സ്ത്രീ സുരക്ഷ, ലഹരിക്കെതിരെ നടപടി, ക്രമസമാധാന പാലനം. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും ആവര്‍ത്തിക്കുമ്പോഴും ദിനംതോറും കൊടുംക്രൂരതകളും അക്രമങ്ങളും മാത്രം നിറയുന്ന നാടായി മാറിയിരിക്കുന്നു കേരളം. ഒരു വീടിനുള്ളില്‍ ഒന്നിച്ചു താമസിക്കുന്നവര്‍ മുതല്‍, അയല്‍ക്കാര്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയ എല്ലാ സ്നേഹബന്ധങ്ങള്‍ക്കിടയിലേക്കും ചോര ചിന്തുന്ന കാലം. വിദ്വേഷം തോന്നുന്നവരെ കൊന്നൊടുക്കുക എന്നത് നിസ്സാര ലക്ഷ്യമായി മാത്രം കാണുന്ന തരത്തിലേക്ക് നാട് അധഃപതിച്ചിരിക്കുന്നു. നിയമത്തിനെ തെല്ലും ഭയമില്ലാതെ വളര്‍ന്നുവരുന്ന പുതു തലമുറയും, എന്തും ചെയ്യാന്‍ പ്രചോദിപ്പിച്ച് അവരെ കാര്‍ന്നുതിന്നുന്ന ലഹരിയും ഒരു മറയുമില്ലാതെ അരങ്ങുവാഴുന്ന നേര്‍ക്കാഴ്ചകള്‍.
പ്രതീക്ഷകളെല്ലാം തെറ്റിച്ച് അത്തരം പതിവ് കാഴ്ചകളിലേക്കും വാര്‍ത്തകളിലേക്കും തന്നെയാണ് ഇന്നത്തെ പുലരിയും പിറന്നത്. ആദ്യം അതില്‍ ഒന്നുമാത്രമായ, കൊച്ചിയിലെ ഒരു സംഭവത്തിലേക്ക് വരാം. പെണ്‍സുഹൃത്തിനോട് ഒന്നു സംസാരിച്ചു എന്ന കുറ്റത്തിനാണ് കൊച്ചിയില്‍ യുവാവിന് കഴിഞ്ഞ ദിവസം ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. പ്രതിസ്ഥാനത്തുള്ളത് ശ്രീരാജ്. കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട കൊടും ക്രിമിനലാണ് ശ്രീരാജ്. കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ചായിരുന്നു യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. ഒച്ച പുറത്തുകേട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം. നടുക്കുന്ന ദൃശ്യങ്ങളാണ് മനോരമ ന്യൂസിനു ലഭിച്ചത്. പ്രാണരക്ഷാര്‍ഥം യുവാവ് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദിക്കുക മാത്രമല്ല, ആക്രമണ ദൃശ്യങ്ങള്‍ വാട്സപ്പ് സ്റ്റാറ്റസാക്കി മാറ്റി ശ്രീരാജ്. മർദനത്തിൽ കൈയ്യും കാലും ഒടിഞ്ഞ യുവാവിന്‍റെ ഫോണിലായിരുന്നു സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. പെണ്‍സുഹൃത്തിനുള്ള മുന്നറിയിപ്പാണിതെന്നായിരുന്നു ശ്രീരാജിന്‍റെ ഭീഷണി.
