bird-injury

TAGS

മിണ്ടാപ്രാണികളോടുള്ള ക്രൂരതയുടെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. ലോകത്തിന്റെ മുക്കിലും മൂലയിലും പക്ഷിമൃഗാദികളോടുള്ള ക്രൂരത അരങ്ങേറുന്നു. മൃഗങ്ങളെ വാഹനത്തിൽ കെട്ടിവലിച്ചും പട്ടിണിക്കിട്ടും പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങൾ പുറത്തു വരുന്നു. 

 

ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ അമ്പു തുളഞ്ഞുകയറി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കൊക്കറ്റു പക്ഷിസ്നേഹികളുടെ ഉള്ള് നോവിക്കുന്നതാണ്. പക്ഷിയുടെ ചിത്രങ്ങൾ കാണുന്നവരിൽ വിങ്ങലുണ്ടാക്കുന്നു. മൃഗസംരക്ഷണ പ്രവർത്തകനും എംപിയുമായി ആൻഡി മെഡ്ഡിക്ക് ആണ് ദാരുണമായ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

 

അമ്പെയ്ത് ജീവികളെ വേട്ടയാടുന്ന രീതി വിക്ടോറിയയിൽ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ആൻഡി മെഡ്ഡിക്ക് വ്യക്തമാക്കി. ശക്തമായ നിയമങ്ങൾ കൊണ്ട് മാത്രമേ ജീവജാലങ്ങൾക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാൻ കഴിയൂ. അമ്പെയ്ത്തു നിരോധനം അതിൽ പ്രധാനമാണ്. ഇത്തരം ദുരന്തങ്ങൾ‍ ആവർത്തിക്കാതിരിക്കാനും അവയ്ക്കെതിരെ തടയിടാനും ഇതിലൂടെ സാധിക്കുമെന്നും മെഡ്ഡിക്ക് പാർലമെന്റിൽ വ്യക്തമാക്കി.

 

തുളച്ചുകയറിയ അമ്പുമായി ജീവിക്കുന്ന കൊക്കറ്റുവിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പക്ഷിയെ പിടികൂടാൻ രണ്ട്തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു കൊക്കറ്റുവിനെ വാൽഡിലിനനിലോ മൗണ്ട് ഈവ്‌നിലോ കണ്ടാൽ ഉടൻതന്നെ മൃഗസംരക്ഷണപ്രവർത്തകരെ വിവരമറിയിക്കണമെന്നും പൊതുജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടയിൽ നെഞ്ചിലൂടെ തുളച്ചുകയറിയ അമ്പുമായി മറ്റൊരു കൊക്കറ്റൂവിനെയും കണ്ടെത്തിയിരുന്നു. ഇതിനെ പിടികൂടുകയും മുറിവ് ഗുരുതരമായതിനാൽ ദയാവധത്തിനു വിധേയമാക്കുകയും  ചെയ്തു.

 

ഓർക്കുക, എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. അവയെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക.