കൊലക്കളമായി മാറുന്ന കേരളം. അനുദിനം ഒരു കൊലക്കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്തായി ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. രക്തമിറ്റുവീഴുന്ന വീട്ടകങ്ങളും, സുഹൃദ് വലയങ്ങളും, പൊതുവിടങ്ങളും. കുടിപ്പകയും, ലഹരിയും സമനില തെറ്റിക്കുമ്പോള്‍ നിസാര കാര്യങ്ങള്‍ക്കുപോലും കത്തിയെടുക്കുന്ന തലത്തിലേക്ക് കേരളം മാറുകയാണ്. ഭീതിദമായ മാറ്റം.
കൊല്ലം കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതിയാണ് ഇന്ന് പുലര്‍ച്ചെ നാലംഗ സംഘത്തിന്‍റെ കൊലക്കത്തിക്ക് ഇരയായത്. നിരവധി കേസുകളിൽ പ്രതിയായ താഴ്ചയിൽ മുക്ക് സ്വദേശി ജിം സന്തോഷ് എന്ന സന്തോഷാണ് പുലർച്ചെ രണ്ടരയോടെ കൊല്ലപ്പെട്ടത്. സന്തോഷിന്‍റെ വീട്ടിലേക്ക് തോട്ടയെറിഞ്ഞ് ഭീതി പടർത്തിയശേഷമായിരുന്നു ആക്രമണം. മൺവെട്ടി കൊണ്ട് വാതിൽ തകര്‍ത്ത് പ്രതികൾ അകത്തു കടക്കുകയായിരുന്നു. സന്തോഷിന്‍റെ കാൽ പ്രതികൾ കമ്പിപ്പാര കൊണ്ട് അടിച്ചു തകർത്തു. വടിവാൾ കൊണ്ടു വെട്ടി.
അമ്മയും മകനും മാത്രം താമസിക്കുന്ന വീട്ടിലേക്ക് മുഖംമൂടി ധരിച്ച അക്രമിസംഘം തോട്ടയെറിഞ്ഞപ്പോഴേ സന്തോഷ് അപകടം മണത്തു. സുഹൃത്ത് രതീഷിനെ വിളിച്ച് പൊലീസ് സഹായംതേടാന്‍ അഭ്യര്‍ഥിച്ചു. രതീഷ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നിരവധി ക്രിമിനല്‍കേസ് പ്രതിയായിരുന്ന മകനോട് തിരുത്താന്‍ പറഞ്ഞതെല്ലാം പാഴായിപ്പോയതിന്‍റെ തേങ്ങലുണ്ടായിരുന്നു ആ അമ്മയുടെ നെഞ്ചിലാകെ.
ആക്രമണത്തിന് പിന്നാലെ കാറില്‍ രക്ഷപെട്ട സംഘം നേരെ ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെയും വെട്ടി. തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം. ഉല്‍സവം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അനീര്‍ തട്ടുകയിലെത്തിയത്. ഇവര്‍ കടയില്‍നിന്ന് ഇറങ്ങുന്ന സമയത്ത് വെള്ള നിറത്തിലുള്ള കാര്‍ അവിടേയ്ക്ക് എത്തുന്നതടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ടാക്സി കാർ മേമന സ്വദേശിയായ യുവാവ് കന്യാകുമാരിയിൽ ടൂർ പോകാനെന്ന പേരിൽ വാടകയ്ക്കെടുത്തതാണ്. ഇയാളുടെ വീട്ടിൽ വെച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാൾ കാർ എടുത്തുകൊണ്ട് പോകുകയായിരുന്നു. ആക്രണത്തിനുശേഷം മേമന സ്വദേശിയുടെ വീടിന് നൂറുമീറ്ററകലെ കാര്‍ ഉപേക്ഷിച്ചു.
കരുനാഗപ്പള്ളിയില്‍ വീടുകയറി വെട്ടിക്കൊലപാതകമെങ്കില്‍ പാലക്കാട് മുണ്ടൂരിൽ മദ്യലഹരിയിൽ ഗൃഹനാഥനെ അയൽവാസികൾ ഇഷ്ടിക കൊണ്ട് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. കുമ്മൻകോട് നൊച്ചിപ്പുള്ളി സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ വിനോദും മണികണ്ഠനും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടായി. വിനോദിന്റെ സഹോദന്‍ വിനേഷും പങ്കുചേര്‍ന്നതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. ഇഷ്ടികയും ഓട്ടുകഷ്ണങ്ങളുമായി സഹോദരങ്ങള്‍ രണ്ടുപേരും മണികണ്ഠനെ ആക്രമിച്ചു. വയല്‍തീരത്തിരിക്കുന്ന രണ്ടുവീടുകളില്‍നിന്നും ബഹളം കേള്‍ക്കുന്നത് പതിവായതിനാല്‍ നാട്ടുകാര്‍ തിരിഞ്ഞുനോക്കിയതുമില്ല.അതുകൊണ്ടുതന്നെ ബുധന്‍ രാത്രിയുണ്ടായ കൊലപാതകം പുറത്തറിഞ്ഞത് വ്യാഴം രാവിലെ മാത്രം.
