തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഭയപ്പെട്ട ദുരന്തം സംഭവിക്കുന്നത് ശനിയാഴ്ച ഉച്ചയോടെയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യം നീക്കാൻ തോട്ടിൽ ഇറങ്ങിയ ശുചീകരണ തൊഴിലാളിയായ മാറായമുട്ടം സ്വദേശി ജോയിയെ കാണാതായി.
ഈ മാലിന്യകൂമ്പാരത്തിലേക്ക് 52 വയസുള്ള ജോയി മുങ്ങിത്താഴുന്നത് രാവിലെ പതിനൊന്ന് മണിയോടെയാണ്. രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് ജോയിയും മാലിന്യം നീക്കാൻ ഇറങ്ങിയത്. മഴ പെയ്തപ്പോൾ മറ്റ് രണ്ടുപേർ കരയ്ക്ക് കയറിയെങ്കിലും ജോയി ജോലി തുടർന്നു. പെട്ടെന്ന് വെള്ളം ഉയർന്നു. ജോയി മുങ്ങിത്താഴുന്നതിന് സാക്ഷിയായി കരാറുകാരൻ കുമാർ.
അപകടം നടന്ന സ്ഥലത്ത് നിന്ന് റെയിൽവേ സ്റ്റേഷന്റെ അടിയിലൂടെയുള്ള 150 മീറ്ററുള്ള തുരങ്കത്തിലേക്ക് ജോയി ഒഴുകിപ്പോയിട്ടുണ്ടാകാമെന്ന് ആദ്യമേ ഫയർഫോഴ്സ് നിഗമനത്തിലെത്തി. എന്നാൽ, തുരങ്കത്തിൽ മാലിന്യം നിറഞ്ഞതും വെട്ടവും വായുമില്ലാത്തതും നീന്തൽ വിദഗ്ധരുടെ തിരച്ചിൽ ദുഷ്കരമാക്കി. ഫയർഫോഴ്സ് സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും ആദ്യദിവസം ജോയിയെ കണ്ടെത്താനായില്ല. ജെന്‍ റോബോട്ടിക്സിന്‍റെ രണ്ട് റോബോട്ടുകള്‍ ഉപയോഗിച്ചും തിരച്ചില്‍ തുടര്‍ന്നു.
ആ അമ്മയ്ക്കൊപ്പമുള്ള കാത്തിരിപ്പിലാണ് ഈ നാടുമുഴുവന്‍ പിറ്റേന്ന് ഉണര്‍ന്നെണീറ്റത്. ജോയിയെ കിട്ടിയോ എന്ന് ഓരോരുത്തരും പരസ്പരം അന്വേഷിച്ചു. എന്‍.ഡി.ആര്‍.എഫിന്‍റെ നേതൃത്വത്തിലാണ് രണ്ടാംദിനത്തിലെ തിരച്ചില്‍ ആരംഭിച്ചത്. 30 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഏഴുമണിയോടെ തോട്ടില്‍ ഇറങ്ങി. മാലിന്യം നീക്കലാണ് ആദ്യഘട്ടം. റോബോട്ടിക് യന്ത്രത്തിന്‍റെകൂടി സഹായത്തോടെയാണ് മാലിന്യം നീക്കുന്നത്. തോട്ടിലെ തുരങ്കത്തില്‍ ജോയ് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കരുതലില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
ജോയിയുടെ ജീവന്‍റെ തുടിപ്പുതേടി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമായ സാഹചര്യത്തിലും പൂര്‍വ്വാധികം നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോയി.
മാലിന്യം നീക്കിയശേഷം രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തിലേക്ക് ഇറങ്ങി. തുരങ്കത്തിലൂടെ ജോയ് അധികദൂരം പോയിട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍ ആയിരുന്നു ആ ഓപ്പറേഷന്‍. ഫയര്‍ ഫോഴ്സിന്‍റെ സ്കൂബ ടീം പ്ലാറ്റ്ഫോമിനിടയിലെ മാന്‍ഹോളില്‍ ഇറങ്ങി. സ്കൂബ ടീമിന് ഇറങ്ങാന്‍ ട്രെയിന്‍ മാറ്റിക്കൊടുത്തു റെയില്‍വേ. തോടിനടിയില്‍ നിറയെ പാറക്കെട്ടുകളാണ്. പാറക്കെട്ടുകള്‍ക്കിടയില്‍ മാലിന്യം കെട്ടിക്കിടക്കുകയും ചെയ്യുന്നു. പാറക്കെട്ടുകള്‍ക്കും മാലിന്യത്തിനും ഇടയിലൂടെ സഞ്ചരിക്കല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഒന്നും മൂന്നും പ്ലാറ്റ്ഫോമുകള്‍ക്കിടയിലെ മാന്‍ഹോളില്‍ പരിശോധിച്ചെങ്കിലും ജോയിയെ കണ്ടെത്താനായില്ല. പരിശോധന കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിപ്പിക്കേണ്ടി വന്നു.
