Jaya-HD

ജയലളിത ജയറാം..പുരട്ചി തലൈവി..തമിഴകത്തിന്‍റെ  അമ്മ...ആള്‍ക്കൂട്ടങ്ങള്‍ക്കും ആരാധകര്‍ക്കും ആരവങ്ങള്‍ക്കും നടുവില്‍ തലയെടുപ്പോടെ എക്കാലത്തും ജീവിതം. പക്ഷെ എന്നും അവര്‍ നിലകൊണ്ടത് തിരസ്കാരങ്ങളില്‍ ഒറ്റപ്പെടലില്‍ പൊള്ളിയ മനസുമായി.  എംജിആറിന്‍റെ അമ്മു..തമിഴകത്തിന്‍റെ അമ്മയായി വളര്‍ന്നപ്പോഴും ആഗ്രഹിച്ചതൊന്നും നേടാനാവാത്ത വിങ്ങല്‍ അവര്‍ക്കൊപ്പം എന്നുമുണ്ടായിരുന്നു. ഒറ്റപ്പെടലായിരുന്നു അവര്‍ക്കെന്നും കൂട്ട്. അതുകൊണ്ടാവാം ഉപാധികളില്ലാത്ത സ്നേഹം  unconditional love എന്നൊന്നില്ലെന്ന് ജയ ഒരിക്കല്‍ തുറന്നു പറഞ്ഞത്.ജീവതത്തില്‍ ഒരിക്കല്‍പ്പോലും തണലാകാതെ പോയ അച്ഛന്‍...രണ്ടാംവയസില്‍ ആ സാന്നിധ്യം തന്നെ ഇല്ലാതായതിനുപിന്നാലെ ജോലിതേടി അമ്മ കൂടി പോയ അനുഭവം... സ്വന്തമാക്കാന്‍ കഴിയാതെ പോയ സ്നേഹബന്ധങ്ങള്‍... ഇതൊക്കെയാവാം അങ്ങനെ പറയാന്‍ ജയയെ പ്രേരിപ്പിച്ചത്. അനുഭവങ്ങളുടെ തീപ്പൊള്ളലേറ്റ മനസില്‍ അവിശ്വാസത്തിന്റെ കനല്‍ എന്നും അവശേഷിച്ചത് അതുകൊണ്ടാണ്.

jaya-02

 

jaya-03

1948 ഫെബ്രുവരി 24 ന് കർണാടകയിലെ മാണ്ഡ്യ ജില്ലയില്‍  പാണ്ഡവപുരത്താണ് ജയലളിതയുടെ ജനനം. സിനിമയെക്കുറിച്ചറിയാത്ത കുഞ്ഞിന് ജീവിതം തന്നെ സിനിമയേക്കാള്‍ ഭാവങ്ങളുള്ള അതിശയങ്ങള്‍ ഒളിപ്പിച്ച ഒരു തിരക്കഥയാണെന്ന് ചെറുപ്പത്തില്‍ത്തന്നെ മനസിലായി.  കോമളവല്ലി എന്നാണ് കുട്ടിക്കാലത്ത് ജയലളിതയെ അമ്മ വിളിച്ചിരുന്നത്. മൈസൂര്‍ രാജാവിന്റെ കൊട്ടാരം സര്‍ജനായിരുന്നു ജയയുടെ മുത്തച്ഛന്‍. അദ്ദേഹം ഉണ്ടാക്കിയ സമ്പത്തുമുഴുവന്‍ മകന്‍, അതായത് ജയയുടെ അച്ഛന്‍ ധൂര്‍ത്തടിച്ച് നശിപ്പിച്ചു. ഒടുവില്‍ ജയയ്ക്ക് രണ്ടുവയസുള്ളപ്പോള്‍ പിതാവിനെ നഷ്ടമായി. അതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അമ്മ വേദവല്ലി കുട്ടികളെ മൈസൂരിലെ വീട്ടിലാക്കി മദ്രാസിലെ സഹോദരിക്കരികിലേക്ക് പോയി. സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു. ഹൈസ്കൂള്‍ കാലത്താണ് ജയ അമ്മയ്ക്കൊപ്പം താമസം തുടങ്ങിയത്. അന്നവള്‍ക്ക് സിനിമയോടും അഭിനയത്തോടും വെറുപ്പായിരുന്നു.