പൊതുവിടങ്ങളില്‍മാത്രമല്ല, പുറത്തറിയുന്നതും അറിയാത്തതുമായ നിരവധി ലഹരി ആക്രമണങ്ങളും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എം.ഡി.എം.എ വാങ്ങാൻ പണം നൽകാത്തതിന് മലപ്പുറം താനൂരിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു പരുക്കേൽപ്പിച്ചത് ബുധന്‍ വൈകീട്ട്. ലഹരി വാങ്ങാൻ യുവാവ് മാതാവിനോട് പണം ആവിശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ യുവാവിന്റെ സമനില തെറ്റി. മാതാപിതാക്കളെ ഉപദ്രവിച്ചു. നിയന്ത്രിക്കാൻ പറ്റാതായതോടെ നാട്ടുകാർ യുവാവിന്റെ കൈകാലുകൾ ബന്ധിച്ചു. വർഷങ്ങളായി ജോലി ചെയ്ത് കുടുംബം നോക്കുന്ന യുവാവ് അടുത്തിടെയാണ് ലഹരിക്ക് അടിമയായത്. കൗതുകത്തിനു തുടങ്ങിയ ലഹരി ഉപയോഗം പിന്നീട് കാര്യമായി മാറുകയായിരുന്നു. ലഹരിക്ക് അടിമയായതോടെ ഉണ്ടായിരുന്ന ജോലിക്ക് ഉൾപ്പെടെ പോകാതായ യുവാവ് ലഹരി ഉപയോഗത്തിന് പണം ആവശ്യപ്പെട്ട് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച അക്രമം അതിരുവിട്ടതോടെയാണ് വീട്ടുകാർ നാട്ടുകാരുടെയും പൊലീസിന്റെയും സഹായം തേടിയത്.
നാട്ടുകാർ കൈ കാലുകൾ കെട്ടിവെച്ച യുവാവിനെ പൊലീസ് എത്തിയാണ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്. പൊന്നാനിയിൽ വാങ്ങിയ സാധനങ്ങളുടെ പണം നൽകാത്തത് ചോദ്യംചെയ്ത പെട്ടിക്കടക്കാരനെ ലഹരിസംഘം ആക്രമിച്ചു. ബുധന്‍ വൈകിട്ടാണ് മലപ്പുറം പൊന്നാനിയിൽ പെട്ടിക്കടക്കാരനുനേരെ ലഹരി സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്. കടയിലെത്തി സാധനം വാങ്ങി പണം നൽകാതെ മടങ്ങിയത് ചോദ്യം ചെയ്തതോടെയാണ് സംഘം മധ്യവയസ്കനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ പ്രായപൂർത്തിയാക്കാത്ത ഒരാളടക്കം മൂന്നു പേരെ പൊലീസ് പിടികൂടി. നവനീത്, അൻസാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവ സമയം മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ നവനീത് നിരവധി കേസുകളിൽ പ്രതിയാണ്.
തിരുവനന്തപുരം കുമാരപുരത്ത് മദ്യപ സംഘത്തെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. ബുധന്‍ രാത്രിയാണ് കുമാരപുരം യൂണിറ്റിലെ പ്രവീണ്‍ അക്രമിക്കപ്പെട്ടത്. പരുക്കേറ്റ പ്രവീണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്തായാലും ഒരു കാര്യം വ്യക്തം. കേരളത്തിന്‍റെ മാനസിക സാമൂഹിക തലങ്ങളില്‍ അക്രമങ്ങളെ ന്യായീകരിക്കുന്ന, എല്ലാം തല്ലിയും കുത്തിയും പരിഹരിക്കാം എന്ന് ചിന്തിച്ചുവശായ, അടിയന്തര ചികില്‍സയും നടപടിയും വേണ്ട ഒരു വിപത്ത് തുറിച്ചുനോക്കുന്നുണ്ട്. കാണേണ്ടവര്‍ കാണണം, എല്ലാവരുമൊന്നിച്ച് പോരാടി ജയിക്കണം. കാരണം നമുക്ക് അതിജീവിക്കണം.