വൈകീട്ട് നാലുമണിയോടെ ജോയിക്കായുള്ള തിരച്ചില്‍ പ്രധാന ഘട്ടത്തിലേക്ക് കടന്നു. രക്ഷാപ്രവര്‍ത്തനം മുപ്പതാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ ഏറെ ശ്രമകരമായ ദൗത്യത്തിലേക്ക് കടന്നു സ്കൂബ, അഗ്നിരക്ഷാസേന സംഘങ്ങള്‍. തുരങ്കത്തിന്റെ പിന്‍ഭാഗത്ത് നിന്ന് വീണ്ടും പരിശോധന തുടങ്ങിയ സ്കൂബാ സംഘം 35 മീറ്ററോളം അകത്തേക്ക് കടന്ന് പരിശോധന നടത്തി. തുടര്‍ന്ന് നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ മാന്‍ഹോള്‍ വരെയെത്തിയ സംഘം മാന്‍ഹോളില്‍ ഇറങ്ങി വീണ്ടും അകത്തേയ്ക്ക് പരിശോധന തുടര്‍ന്നു. അവസാന 17 മീറ്ററില്‍ പരിശോധന. തുരങ്ക കനാലിന്റെ 117 മീറ്റര്‍ പരിശോധന ഇതോടെ പൂര്‍ത്തിയാകും. തുരങ്ക കനാലിലെ പരിശോധന ഇന്നുതന്നെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എന്‍ഡിആര്‍എഫ് സംഘവും തിരച്ചിലിനുണ്ട്. നേരത്തെ റോബോട്ടിക് ക്യാമറയില്‍ അടയാളം കണ്ട സ്ഥലത്ത് ജോയി ഇല്ലെന്ന് സ്കൂബ സംഘം നേരിട്ട് പോയി സ്ഥിരീകരിച്ചിരുന്നു. ടണലിന്റെ 117 മീറ്റര്‍ നീളത്തിലുള്ള പരിശോധന അതിനകം പൂര്‍ത്തിയാക്കിയിരുന്നു.
മേല്‍ത്തട്ടിലെ പരിശോധനയാണ് പൂര്‍ത്തിയാക്കിയത്. അടിത്തട്ടില്‍ വീണ്ടും പരിശോധിക്കാനുള്ള തയ്യാറെടുപ്പും തുടങ്ങി. ചെളി നീക്കാന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യാന്‍ തീരുമാനമെടുത്തു. മുക്കാല്‍ മീറ്റര്‍ ഉയരത്തിലാണ് ചെളി അടിഞ്ഞിരിക്കുന്നത്. അഗ്നി രക്ഷാസേനയുടെ കൂടുതല്‍ ടീമുമെത്തി. വെള്ളം പമ്പുചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞെന്ന് മേയര്‍ വിശദീകരിച്ചു.
തിരച്ചിലിന് നാവികസേനയും എത്തി. ഏഴുമണിയായിട്ടും ആദ്യരണ്ടുഘട്ട തിരച്ചിലിന് ഫലമൊന്നും കാണാതായതോടെ മൂന്നാംഘട്ട തിരച്ചിലിലേക്ക് കടന്നു. ജലസേചന വകുപ്പിന്‍റെ സഹായത്തോടെ തടയണ കെട്ടിയാണ് മൂന്നാംഘട്ട തിരച്ചില്‍. വെള്ളം കെട്ടി നിര്‍ത്തിയ ശേഷം തുറന്നുവിട്ട് ചെളി നീക്കാന്‍ ആരംഭിച്ചു.
ഇതിനിടെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാത്തതില്‍ കോര്‍പറേഷനും റയില്‍വേയും തര്‍ക്കം തുടങ്ങി. പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തോട്ടിലെ മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് മേയര് നേരത്തെ പറഞ്ഞിരുന്നു. അന്ത്യശാസനം നൽകിയ ശേഷമാണ് കരാറുകാരനെ വച്ച് ശുചീകരണം തുടങ്ങിയതെന്നും മേയർ മനോരമന്യൂസിനോട് പറഞ്ഞു. എന്നാൽ, റെയിൽവേയുടെ സ്ഥലത്തിന് പുറമേ ആമയിഴഞ്ചാൻ തോട്ടിലാകെ മാലിന്യമുണ്ടല്ലോയെന്ന ചോദ്യത്തിന് തോട് മേജർ ഇറിഗേഷൻ വകുപ്പിലാണെന്ന് മറുപടി പറഞ്ഞ് മേയർ കൈകഴുകി.
മാലിന്യം നീക്കുന്നതിന്‍റെ ഉത്തരവാദിത്തം കോര്‍പറേഷനെന്ന് റെയില്‍വേ. കോര്‍പറേഷന്‍ തലത്തില്‍ ഏകോപനം ആവശ്യമെന്ന് എ.ഡി.ആര്‍.എം എം.ആര്‍.വിജി വിശദീകരിച്ചു. റെയില്‍വേയെ മാത്രമായി കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ശുചീകരണത്തിന് കോര്‍പറേഷന് അനുവാദം നല്‍കിയില്ലെന്ന വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ശുചീകരണത്തിന് റയില്‍വേയോട് അനുവാദം ചോദിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് മറുപടിയുമായി മേയറെത്തി.
റയില്‍വേയുടെ അധീനതയിലുള്ള ഭാഗം വൃത്തിയാക്കേണ്ടത് റയില്‍വേ തന്നെയെന്നും മേയര്‍ വാദിച്ചു. തോടിന്‍റെ ശുചികരണത്തില്‍ റെയിൽവേയ്ക്കും, കോർപ്പറേഷനും, ഇറിഗേഷൻ വകുപ്പിനും കൂട്ട ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രതികരണം.
സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ ഇരയാണ് ജോയിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയിലും ആ മാലിന്യം നിറഞ്ഞുറച്ചുപോയ തോട്ടില്‍ ജോയിയെ കണ്ടെത്താനാവുമെന്ന വിശ്വാസത്തില്‍ തിരിച്ചില്‍ തുടരുകയാണ്. കേരളം ഇതുവരെ കാണാത്ത സമാനതയില്ലാത്ത രക്ഷാദൗത്യവുമായി മുന്നോട്ട് പോവുന്ന ദൗത്യസംഘാംഗങ്ങള്‍. മറുവശത്ത് ജോയിയെ കാത്തിരിക്കുന്ന ആ അമ്മയ്ക്കൊപ്പം ഒരു നാടാകെ.