നാട് ഭരിക്കാന്‍, ഭരണകൂടത്തെ നയിക്കാന്‍ ഒരാളെ നാടകീയമായി കണ്ടെത്തേണ്ടിവരിക. ഒരുപാട് ഘടകങ്ങള്‍ പരിഗണിച്ച്, ആലോചിച്ചെടുക്കേണ്ട ഒരു രാഷ്ട്രീയ തീരുമാനമാണ് അത്. പക്ഷെ രാജീവ് ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് വിധിയായിരുന്നു. വിധിയുടെ തീരുമാനത്തിന് രാഷ്ട്രീയ അംഗീകാരം നല്‍കുക എന്ന ദൗത്യം മാത്രമേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ഉണ്ടായിരുന്നുള്ളൂ. രാജീവ് ഗാന്ധിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഇന്ദിരഗാന്ധി എന്ന വന്മരത്തിന്‍റെ പതനം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ ആദ്യ പ്രകമ്പനമായിരുന്നു ആ തീരുമാനം. 

 

1984 ഒക്ടോബര്‍ 31 ന് രാവിലെ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരഗാന്ധി കൊല്ലപ്പെടുമ്പോള്‍ പശ്ചിമബംഗാളിലായിരുന്നു രാജീവ്. പകരക്കാരനെ കണ്ടെത്താന്‍ കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രാജീവിനെ തിരഞ്ഞെടുത്തു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം പ്രണബ് മുഖര്‍ജിയുടെ പേര് ഒരുഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും നാല്‍പതുകാരനായ രാജീവിനായിരുന്നു പിന്തുണ കൂടുതല്‍. 

 

രാജീവിനാവെട്ടെ അര്‍ധമനസും. ഭാര്യ സോണിയ ഗാന്ധിയുടെ വിയോജിപ്പായിരുന്നു അതിന് പ്രധാനകാരണം. അവര്‍ രാജീവിനെ പിന്തിരിപ്പിക്കാന്‍ ആവുംവിധം ശ്രമിച്ചു. എന്നാല്‍ പിന്നീട് നാളിതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നീക്കങ്ങള്‍ക്കായിരുന്നു ഇന്ത്യ സാക്ഷ്യം വഹിച്ചത്.