ശ്രീരാജ് വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിക്കുകയായിരുന്നെന്ന് മര്‍ദനമേറ്റ യുവാവ് മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു കാര്യം സംസാരിക്കാനുണ്ടെന്നാണ് ആദ്യം പറഞ്ഞത്, പിന്നെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. ശ്രീരാജിന്‍റെ പെൺസുഹൃത്തുമായി തനിക്ക് മോശമായ ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് മർദിച്ചതെന്നും നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ടാണ് രക്ഷപെട്ടതെന്നും ക്രൂര മര്‍ദനത്തിനിരയായ യുവാവ്. ഇവിടെയും തീരുന്നില്ല കലി. യുവാവ് സംസാരിച്ച പെണ്‍സുഹൃത്തിനേയും വെറുതേ വിട്ടില്ല. യുവാവിന് നേരെയുള്ള അക്രമം കഴിഞ്ഞ് ശ്രീരാജ് നേരെ എത്തിയത് തുതിയൂരുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ. വീട് അടിച്ചുതകർത്തു. തുടര്‍ന്ന് യുവതിയുടെ ഉള്ളംകാലിൽ കത്തികൊണ്ടു കുത്തി പരുക്കേല്‍പ്പിച്ചു. എന്നിട്ട് ഫോണുമായി കടന്നുകളഞ്ഞു. ഇതോടെയാണ് കൊച്ചി മുളവുകാട് പൊലീസ് ശ്രീരാജിനെ പൂട്ടാന്‍ തീരുമാനിച്ചത്. മുളവുകാട് പൊലീസിന്‍റെ അന്വേഷണത്തില്‍ നേരത്തെ യുവാവിനെതിരായ അതിക്രമവും വെളിച്ചത്തുവന്നു. അതിക്രമത്തിന് ശേഷം താന്തോണിതുരുത്തില്‍ ഒളിച്ച ശ്രീരാജിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
ചില്ലറക്കാരനല്ല ശ്രീരാജ്. സ്ഥിരമായി ലഹരിയുപയോഗം. അടിപിടി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം, പോക്സോ തുടങ്ങിയവ സ്ഥിരം കേസുകള്‍. വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതി. കുറ്റകൃത്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ ശ്രീരാജ് നേരേ പോകുന്നത് വെള്ളത്താല്‍ ചുറ്റപ്പെട്ട താന്തോണിതുരുത്തിലേക്കാണ്. അതാണ് ഒളിയിടം. കാപ്പാ ചുമത്തി നാടുകടത്തിയ ശ്രീരാജ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വീണ്ടും തുരുത്തിലെത്തി. പലതവണ ബോട്ടെടുത്ത് പൊലീസ് ദ്വീപിലെത്തിയെങ്കിലും ശ്രീരാജിനെ പിടികൂടാനായില്ല. പൊലീസിനെ കണ്ടാല്‍ കായലില്‍ ചാടി രക്ഷപ്പെടുകയാണ് രീതി. എന്നാല്‍ ഇത്തവണ മുളവുകാട് പൊലീസ് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. നാണക്കേടായതോടെ പിടികൊടുത്തതാണെന്ന് പറഞ്ഞൊപ്പിക്കാനായി ശ്രീരാജിന്‍റെ ശ്രമം. അതേസമയം ശ്രീരാജ് ലഹരിക്കടിമയെന്നതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നു. കഞ്ചാവും എംഡിഎംഎയും ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
സംസ്ഥാനത്തെ നടുക്കിയ മറ്റൊരു വാര്‍ത്തയായിരുന്നു ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് വന്നത്. കൊലപാതക വാര്‍ത്തകള്‍ കേരളത്തിന് പുത്തരിയല്ലെങ്കിലും ഒരാളെ വെടിവച്ചു കൊല്ലുക, അതും പോയിന്റ് ബ്ലാങ്കില്‍ എന്നത് നമുക്കത്ര കേട്ടുകേള്‍വിയില്ലാത്തതാണ്. സുഹൃത്തുക്കളായിരുന്നവരുടെ വ്യക്തിവൈരാഗ്യമാണ് അരുംകൊലയില്‍ കലാശിച്ചത്. കണ്ണൂര്‍ കൈതപ്രത്ത് വൈകിട്ട് ഏഴുമണിയോടെയായിരുന്നു ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ ഗൃഹനാഥനെ കരാറുകാരന്‍ വെടിവച്ച് കൊന്നത്. മാതമംഗലം പുനിയംകോട് സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷ്. രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുളളിലായിരുന്നു കൊലപാതകം. തൊട്ടുമുന്നില്‍ നിന്നാണ് സന്തോഷ് രാധാകൃഷ്ണന്‍റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. മദ്യലഹരിയിലാണ് സന്തോഷ് കൊലപാതകം നടത്തിയത്. പ്രാദേശിക ബിജെപി നേതാവായിരുന്നു കൊല്ലപ്പെട്ട രാധാകൃഷ്ണൻ . പ്രതി സന്തോഷ് സിപിഎം അനുഭാവിയുമാണ്.. എന്നാൽ രാഷ്ട്രീയകാരണങ്ങളൊന്നും കൊലപാതകത്തിന് പിന്നിലില്ലെന്ന് പൊലീസ് വിശദീകരിച്ചു. സന്തോഷിനും രാധാകൃഷ്ണനുമിടയിൽ വ്യക്തിവൈരാഗ്യം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ്. ഫെയ്‌സ്ബുക്കിൽ ഭീഷണി സന്ദേശം പോസ്‌റ്റ് ചെയ്ത ശേഷമായിരുന്നു കൊലപാതകം.
വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്‌റ്റ് ചെയ്തിരുന്നു. 'കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്' എന്നായിരുന്നു അടിക്കുറിപ്പ്. കൊലപാതകത്തിനുശേഷമുള്ള സന്തോഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റും ഈ വ്യക്തി വൈരാഗ്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്. അന്വേഷണത്തില്‍ കാര്യങ്ങളുടെ ചുരുളഴിഞ്ഞു. സന്തോഷും രാധാകൃഷ്ണന്‍റെ ഭാര്യയും സഹപാഠികളായിരുന്നു. രാധാകൃഷ്ണന്‍റെ വീടു പണിയുടെ ചുമതലയും സന്തോഷിനായിരുന്നു. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഭാര്യയുമായുള്ള സന്തോഷിന്‍റെ സൗഹൃദം രാധാകൃഷ്ണൻ എതിർത്തിരുന്നു. പിന്നാലെ വീടു നിർമാണത്തിന്‍റെ ചുമതലയിൽ നിന്ന് രാധാകൃഷ്ണൻ സന്തോഷിനെ മാറ്റിയതും വൈരാഗ്യത്തിന് കാരണമായി.
ഇതിനിടയിലാണ് കോഴിക്കോട്ട് നിന്ന് മകന്‍റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് ഒരമ്മയെത്തിയത്. ലഹരിക്കടിമയായ, പിടികിട്ടാപ്പുള്ളിയായ മകന്‍റെ മര്‍ദനം സഹിക്കവയ്യാതെ ആ അമ്മ തന്നെ അവനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. പൊലീസിന്‍റെ അഭ്യർഥന പ്രകാരം എത്തിയ മനോരമ സംഘം കണ്ടത് കഴുത്തിൽ ബ്ലേഡ് വച്ചു ആത്മഹത്യാ ഭീഷണി മുഴക്കുന്ന പ്രതിയെയാണ്. മുമ്പ് 3 തവണ ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയെ അനുനയിപ്പിച്ച് പ്രതികരണം എടുത്തു. അറസ്റ്റിന് വഴങ്ങിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ അമ്മ നെഞ്ച് പൊട്ടുന്ന സങ്കടം പങ്കുവച്ചു.
ഈ ദിനം അവസാനിക്കാറാകുമ്പോഴും നാടിന്‍റെ പലദിക്കില്‍ നിന്നും അക്രമ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥി മൂന്ന് സഹപാഠികളെ കുത്തിപ്പരുക്കേല്‍പ്പിച്ചു, കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം, കൊച്ചിയില്‍ നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചും യുവാക്കള്‍. തീരുന്നില്ല കേരളത്തിലെ അക്രമ പരമ്പര. കോഴിക്കോട്ടേതു പോലെ എത്രയോ അമ്മമാര്‍, സഹോദരന്‍മാര്‍, സഹോദരിമാര്‍, മക്കള്‍, ഒക്കെ ഇത് അനുഭവിക്കുന്നു. ലോകത്ത് ഒരാള്‍ക്കും ഇനി ഇങ്ങനെയൊരു ഗതി ഉണ്ടാകാതിരിക്കട്ടെ എന്ന് കോഴിക്കോട്ടെ ആ അമ്മയുടെ പ്രാര്‍ഥന സഫലമാകട്ടെ എന്ന് പ്രതീക്ഷിക്കാം.