‘ചോദ്യമോ പറച്ചിലോ ഒന്നുമുണ്ടായില്ല, ഒരു സംഘം നേരെവന്ന് അടിയോടടി. മുന്‍നിരയില്‍ നിന്ന് അടിക്കുന്നവരെ ഒന്നു പിടിച്ചുവച്ച് ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ നാലുഭാഗത്തു നിന്നും ഒരോ ടീം. കയ്യില്‍ക്കിട്ടിയതെല്ലാമെടുത്ത് അടി തുടങ്ങി. ഒടുവില്‍ മൂര്‍ച്ചയുള്ള എന്തോ ഒന്ന് മുഖത്തിന് നേരെ വീശി. ചുണ്ട് രണ്ട് കഷണം. അക്രമിസംഘത്തിന്‍റെ പ്രധാന ഇര മുനീസിന്‍റെ അനുഭവം ഇതാണ്.
കണ്ണൂരിൽ കോളജിലുണ്ടായ തർക്കത്തിന് ഒന്നരവർഷം കാത്തിരുന്നുള്ള പകവീട്ടല്‍ ആയിരുന്നു ഇത്. വാരം സ്വദേശി മുനീസ് മുസ്തഫക്ക് നേരെയാണ് ആക്രമണമുണ്ടായത്. മിനിഞ്ഞാന്ന് രാത്രിയിലാണ് സംഭവം. ഫുട്ബോള്‍ മാച്ച് കാണാനായാണ് മുനീസും സുഹൃത്തുക്കളും എത്തിയത്. അന്നത്തെ ജൂനിയര്‍ വിദ്യാര്‍ഥി നിഷാദും സംഘവുമാണ് മുനീസിനു പിന്നാലെകൂടി വളഞ്ഞിട്ട് ആക്രമിച്ചത്.
നിഷാദ് കോളജിലേക്ക് കത്തികൊണ്ടുവന്നപ്പോള്‍ അന്ന് സീനിയറായ മുനീസ് കോളജിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരരുത് എന്ന് ഉപദേശിച്ചുവിട്ടു. ഇതാണ് പകയ്ക്ക് കാരണം. നേരത്തേ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ശബ്ദരേഖയിലാകെ തെറിയഭിഷേകമാണ്. ആക്രമണത്തില്‍ മുറിഞ്ഞ മുനീസിന്‍റെ ചുണ്ടില്‍ പ്ലാസ്റ്റിക് സർജറി നടത്തി . നിഷാദും സംഘവും ലഹരി ഉപയോഗിച്ചതായി സംശയമെന്ന് മുനീസിന്‍റെ സുഹൃത്തുക്കളും കുടുംബവും പറഞ്ഞു. മുന്‍പൊക്കെ കോളജിലുണ്ടാകുന്ന സംഘര്‍ഷങ്ങളും പകയും പഠനകാലം അവസാനിക്കുന്നതോടെ സലാം ചൊല്ലി അവസാനിപ്പിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ വിദ്യാര്‍ഥി സംഘര്‍ഷങ്ങളുടെ പേരിലുണ്ടാകുന്ന വൈരാഗ്യം ഇത്തരത്തില്‍ കാത്തിരുന്ന് തീര്‍ക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നാണ് അന്വേഷണസംഘവും പറയുന്നത്.