jaya-04

 

jaya-06

സിനിമ ഇഷ്ടമല്ലാതിരുന്ന ആ പെണ്‍കുട്ടിക്ക് കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. പതിനാറാം വയസില്‍ കുടുംബത്തിന് താങ്ങാകാന്‍, അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജയലളിത ക്യാമറയ്ക്ക് മുന്നിലെത്തി. 'ഇപ്പിസില്‍' എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ ചിത്രങ്ങളിലൂടെ സൂപ്പര്‍താര പദവിയിലേക്ക്.

jaya-09

ഏറെ ആത്മബന്ധമുണ്ടായിരുന്ന അമ്മയുടെ വിയോഗത്തില്‍ തകര്‍ന്ന ജയലളിതയ്ക്ക് തണലായി എത്തിയത് സാക്ഷാല്‍ എംജിആര്‍. ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ചഭിനയിച്ചു. പിന്നിടങ്ങോട്ട് എംജിആറായിരുന്നു ജയയുടെ ലോകം. സ്വന്തമാക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും  ആ തണലില്‍ അവര്‍ ആശ്വാസം കണ്ടെത്തി. എം.ജി.രാമചന്ദ്രനുമായുള്ള ഉറ്റബന്ധമാണ് ജയലളിതയുടെ രാഷ്‌ട്രീയ പ്രവേശം സാധ്യമാക്കിയത് . തമിഴ്നാട് മുഖ്യമന്ത്രിയായ എംജിആർ 1977 ൽ ജയലളിതയെ പാർട്ടിയിലേക്ക് കൈപിടിച്ചുയര്‍ത്തി.1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായി. ഇംഗ്ലീഷിലെ മികവുകൂടി പരിഗണിച്ച് പാർട്ടി അവരെ 1984 ൽ രാജ്യസഭയിലേക്കയച്ചു.രാഷ്ട്രീയത്തില്‍ ജയലളിത ഓരോ ചുവടും വയ്ക്കുമ്പോള്‍ത്തന്നെ പാര്‍ട്ടിയില്‍ അവര്‍ക്കെതിരെ പടനീക്കം തുടങ്ങിയിരുന്നു. 1987ല്‍ എംജിആര്‍ വിടവാങ്ങിയപ്പോള്‍ ജയയെ അല്ല, അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനെയാണ് പാര്‍ട്ടി പിന്‍ഗാമിയായി മുഖ്യമന്ത്രിപദത്തില്‍ പ്രതിഷ്ഠിച്ചത്. എം ജി ആറിന്റെ വിലാപയാത്രക്കിടെ ശവമഞ്ചത്തില്‍നിന്ന് ജയലളിതയെ വലിച്ചിറക്കുന്ന രംഗങ്ങളും ആരും മറക്കാനിടയില്ല.

jaya-01

 

jaya-05

എന്നാല്‍ അവഹേളനങ്ങളും തിരിച്ചടികളും ആക്രമണങ്ങളും എക്കാലത്തും ജയയുടെ ഉള്ളിലെ കനല്‍ ഊതിക്കത്തിച്ചിട്ടുണ്ട്. അതുതന്നെയാണ് പിന്നീട് തമിഴകവും രാജ്യവും കണ്ടത്. അണ്ണാ ഡിഎംകെ ജയയുടെ വരുതിയിലായി. വന്‍രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍  1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച് അവര്‍ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. വീഴ്ത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യന്മാരുടെ നിരയില്‍ മുന്നിലുള്ള സാക്ഷാല്‍ കലൈഞ്ജര്‍ കരുണാനിധിയെ.

jaya-08

 

സിനിമാക്കഥ പോലെ തന്നെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ് പുരട്ചി തലൈവിയുടെ രാഷ്‌ട്രീയ ജീവിതവും . ഇനിയൊരിക്കലും ഉയിർത്തെഴുന്നേൽക്കില്ലെന്ന് കരുതപ്പെട്ട അവസരങ്ങളിൽ പൂർവാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റു. അഴിമതിക്കേസുകള്‍ വലിയ വാളായി തലയ്ക്കുമീതെ നിന്നപ്പോഴും പതറിയില്ല. രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. നീണ്ട ജയില്‍വാസം. നിയമ പോരാട്ടങ്ങളിലൂടെ  മേൽകോടതിയിൽ നിന്ന് ക്ലീൻചിറ്റ്. ഓരോ തിരിച്ചടിക്കുശേഷവും ജനമനസ് കീഴടക്കിയാണ് ജയ ഉയിര്‍ത്തെഴുന്നേറ്റത്. ഭരണത്തിലേറെയപ്പോഴെല്ലാം നടപ്പാക്കിയ ജനക്ഷേമപദ്ധതികളും സൗജന്യങ്ങളും തന്നെയായിരുന്നു അതിന്റെ അടിത്തറ.

