ഉറ്റവര്‍ പോയതിന്‍റെ ഇല്ലാതായതിന്‍റെ സങ്കടക്കടലില്‍ ചില മനുഷ്യര്‍. ഒരു കൂട്ടര്‍ കടലിലെ അപകടത്തില്‍ മരണപ്പെട്ടവര്‍. മറ്റൊരു കൂട്ടര്‍ റോഡില്‍ പ്രാണരക്ഷാര്‍ഥം ആശുപത്രിയിലേക്ക് കുതിച്ചുപായുന്നതിനിടയില്‍ പ്രാണന്‍ കത്തിയെരിഞ്ഞവര്‍. ബന്ധുക്കളും അടുപ്പക്കാരും കടലിനും കരയ്ക്കുമിടയില്‍ കണ്ണീര്‍ തോര്‍ത്തി സങ്കടം പൊഴിക്കുന്നു. രണ്ടപകടങ്ങളാണ് തിങ്കളും ചൊവ്വയും മലയാളികളെ ഞെട്ടിച്ചത്. ഒന്ന് ചാവക്കാടിന് സമീപം കടലില്‍ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് മരണപ്പെട്ടത് രണ്ട് മല്‍സ്യത്തൊഴിലാളികളാണ്. മറ്റൊന്ന് ചൊവ്വ പുലര്‍ച്ചെ കോഴിക്കോട് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തിയമര്‍ന്നത്. രോഗി വെന്തുമരിച്ചു. ഉളളുലയ്ക്കുന്ന രണ്ട് അപകടങ്ങള്‍. ഹൃദയം വിറങ്ങലിപ്പിച്ച മരണങ്ങള്‍.