പാലായിൽ വൻ ലഹരി മരുന്നു വേട്ട. ഹൃദയശസ്ത്രക്രിയ സമയത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവയ്ക്കുന്ന മരുന്നുമായി പാലാ ഉള്ളനാട് സ്വദേശി ജിതിൻ ജോസാണ് പിടിയിലായത്. യുവാക്കൾക്കിടയിൽ വിൽക്കുന്നതിനായി എത്തിച്ച 300 കുപ്പി മരുന്നുകളാണ് പാലാ എക്സൈസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
അടുത്തകാലത്താണ് ലഹരി മരുന്നുകൾക്ക് ബദലായി ഹൃദയ ശസ്ത്രക്രിയ സമയത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മരുന്ന് യുവാക്കൾക്കിടയിൽ ലഹരിയായി ഉപയോഗിച്ച് തുടങ്ങിയത്. മരുന്നുകൾ വൻതോതിൽ കൊറിയറായി എത്തിച്ച് വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിൽ വിൽക്കുന്നതാണ് ലഹരി സംഘത്തിന്റെ രീതി. പാലാ എക്സൈസ് റെയിഞ്ച് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
140 രൂപ നിരക്കിൽ കിട്ടുന്ന മരുന്ന് 500 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. പ്രതിക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് പ്രകാരം കേസെടുക്കും. പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്