മാലിന്യസംസ്കരണം ഇന്നും ഒരു കീറാമുട്ടിയാണ്. കേരളം ഏതൊക്കെ അര്‍ഥത്തില്‍ മുന്‍പന്തിയില്‍ എന്നു പറഞ്ഞാലും ഈ ഒരു കാര്യത്തില്‍ അതിന്‍റെ അടിസ്ഥാനപരമായ വൃത്തി നമുക്കില്ല. ഉള്ളത് അവനവന്‍റെ മുറ്റത്തു നിന്ന് അന്യന്‍റെ പറമ്പിലേക്ക് വലിച്ചെറിയുന്ന ശുചിത്വബോധം മാത്രമാണ്. അതിന്‍റെ വിശാലമായ കാഴ്ചയാണ് തിരുനെല്‍വേലിയില്‍ കണ്ടത്. സ്ഥലം കേരളത്തിലല്ല. തമിഴ്നാട്ടിലാണ്. കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്നാല്‍ അതിരിന് അപ്പുറത്തുള്ള സ്ഥലം. തലസ്ഥാനത്തെ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രികളിലെ മാലിന്യം കൊണ്ടുപോയി തിരുനെല്‍വേലിയടക്കമുള്ള ജില്ലകളില്‍ തള്ളുന്നു. നിര്‍വാഹമില്ലാതെ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്നാട് പൊലീസിന് മാലിന്യവണ്ടി വരുന്നുണ്ടോ എന്ന് കര്‍ശന പരിശോധനയ്ക്ക് ഇറങ്ങേണ്ടിവന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി നാട്ടുകാര്‍ ഈ പ്രശ്നം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച കൊടകനല്ലൂര്‍, നടക്കല്ലൂര്‍, പലവൂര്‍ ഭാഗത്ത് മാലിന്യം തള്ളിയത്. ഇതോടെ പ്രതിഷേധം കനത്തു. ഇവിടെ റവന്യൂ, മെഡിക്കല്‍ സംഘങ്ങള്‍ പരിശോധന നടത്തി. കേരളത്തിലെ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗ്രാമവികസനവകുപ്പും അറിയിച്ചു. ക്വാറിയുള്ള പ്രദേശമായതിനാല്‍ കേരളത്തില്‍ നിന്ന് വരുന്ന ലോറികള്‍ പണം വാങ്ങി തമിഴ്നാട്ടില്‍ തള്ളുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നുള്ള ലോറികള്‍ തമിഴ്നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. പുളിയറ ചെക്പോസ്റ്റില്‍ ഇന്നലെ രാത്രി മാലിന്യവുമായി എത്തിയ മൂന്നോളം വാഹനങ്ങള്‍ തിരിച്ചയച്ചു. കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തുണ്ട്. സമാനസംഭവങ്ങള്‍ തുടര്‍ന്നാല്‍ ജനുവരി ആദ്യവാരം ഈ മാലിന്യങ്ങളെല്ലാം തിരിച്ച് കേരളത്തില്‍ തന്നെ തള്ളുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. അതേസമയം ഉത്തരവാദിത്തം ബയോമെഡിക്കല്‍ മാലിന്യം കൊണ്ടു പോകുന്ന ഏജന്‍സിക്കെന്ന വിശദീകരണവുമായി ആര്‍.സി.സി രംഗത്തെത്തി. മാലിന്യം കൊണ്ടുപോവുന്നത് ഇമേജ്, സണേജ് എന്നീ ഏജന്‍സികളെന്നും ആര്‍സിസി വ്യക്തമാക്കി. പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തമിഴ്നാട്ടില്‍ ബയോമെഡിക്കല്‍ മാലിന്യം തള്ളിയിട്ടില്ലെന്ന് IMAയുടെ മാലിന്യ നിര്‍മാര്‍ജന യൂണിറ്റ് ഇമേജും അറിയിച്ചു. ആശുപത്രികളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ കൈമാറിയ മാലിന്യങ്ങളാകാം തമിഴ്നാട്ടില്‍ തള്ളിയതെന്ന് ഇമേജ് ചെയര്‍മാന്‍ ഡോക്ടര്‍ എബ്രഹാം വര്‍ഗീസ് പറയുന്നു. പക്ഷേ അനാസ്ഥയുടെ തോത് അവിടം കൊണ്ട് തീരുന്നില്ല. തിരുനെൽവേലിയിൽ തള്ളിയ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യ കൂമ്പാരത്തിൽ RCC യിലെ കാൻസർ രോഗികളുടെ പുതിയ ചികിൽസാ രേഖകള്‍ വരെയുണ്ട്. ഏഴിടങ്ങളിൽ തള്ളിയ ബയോ മെഡിക്കൽ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് ഡിസംബർ മാസത്തിലെ രോഗികളുടെ സ്വകാര്യ വിവരങ്ങടങ്ങിയ ഡയറ്റ് ചാർട്ട് ഉൾപ്പെടെ ചികിൽസാ രേഖകൾ മനോരമ ന്യൂസ് സംഘം കണ്ടെത്തിയത്. കൃഷിയിടത്തിൽ തള്ളിയ മാലിന്യക്കൂമ്പാരം കാലികൾ ഭക്ഷിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും മനോരമ ന്യൂസിനു ലഭിച്ചു.
കാലികൾ കൂട്ടത്തോടെ ബയോ മെഡിക്കൽ വേസ്റ്റുകളും പ്ളാസ്റ്റിക്കും ഭക്ഷണമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ .... കൃഷിത്തോട്ടത്തോട് ചേർന്ന് മൃഗങ്ങൾ വെള്ളം കുടിക്കുന്ന കുളങ്ങളിൽ വരെ മാലിന്യക്കൂമ്പാരം. നാല് പഞ്ചായത്തുകളിൽ 11 ഇടങ്ങളിലാണ് മാലിന്യക്കൂന. ഈ മാലിന്യങ്ങൾക്കിടയിലാണ് ആർ സി സി യിലെ രോഗികളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ ചികിൽസാ രേഖകളും. നവംബർ , ഡിസംബർ മാസത്തിലെ ഡയറ്റ് പ്ളാനകൾ ചിതറിക്കിടക്കുന്നു. ചികിൽസാ രേഖകൾ അഞ്ച് വർഷം സൂക്ഷിക്കണമെന്ന നിബന്ധനയും സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന മാനദണ്ഡവും കാറ്റിൽ പറത്തി. സിറിഞ്ചുകളുടെ ഭാഗങ്ങൾ , മരുന്ന് കുപ്പികൾ , ഗുളികകൾ , മാസ്ക്, ഗ്ലൗസ് സുരക്ഷിതമായി സംസ്കരിക്കേണ്ടവ കൃഷിയിടത്തിൽ. മാലിന്യം തള്ളലിനേക്കുറിച്ചും സ്വകാര്യ ഏജൻസികളെ നിരീക്ഷിക്കണമെന്നും അംഗീകൃത സംസ്കരണ ഏജൻസിയായ ഇമേജ് പലവട്ടം നല്കിയ മുന്നറിയിപ്പുകൾ ആശുപത്രികളും പൊലൂഷൻ കൺട്രോൾ ബോർഡും അവഗണിച്ചു. തൊട്ടയൽ സംസ്ഥാനക്കാരുടെ മുമ്പിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയുണ്ടായിട്ടും ആരോഗ്യ വകുപ്പിനും ആർ സി സി ക്കും അനക്കമില്ല എന്നതാണ് അതിലേറെ നാണിപ്പിക്കുന്നത്.