 

നിലപാടുകളിലെ ധീരതയും ഉറച്ച തീരുമാനങ്ങളും അവരെ വ്യത്യസ്തയാക്കി. 2002-ല്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ജയലളിതയ്‌ക്കെതിരെ തിരിഞ്ഞു. അന്നു ജയലളിതയെ പിന്തുണച്ചത്  കാഞ്ചി ശങ്കരാചാര്യ ജയേന്ദ്രസരസ്വതിയായിരുന്നു. രണ്ടു കൊല്ലങ്ങള്‍ക്കിപ്പുറം 2004 നവംബറില്‍ ജയലളിത സര്‍ക്കാര്‍ ഇതേ കാഞ്ചി മഠാധിപതിയെ അറസ്്്്റ്റ് ചെയ്തു.  ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും നിയമത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍  അത് ചൂണ്ടിക്കാട്ടിയപ്പോള്‍ ജയലളിത പ്രതികരിച്ചത് ഇങ്ങനെയാണ്.. ''ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ പോപ്പിന് അധികാരമില്ല.''  മാര്‍പ്പാപ്പ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പരമാദ്ധ്യക്ഷനാണെന്നു പറഞ്ഞപ്പോള്‍ ''അതുകൊണ്ടെന്താണ്?'' എന്നാണ് അവര്‍ തിരിച്ചുചോദിച്ചത്. അതായിരുന്നു ജയലളിത.

 

ഒടുവില്‍ കൂടെ 2016 ഡിസംബര്‍ അഞ്ചിന് തമിഴകത്തിന്റെ അമ്മ വിടവാങ്ങി. കൂടെ നിന്നവര്‍ മരണത്തിലും അവരെ ചതിച്ചോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ജയലളിത ഇല്ലാതെ അണ്ണാ ഡിഎംകെ രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ജയയുടെ കാല്‍പ്പാദങ്ങളില്‍ സാഷ്ടാംഗം വീഴുന്നതില്‍ മല്‍സരിച്ചിരുന്ന എടപ്പാടി പളനിസാമിയും ഒ പന്നീര്‍സെല്‍വവും തമ്മിലുള്ള പോരില്‍ പാര്‍ട്ടി ക്ഷയിച്ചു. എങ്കിലും എംജിആറും ജയലളിതയും പടുത്തുയര്‍ത്തിയ സംഘടന ഇന്നും കരുത്തോടെ ബാക്കിയുണ്ട്. ജയയുടെയും എംജിആറിന്റെയും ഓര്‍മകള്‍ തന്നെയാണ് ഇന്നും പാര്‍ട്ടിയുടെ ശക്തി. അത് പിടിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബിജെപിക്ക് വിലങ്ങുതടിയാകുന്നതും ജയയും എംജിആറും നടന്ന വഴികളില്‍ നിന്ന് മാറിനടക്കാന്‍ ഇപ്പോഴത്തെ നേതൃത്വത്തിനുള്ള ആശങ്ക കൊണ്ടാണ്. ജയ ഇല്ലാതിരുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ മണ്ഡലത്തില്‍പ്പോലും ജയിക്കാന്‍ എഐഎഡിഎംകെയ്ക്ക് കഴിഞ്ഞില്ല. 2014 ല്‍ നേടിയ 37 സീറ്റില്‍ നിന്നാണ് പാര്‍ട്ടി പൂജ്യത്തിലേക്ക് പതിച്ചത്. ഒരു തിരഞ്ഞെടുപ്പുകൂടി മുന്നിലെത്തുമ്പോള്‍ നയിക്കാന്‍ ജയയുടെ തണല്‍ ഇല്ലെന്ന യാഥാര്‍ഥ്യം അവരെ പേടിപ്പെടുത്തുകയാണ്. അവിടെയും ജയയുടെ ഓര്‍മകളെ മാത്രമേ ആശ്രയിക്കാനുള്ളു. അനുയായികള്‍ക്കും, ആരാധകര്‍ക്കും.

 remembering jayalalitha in her 7th death anniversery