുന്ന മരണങ്ങൾ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കോട്ടയിലെ വിദ്യാർഥികളുടെ മാനസിക ആരോഗ്യത്തെ പറ്റി പഠിക്കുവാനും അവർക്ക് ആവശ്യമായ കൗൺസലിങ് നൽകാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടുണ്ട്.

 

Spring-Loaded Fans To Prevent Suicides In Kota