അര്‍ജുന്റെ കണ്ടെത്തി ഒരാഴ്ചയെത്തുമ്പോള്‍ സീന്‍ പാടേ മാറുകയാണ്. മനാഫിനെ ചൂണ്ടി ഇതാ ഒരു മനുഷ്യന്‍ എന്ന് അഭിമാനിച്ച സമൂഹത്തിനുമുന്നില്‍ വീണ്ടും അര്‍ജുന്റെ കുടുംബമെത്തി, ഇത്തവണ പക്ഷെ, പറയാനുണ്ടായിരുന്നത് കടപ്പാടിനെകുറിച്ചായിരുന്നില്ല. മനാഫിനെകുറിച്ചായിരുന്നു. വൈകാരികത മനാഫ് ചൂഷണം ചെയ്തത്രെ. കുറ്റപത്രത്തില്‍ താളുകള്‍ കുറച്ചേറെയുണ്ടായിരുന്നു. ഓരോന്നും കേട്ട് സമൂഹം സ്തംഭിച്ചുനിന്നു. അര്‍ജുനുവേണ്ടി ഒന്നിച്ച അതേ സമൂഹം അര്‍ജുനെച്ചൊല്ലി കലഹിക്കുന്നതിലേക്ക് അതെത്തി. മനുഷ്യന്‍ എന്ന വാക്കിനും പകരം ജാതിയും മതവും രാഷ്ട്രീയവും നിറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നല്ല തല്ലാണ്, അര്‍ജുനച്ചൊല്ലി.

പ്രതീക്ഷിക്കാതിരുന്ന കാര്യങ്ങള്‍. മനസുകൊണ്ട് അടുപ്പം പുലര്‍ത്തുന്നവരെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് അര്‍ജുന്റെ കുടുംബവും മനാഫും ഇരുഭാഗത്തേക്ക് മാറിനിന്നത്. അ‍ര്‍ജുന്‍റെ സംസ്കാരം കഴിഞ്ഞ് നാലാം ദിനമാണ് മനാഫിനെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തുന്നത്. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണംചെയ്യുന്നുവെന്നും അര്‍ജുന്‍റെ പേരില്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നുമാണ് ആരോപണം. എന്നാല്‍ അഞ്ചുപൈസ അര്‍ജുന്റെ പേരില്‍ വാങ്ങിയിട്ടില്ലെന്ന് മനാഫിന്റെ മറുപടി.  നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞത് വലിയ വേദനയുണ്ടാക്കിെയന്ന് അര്‍ജുന്‍റെ കുടുംബം.

മറ്റൊരു ആരോപണം കൂടി കുടുംബം ഉന്നയിച്ചും. അതില്‍ മനാഫിനൊപ്പം മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും പേരും ഉള്‍പ്പെട്ടു. ഈശ്വര്‍മാല്‍പയ്ക്കൊപ്പം വീഡിയോ ഇടാനും ലൈക്ക് കൂട്ടാനുമാണ് മനാഫ് ശ്രമിച്ചത് .  ഇരുവരും ചേര്‍ന്ന് നാടകം കളിക്കുകായായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.അര്‍ജുന്‍റെ പേരോ ഫോട്ടോയോ വെച്ചുകൊണ്ടുള്ള യാതൊരു വൈകാരികമുതലെടുപ്പും അനുവദിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.

കോഴിക്കോട്ട് ഇന്ന് മനാഫിന് സ്വീകരണമുണ്ടായിരുന്നു. അവിടെ വച്ച് മനാഫ് സംസാരിച്ചു. അര്‍ജുന്റെ കുടുംബത്തെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥന. ലോറി ഉടമ മനാഫ് എന്ന പേരില്‍ മനാഫ് ആരംഭിച്ച യൂട്യൂബ് ചാനലില്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനിടെ കുത്തനെ ഉയര്‍ന്നു. ലോറി ഉടമ മനാഫല്ലെന്ന് ഇന്നലെ കുടുംബം പറഞ്ഞിരുന്നു. അതിനെച്ചൊല്ലിയും ചര്‍ച്ച കൊഴുത്തു. ലോറിയുടെ ആ‍ര്‍.സി ഓണര്‍ ആയ മനാഫിന്‍റെ സഹോദരന്‍ മുബീന്‍ ആണ്  ആത്മാര്‍ഥതയോടെ ഒപ്പം നിന്നതെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് കൂടുതല്‍വിശദീകരണമെന്നോണം മനാഫ് വൈകിട്ട് വീണ്ടും മാധ്യമങ്ങള്‍ക്കുമുന്നിലെത്തി. ഒപ്പം മുബീനുമുണ്ടായിരുന്നു. പിന്നെ, അര്‍ജുന്റെ വിഷയത്തില്‍ കുടുംബത്തിന് ഉണ്ടായ വിഷമങ്ങള്‍ക്ക് മനാഫ് മാപ്പുചോദിച്ചു.

മനാഫ് പറഞ്ഞതുപോലെ എല്ലാം ഇവിടെ തീരട്ടെ. ഷിരൂരില്‍നിന്ന് കണ്ണാടിക്കലിലേക്ക് കഴിഞ്ഞദിവസം അര്‍ജുന്റെ മൃതദേഹമെത്തിയത് മനുഷ്യമഹാസംഗമത്തോടെയായിരുന്നു. കടുത്ത ചൂടിലും അര്‍ജുനെ യാത്രയാക്കാന്‍ കൂടിയവരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അമ്മാരുള്‍പ്പെടെ പലരും കരഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച. 

അര്‍ജുനെ അറിയാത്തവരായിരുന്നു സംസ്കാരത്തിനെത്തിയ ആള്‍ക്കൂട്ടത്തിലേറെയും. അവര്‍ പിരിഞ്ഞ ശേഷമാണ് അറിയുന്നവര്‍ തമ്മില്‍ അവിചാരിതമായി ഏറ്റമുട്ടിയത്. കലഹത്തിന്റെ പുതിയ പുതിയ കഥകള്‍ മെനയുന്നുണ്ട് മറ്റൊരു ആള്‍ക്കൂട്ടം. അവരെ പിരിച്ചുവിടാന്‍ അര്‍ജുന്റെ കുടുംബവും മനാഫും തന്നെ മുന്‍കൈയെടുക്കട്ടെ.