ഒരിടത്ത് ഭര്‍ത്താവിന്‍റെ കുത്തേറ്റ് ഭാര്യ മരിക്കുന്നു,, ഭര്‍ത്താവ് ലഹരിക്കടിമായായിരുന്നു.... മറ്റൊരിടത്ത് പിതൃസഹോദരന്‍റെ 12 വയസുകാരി മകള്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുന്നു...വേറൊരിടത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തുന്നു.... വീട്ടകങ്ങളിലും കുടുംബങ്ങള്‍ക്കുള്ളിലും നിന്നുവരെ കൊലപാതക വാര്‍ത്തകളാണ്. കോഴിക്കോട് താമരശേരിക്കടുത്ത് ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ യുവാവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാനും ഹസീനയ്ക്കും പരുക്കേറ്റു. പിതാവ് അബ്ദുറഹ്മാനേറ്റത് ഗുരുതര പരുക്കാണ്. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴയിലെ ഷിബിലയെ ഭർത്താവ് യാസിർ കൊലപ്പെടുത്തിയത് നിരന്തര ഭീഷണികൾക്ക് ഒടുവിലെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഒരുമിച്ചു ജീവിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും, യാസർ തുടരെ ശല്യപ്പെടുത്തി. കഴിഞ്ഞ മാസം സ്വന്തം ഉമ്മയെ വെട്ടികൊന്ന ആഷിഖ്, യാസറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞത് ഷിബില ചോദ്യം ചെയ്തു. യാസർ ആഷിഖിന്‍റെ സുഹൃത്താണെന്ന് അറിഞ്ഞതോടെയാണ് ഷിബില താമരശേരി പൊലീസിൽ പരാതി നൽകിയത്. ഷിബിലയുടെ പേരിൽ പലയിടത്തായി വായ്പ എടുത്ത യാസർ ലഹരിക്ക് അടിമയാണ്.യാസറുമായി നിയമപരമായി വേർപ്പെടാൻ ഷിബില തയ്യാറെടുക്കുമ്പോഴാണ് കൊലപാതകം.
ഇന്നലെയാണ് നാടിനെ ഒന്നടങ്കം ഞെട്ടിച്ച സംഭവം കണ്ണൂര്‍ പാപ്പിനിശ്ശേരിയിലുണ്ടായത്. പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. കൊന്നതാരെന്ന ഉത്തരമാണ് അതിലും വലിയ ഞെട്ടലുണ്ടാക്കിയത്. കൊന്നത് പിതാവിന്‍റെ സഹോദര പുത്രിയായ പന്ത്രണ്ടുകാരി. തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകളുടെ മരണത്തിലാണ് ഒടുവില്‍ ചുരുളഴിഞ്ഞത്. കുഞ്ഞിനോട് സ്നേഹം കൂടിയപ്പോള്‍ തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന് വിശ്വസിച്ചതാണ് പന്ത്രണ്ടുകാരിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആക്രിക്കച്ചവടം ചെയ്ത് ജീവിച്ചിരുന്ന ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു അത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത് മുതലുള്ള ദുരൂഹതയാണ് പകലവസാനിക്കും മുമ്പേ തീര്‍ന്നത്. പിതാവിന്‍റെ മരണത്തോടെ പന്ത്രണ്ടുകാരിയെ നാട്ടില്‍ നിന്ന് കൂടെ കൊണ്ടുവന്നതാണ് മരിച്ച കുഞ്ഞിന്‍റെ അച്ഛന്‍. ചെറുപ്പത്തില്‍ അമ്മ ഉപേക്ഷച്ചുപോയതിനാല്‍ പെണ്‍കുട്ടിക്ക് മാതൃവാത്സ്യല്യം കിട്ടിയിരുന്നില്ല. ആ സ്നേഹവും ലാളനയും കിട്ടിയത് വളര്‍ത്തച്ഛനില്‍ നിന്നും വളര്‍ത്തമ്മയില്‍ നിന്നുമായിരുന്നു. സ്നേഹസമ്പന്നമായ ആ ജീവിതത്തിനിടയിലേക്കാണ് ഒരു കുഞ്ഞുകൂടി വന്നത്. ആദ്യ സന്താനത്തിന് സ്നേഹത്തിന്‍റെ നല്ലൊരു പങ്കും ആ മാതാപിതാക്കള്‍ നല്‍കിയപ്പോള്‍ വളര്‍ത്തുമകളായ തന്നോടുള്ള സ്നേഹം കുറഞ്ഞെന്നാണ് പന്ത്രണ്ടുകാരിയുടെ മൊഴി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ്. രാത്രി മൂത്രമൊഴിക്കാനിറങ്ങിയപ്പോള്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തിരിച്ചെത്തിയപ്പോള്‍ കാണാനില്ല എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് പലതവണയായി ചോദിച്ചപ്പോഴാണ് കുട്ടി കുറ്റംസമ്മതിച്ചത്. പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ കഴിയാത്ത ക്വാര്‍ട്ടേഴ്സില്‍ നിന്ന് കുഞ്ഞ് പുറത്തുപോയതില്‍ പന്ത്രണ്ടുകാരിയുടെ പങ്ക് മാതാപിതാക്കള്‍ സംശയിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ആകെ നടുങ്ങിപ്പോയി മാതാപിതാക്കളും കുടുംബവും. പന്ത്രണ്ടുകാരിയ്ക്ക് കുഞ്ഞിനോടും കുട്ടിയുടെ അച്ഛനോടും നല്ല സ്നേഹമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്