അമേരിക്കയിലെ ഡാലസില്‍ കാണാതായ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനായുള്ള തിരച്ചിലിനിടെ പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സൂചന. ഷെറിന്റെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെ പുല്‍മേട്ടില്‍ നടന്ന തിരച്ചിലില്‍ ലഭിച്ച വസ്തുക്കള്‍ സംഭവവുമായി ബന്ധമുള്ളതാകാമെന്ന് പൊലീസ് സൂചന നല്‍കി.ഷെറിന്റെ പൗരത്വമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യമന്ത്രി മന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശം നല്‍കി.
അന്വേഷിക്കുന്നത് ആരെയെന്നോ എന്താണെന്നോ വ്യക്്തമാക്കാതെയായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍. ഷെറിന്‍റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്ലാന്‍ഡ് കോളജിനു സമീപത്തുള്ള പ്രദേശത്ത്, ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍. തിരച്ചിലിടയ്ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന മരക്കൂട്ടങ്ങള്‍ക്കിടയിലെത്തിയ അന്വേഷണസംഘം ഇവയ്ക്കിടയില്‍ നിന്ന് ചില വസ്തുക്കള്‍ ശേഖരിച്ചു. ഇവ പിന്നീട് പൊലീസ് വാഹനത്തിലേക്ക് മാറ്റി. തങ്ങള്‍ അന്വേഷിക്കുന്നതുമായി ബന്ധമുള്ള ചില വസ്തുക്കള്‍ ലഭിച്ചു എന്നു വ്യക്തമാക്കിയ പൊലീസ് വൃത്തങ്ങള്‍ എന്നാല്‍ ഇവ എന്താണെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പ്രദേശം മുഴുവന്‍ പൊലീസ് സംഘം അരിച്ചുപെറുക്കി പരിശോധിച്ചു.
റിച്ചാര്‍ഡ്സന്‍ നഗരത്തിലെ പൊലീസിനു പുറമെ സമീപ പ്രദേശങ്ങളായ ജോണ്‍സണ്‍ കൗണ്ടി, മാന്‍സ്ഫീല്‍ഡ് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും തിരച്ചിലില്‍ പങ്കെടുത്തു. കുട്ടിയെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുമ്പോഴും സമയം വൈകുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് പൊലീസ്.