കേരളത്തില്‍ വീണ്ടും നോറോവൈറസ് ബാധ. ഇത്തവണ കൊച്ചിയിലാണ് തുടക്കം. അതിവേഗം വ്യാപിക്കാന്‍ ശേഷിയുള്ളതിനാല്‍ നല്ല കരുതല്‍ വേണം. വൈറസിനെക്കുറിച്ച് അറിയുകയാണ് പ്രതിരോധത്തിലെ ഒന്നാമത്തെ ഘടകം. എന്താണ് നോറോവൈറസ്? അത് ബാധിച്ചാല്‍ എന്തൊക്കെ സംഭവിക്കും? എന്താണ് ചികില്‍സ?
എന്താണ് നോറോവൈറസ് ?
വളരെപ്പെട്ടെന്ന് വ്യാപിക്കുന്ന ഒരു സ്റ്റമക് ഫ്ലൂ വൈറസാണ് നോറോവൈറസ്. 1968ല്‍ അമേരിക്കയില്‍ ഒഹായോ സംസ്ഥാനത്തെ നൊവോക്കിലാണ് ആദ്യം ഈ വൈറസിനെ കണ്ടെത്തിയത്. നഗരത്തില്‍ ഛര്‍ദിയും വയറിളക്കവും പടര്‍ന്നുപിടിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് വൈറസിനെ കണ്ടെത്തിയത്. അന്ന് അതിനെ നൊവോക് വൈറസ് എന്നാണ് ലോകം വിളിച്ചത്. പിന്നീട് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന മറ്റനേകം സ്റ്റമക് ഫ്ലൂ വൈറസുകളെ കണ്ടെത്തി. അവയെ എല്ലാം ചേര്‍ത്താണ് ഇപ്പോള്‍ നോറോവൈറസ് എന്നറിയപ്പെടുന്നത്. ശീതകാലത്താണ് നോറോവൈറസ് ബാധ കൂടുതല്‍ ഉണ്ടാകാറുള്ളത്. അതുകൊണ്ട് ഇതിനെ വിന്റര്‍ വൊമിറ്റിങ് ബഗ് എന്നും വിളിക്കാറുണ്ട്.
രോഗം വരുന്നതെങ്ങനെ?
മലിനമായ ഭക്ഷണം, ശുദ്ധമല്ലാത്ത കുടിവെള്ളം എന്നിവയിലൂടെയാണ് പ്രധാനമായും രോഗം വരുന്നത്. നോറോവൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കൈകള്‍ കഴുകാതെ വായില്‍ തൊട്ടാല്‍ രോഗം പകരും. രോഗബാധിതരുമായി അടുത്തിടപഴകിയാലും നോറോവൈറസ് ബാധിക്കും. ചൂടുള്ളതും തണുപ്പുള്ളതുമായ പ്രതലങ്ങളില്‍ ജീവിക്കാന്‍ ശേഷിയുള്ള വൈറസ് ആയതിനാല്‍ ഇതിനെ നശിപ്പിക്കാന്‍, ശക്തിയുള്ള ഡിസ്–ഇന്‍ഫെക്റ്റന്റുകള്‍ വേണ്ടിവരും.
ലക്ഷണങ്ങള്‍
ഛര്‍ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണുബാധിച്ച് 12 മുതല്‍ 48 മണിക്കൂറിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ മനംപിരട്ടലും വയറുവേദനയും ഉണ്ടാകും. ഛര്‍ദിയും വയറിളക്കവും കാരണമുള്ള നിര്‍ജലീകരണവും സാധാരണയാണ്. പലര്‍ക്കും തലവേദനയും നേരിയ പനിയും പേശിവേദനയും ഉണ്ടാകാറുണ്ട്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ മാറും. എന്നാല്‍ പിന്നീടുള്ള ആഴ്ചകളിലും രോഗിയുടെ ശരീരസ്രവങ്ങളിലൂടെ രോഗാണു പുറത്തുവരുന്നത് തുടരും. ചിലര്‍ക്ക് വൈറസ് ബാധിച്ചാലും രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ അവരില്‍ നിന്ന് രോഗം പകരും.
ചികില്‍സ
നോറോവൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികില്‍സയില്ല. രോഗം സ്വയം ഭേദപ്പെടുകയാണ് പതിവ്. വിശ്രമവും ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കലുമാണ് പ്രധാന ചികില്‍സ. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. ജലാംശം കൂടുതലുള്ള, ദഹനത്തെ ബാധിക്കാത്ത പഴവര്‍ഗങ്ങളും കഴിക്കാം. നിര്‍ജലീകരണം അമിതമാകാന്‍ അനുവദിച്ചാല്‍ മാത്രമേ അപകടാവസ്ഥ ഉണ്ടാകാറുള്ളു. ചെറിയ കുട്ടികള്‍, പ്രായാധിക്യമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും നോറോവൈറസ് ബാധിച്ചാല്‍ അതീവശ്രദ്ധ പുലര്‍ത്തണം.
രോഗപ്രതിരോധം
വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം. കോവിഡ് കാലത്ത് പഠിച്ച പാഠങ്ങള്‍ വളരെ ഗുണം ചെയ്യും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശൗചാലയം ഉപയോഗിച്ചശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രമേ കഴിക്കാവൂ. തിളപ്പിച്ചാറ്റിയതോ സുരക്ഷിതമെന്ന് ഉറപ്പുള്ളതോ ആയ വെള്ളം മാത്രം കുടിക്കുക. കക്ക, ചിപ്പി പോലുള്ള ഷെല്‍ ഫിഷ് വളരെ നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക. സുരക്ഷിതമല്ലാത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക.
രോഗികള്‍ ചെയ്യേണ്ടത്
രോഗബാധിതര്‍ വീടുകളില്‍ത്തന്നെ വിശ്രമിക്കുക. പരമാവധി വ്യക്തിശുചിത്വം പാലിക്കുക. വീട്ടിലുള്ളവരുമായി ശാരീരിക അകലം പാലിക്കുക. നിര്‍ജലീകരണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉപയോഗിച്ച വസ്ത്രങ്ങളടക്കമുള്ളവ അത്യന്തം ശുചിയാക്കിവയ്ക്കുക. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ മാറുന്നില്ലെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യണം.
ശ്രദ്ധിക്കേണ്ട ഇടങ്ങള്‍
രോഗികളില്‍ നിന്ന് പുറത്തുവരുന്ന സ്രവങ്ങളുടെ ചെറുകണികകളില്‍പ്പോലും വലിയതോതില്‍ വൈറസ് ലോഡ് ഉണ്ടാകും. അതുകൊണ്ടാണ് വളരെപ്പെട്ടെന്ന് രോഗം പടരുന്നത്. പൊതുസ്ഥലങ്ങള്‍, ഹോസ്റ്റലുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്. ഭക്ഷണ വിപണി നാള്‍ക്കുനാള്‍ വിപുലമാകുന്ന സാഹചര്യത്തില്‍ ഇതിന്റെ എല്ലാ ചെയിനുകളിലും ശുചിത്വകാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധ ആവശ്യമായി വരും.
കോവിഡ് പോലെ ജീവന് അപകടമുണ്ടാക്കുന്ന വൈറസല്ല. എന്നാല്‍ അശ്രദ്ധയുണ്ടായാല്‍ നോറോവൈറസും അപകടകാരിയാകും. പ്രത്യേകിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക്. കരുതലും ജാഗ്രതയും കൊണ്ട് നോറോവൈറസ് ഉയര്‍ത്തുന്ന ഭീഷണിയെയും നമുക്ക് മറികടക്കാം.
Norovirus in kochi