മനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന മറ്റൊരു ക്രൂരത, തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയുടെ കൊലപാതകം. പുലർച്ചെ 5 മണിയോടെയാണ് മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ബാലരാമപുരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടതുമുതല്‍ ദുരൂഹത വര്‍ധിച്ചു. വീടിന് പിറകുവശത്തെ കിണർ മറച്ചിരിക്കുന്ന നെറ്റ് ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നതിൽ സംശയം തോന്നിയാണ് പൊലീസ് അഗ്നിശമന സേനയെ വിളിച്ച് വരുത്തി പരിശോധിപ്പിക്കുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ കിണറിന് അടുത്തുള്ള ഷെഡിൽ കുരുക്കിട്ട മൂന്ന് കയറുകൾ കണ്ടെത്തി. എല്ലാം മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. കുഞ്ഞിന്റെ മരണം സാധാരണമല്ലെന്ന് പ്രാഥമികമായി പൊലീസ് സംശയിച്ചു. അന്വേഷണവും ആ വഴിക്ക് നീങ്ങി. ഒടുവില്‍ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു.