കര്‍ണാടകയില്‍ നിന്ന് തടി കൊണ്ടുവരാന്‍ ലോറിയുമായി പോയ അര്‍ജുന്‍ പന്‍വേല്‍–കന്യാകുമാരി ദേശീയ പാതയില്‍ അപകടത്തില്‍ പെടുന്നത് ഏഴുദിവസം മുന്‍പായിരുന്നു.  കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ മുപ്പതുകാരന്‍ അര്‍ജുന്‍ സഞ്ചരിച്ച ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.  ചായകുടിക്കാനും സമീപത്തെ പുഴയില്‍ കുളിക്കാനുമൊക്കെയാണ് ദീര്‍ഘദൂര യാത്രക്കാരായ ലോറി ഡ്രൈവര്‍മാര്‍ ഇവിടെ വാഹനം നിര്‍ത്താറുള്ളത്. അന്നത്തെ ആ കനത്ത മണ്ണിടിച്ചിലില്‍ ദേശീയപാതയോരത്തെ ചായക്കടക്കാരനും കുടുംബവുമടക്കം പത്തുപേര്‍ മരിച്ചെന്നാണ് സ്ഥിരീകരണം. മല ചെത്തി റോഡ് വിശാലമാക്കിയതില്‍ ആശാസ്ത്രീയതയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് കനത്ത മണ്ണിടിച്ചില്‍ ദുരന്തം.  അര്‍ജുനെ കാണാതായ അന്നുതന്നെ കുടുംബവും ലോറി ഉടമ മനാഫും കര്‍ണാടക പൊലീസില്‍ പരാതി നല്‍കി. പക്ഷേ, പൊലീസ് ആ പരാതി കാര്യമായിട്ടെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. കനത്ത മഴയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കാമെന്ന ആശങ്കയില്‍ ആദ്യ രണ്ടുദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി നടന്നില്ലെന്നാണ് ആരോപണം. പൊലീസ് നോക്കിനിന്നെന്ന് കുടുംബം ആരോപിക്കുന്നു. പക്ഷേ, സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

കാണാതായി മൂന്നാം ദിനമാണ് അല്‍പമെങ്കിലും ആത്മാര്‍ഥതയോടെ തിരച്ചില്‍  തുടങ്ങിയത്. ദേശീയ പാതയോരത്ത് ഇടിഞ്ഞുവീണ മണ്ണിനടിയില്‍ ലോറിയുണ്ടോയെന്നായിരുന്നു ആദ്യ പരിശോധന. അര്‍ജുനെ കാണാതായ ദിവസവും അടുത്ത ദിവസവും ഫോണ്‍ റിങ് ചെയ്തിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. മണ്ണിനടിയില്‍പെട്ട വാഹനത്തിനുള്ളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്ന വിശ്വാസത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടിയതും ഇതുതന്നെയായിരുന്നു. കനത്ത മഴയേയും മണ്ണിടിച്ചില്‍ ഭീതിയേയും അതിജീവിച്ച് മണ്ണ് മാറ്റുകയെന്നതായിരുന്നു ആദ്യദിവസങ്ങളിലെ വെല്ലുവിളി. മണ്ണ് മാറ്റുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന പരാതികള്‍ക്കിടെയായിരുന്നു പൊലീസിന്‍റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം.

