ആറളത്തെ ജനരോഷത്തിന് രണ്ടാഴ്ചത്തെ പഴക്കമില്ല. വെള്ളി–ലീല ദമ്പതികളെ കാട്ടാന ചവിട്ടിയരച്ച് കൊന്നതിനെത്തുടര്‍ന്ന് അണപൊട്ടിയ ജനവികാരം. മൃതദേഹങ്ങളുമായി മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത് വനംമന്ത്രിയുടെ ഉറപ്പിലാണ്. ആനമതില്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.... ഫാമിലെ ആനകളെ തുരത്തും... എന്നൊക്കെയായിരുന്നു മന്ത്രിയുടെ ഉറപ്പ്. ആറളത്തുനിന്ന് അധികദൂരമില്ല കരിക്കോട്ടക്കരിയിലേക്ക്. മലയോരമെങ്കിലും കാട്ടാനയാക്രമണം അത്ര രൂക്ഷമൊന്നുമല്ലാത്ത കൂമന്‍തോട് മേഖല ഉണര്‍ന്നത് ഒരു കുട്ടിക്കാട്ടാനയെക്കണ്ടാണ്. ഇന്നലെ രാത്രി കീഴ്പ്പള്ളിയിലെത്തിയ ആനയെ വനംവകുപ്പ് തുരത്തിയിരുന്നു. പക്ഷെ ആന തിരിച്ചുപോയിരുന്നില്ല. കീഴ്പള്ളിയില്‍ നിന്ന് നേരെ കരിക്കോട്ടക്കരിയിലെത്തി. എഴപ്പുഴ റോഡിലെ വീടിനുസമീപമായിരുന്നു രാവി ആന. ഇന്നലെ മുതല്‍ ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് സ്ഥലത്തെത്തി. തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആന വകുപ്പ് വാഹനത്തിനുനേരെ. ആന പിന്നീട് കൂമന്‍തോടിലെ സുനിലിന്റെ വീടിനുസമീപത്തേക്ക് നീങ്ങി. ഈയടുത്തകാലത്തൊന്നും ഇവിടെ കാട്ടാനകളിറങ്ങിയിട്ടില്ല. പതിവില്ലാതെ ആനയിറങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലായി. പരീക്ഷക്കാലമായതിനാല്‍ കുട്ടികളെ സ്കൂളില്‍ വിടാതിരിക്കാനുമാകില്ല. ആന അക്രമാസക്തമായതോടെ വനംവകുപ്പ് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.