അങ്ങനെ ഇടിഞ്ഞുവീണ മണ്ണ് ഏറെക്കുറെ മാറ്റിയിട്ടും ലോറി കണ്ടെത്താനായില്ലെന്നത് ആശങ്കകൂട്ടി. പക്ഷേ, ഇടിഞ്ഞുവീണ മണ്ണിന്‍റെ വ്യാപ്തി വലുതായിരുന്നുവെന്ന് പുഴയുടെ മറുകരയില്‍ നിന്നാല്‍ വ്യക്തമാകും. ഏകദേശം മൂന്നുനില കെട്ടിടത്തിന്‍റെ ഉയരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയും കാറ്റുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. വീണ്ടും മണ്ണിടിഞ്ഞുവീഴാമെന്ന ആശങ്ക തലയ്ക്ക് മുകളില്‍ തുടരുന്നു. ഇടിഞ്ഞുവീണ മണ്ണിനടിയില്‍ ലോറി അകപ്പെട്ടിട്ടില്ലെങ്കില്‍ പിന്നീടുള്ള സാധ്യത, പുഴയില്‍ ഒഴുകിപ്പോയിരിക്കാമെന്നതാണ്. അത് മറ്റൊരാശങ്കയാണ്. കാരണം, 25 അടിയോളം താഴ്ചയുള്ള പുഴയിലാകട്ടെ കനത്ത കുത്തൊഴുക്കാണുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ പുഴയില്‍ വീണ ഒരാളുടെ മ‍ൃതദേഹം കണ്ടെത്തിയത് 40 കിലോമീറ്റര്‍ അകലെ നിന്നായിരുന്നുവെന്നത് തന്നെ ആശങ്കപ്പെടുത്തുന്ന സാഹചര്യം വരച്ചുകാട്ടുന്നതാണ്. 

കുടുംബം ആവശ്യപ്പെട്ടത് പ്രകാരം കരസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി.  തിരച്ചിലിനായി സൈന്യത്തിന്‍റെ ശക്തിയേറിയ റഡാറാണുപയോഗിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തിരിച്ചിലില്‍ പ്രതീക്ഷയേകി റഡാറില്‍ നിഗ്നല്‍ തെളിഞ്ഞെങ്കിലും സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് ലോറിഇല്ലെന്ന് തെളിഞ്ഞു. ആറു മീറ്റര്‍വരെയും  15 മീറ്റര്‍ വരെയും  സിഗ്നല്‍ ലഭിക്കുന്ന  രണ്ട് റഡാറുകള്‍ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചില്‍. ലഭിക്കുന്ന സിഗ്നലുകള്‍ കേന്ദ്രീകരിച്ച് വളരെ വേഗം മണ്ണ് മാറ്റിയാല്‍ ഫലമുണ്ടാകുമെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.

മണ്ണിനടിയിൽ ലോറിയില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സൈന്യം സ്ഥിരീകരിച്ചു. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലഭിച്ച സിഗ്നലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

പുഴയോരത്തെ ചെറിയ മണ്‍കൂനകള്‍ കൂടി പരിശോധിച്ച ശേഷമാണ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്. എങ്കിലും പ്രതീക്ഷ കൈവിടില്ലെന്ന്  കാര്‍വാര്‍ എം.എല്‍.എ. സതീഷ് സെയില്‍ പറഞ്ഞു. പുഴയില്‍ പരിശോധനയ്ക്കായി പുതിയ യന്ത്രങ്ങള്‍ എത്തിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. 

അതിനിടെ അര്‍ജുനെ കണ്ടെത്താനുളള കരയിലെ തിരച്ചില്‍ പൂര്‍ത്തിയായെന്ന് വ്യക്തമാക്കി മടങ്ങാനാണ് സൈന്യത്തിന്‍റെ നീക്കം. . മൂന്നുനാളായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സംഘമാണ് മടങ്ങുന്നത്.  അര്‍ജുനെ കണ്ടെത്താനുളള കരയിലെ തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്നാണ് വാദം.  സൈന്യത്തിന്റെ മടക്കം മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചത് കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിലാണ്. അതിനര്‍ഥം ഇനിയുള്ള തിരച്ചില്‍ നദിയില്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് വ്യക്തം. ഏഴാം ദിനവും പിന്നിടുമ്പോള്‍ ഇന്നെങ്കിലും ഒരുത്തരമുണ്ടാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്, ആഗ്രഹിച്ചത്. പക്ഷേ, ഫലം നിരാശപ്പെടുത്തുന്നതായിരുന്നു. ഇനി നാളെ രാവിലെ വീണ്ടും തിരച്ചില്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എട്ടാം ദിനമെങ്കിലും ഒരു നല്ല വാര്‍ത്ത കേള്‍ക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

മലയോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന 25 ടണ്ണിലേറെ ഭാരമുള്ള അര്‍ജുന്റ ലോറി റോഡിന് മറുവശത്തെ ഗംഗാവലിപ്പുഴയില്‍ പതിക്കുമോ.അങ്ങനെ പതിച്ചെങ്കില്‍ ചിതറിത്തെറിച്ച ഒരു തടിക്കഷണമെങ്കിലും കണ്ടേത്തേണ്ടതല്ലേ. ഉത്തരമില്ലാതെ നിരാശയുടെ ഒരു പകല്‍ കൂടി ഒടുങ്ങുമ്പോള്‍ 480 കിലോമീറ്റര്‍ ഇപ്പുറത്ത് കണ്ണാടിക്കലിലെ വീട്ടില്‍ അര്‍ജുന്‍ ജീവനോടെ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുയാണ് കുടുംബം.  അർജുൻ എവിടെയെന്നതിൽ ഏഴാം നാളും ഉത്തരമില്ലാത്തതിൻ്റെ ആശങ്കയാണ് എല്ലാവരുടെയും മുഖത്ത്. കാണാമറയത്ത് ആയ മകനെ ഓർത്ത് വിങ്ങിപൊട്ടുന്ന  അച്ഛൻ. അർജുൻ്റെ രണ്ടര വയസുകാരൻ മകൻ അയാൻ . വീട് കര പിടിപ്പിച്ച് അത്താണിയായി മാറിയവനെ ഓർത്ത് വേദന തിന്നുന്ന അമ്മയും ഭാര്യയും സഹോദരങ്ങളും. ഉള്ളു നീറുന്ന കാഴ്ച്ചയ്ക്ക് ഇന്നും മാറ്റമില്ല 

അതിനിടെ ഷിരൂരിലെ  രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാവാൻ കോഴിക്കോട് മുക്കത്ത് നിന്നും ബാലുശേരിയിൽ നിന്നുമടക്കമുള്ള സംഘങ്ങൾ ഷിരൂരിലേത്തി. രക്ഷാപ്രവർത്തനത്തിൽ ഇവരും പങ്കാളികളാകും.രക്ഷാപ്രവര്‍ത്തനത്തിന്‍റെ തുടക്കം മുതല്‍ പൊലീസിനെതിരെ കൃത്യവിലോപം അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തന സ്ഥലത്തെത്തിച്ച റഡാറിനൊപ്പം സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് എം.നാരായണയുടെ നടപടി പ്രതിഷേധത്തിനിടയാക്കി. ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്ന് മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിക്കുന്നുണ്ട്. കര്‍ണാടക പൊലീസിന്‍റേതടക്കം സമൂഹമാധ്യമ പേജുകളില്‍ സേവ് അര്‍ജുന്‍ ഹാഷ് ടാഗ് സജീവമാണ്. 

അതിനിടെ, അർജുന്റെ ജീവൻ രക്ഷിക്കാൻ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതിയിലെത്തിയെങ്കിലും കോടതി ഇടപെട്ടില്ല. കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.  ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി.  രക്ഷാപ്രവർത്തനത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ  കെ.ആർ.സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരുന്നത്.  അങ്ങനെ പ്രതീക്ഷകളുടെ മേല്‍ നിരാശയുടെ കരിനിഴല്‍ വീഴ്ത്തി ഒരു ദിനം കൂടി കടന്നുപോകുന്നു. അടുത്തദിനമെങ്കിലും ആശാവഹമായൊരു വാര്‍ത്ത കേള്‍ക്കാനാകണമെയെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായണ് അര്‍ജുന്‍റെ കുടുംബവും നാട്ടുകാരും ലോകമെമ്പാടുമുള്ള മലയാളികളും. ആ പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരുന്നൊരു ദിവസമായിരിക്കട്ടെ നാളെയെന്നാണ് എല്ലാവരുടേയും ആഗ്രഹം...പ്രാര്‍ഥനയും. 

Arjun rescue operation Karnataka: