പേര് സിറാജുദ്ദീന്‍. നാട് ആലപ്പുഴ. അമാനുഷിക സിദ്ധികളുള്ള ആളാണെന്നാണ് സ്വയം പ്രചരിപ്പിച്ചിരുന്നത്. മടവൂര്‍ കാഫില എന്ന യൂട്യൂബ് ചാനലിലൂടെ ചിലര്‍ക്കെങ്കിലും പരിചയംകാണും. രണ്ടുദിവസം മുന്‍പ് ഇയാളെ കൂടുതല്‍ ആളുകള്‍ അറിഞ്ഞുതുടങ്ങി. അത് അമാനുഷികതയുടെ പേരിലല്ല. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രവൃത്തിയിലൂടെ. അങ്ങേയറ്റം ഹീനമായ ക്രൂരകൃത്യത്തിലൂടെ. ഇയാളുടെ ഭാര്യ അഞ്ചാംപ്രസവത്തിനിടെ മരിച്ചു. അതിന് ഒരേയൊരു കാരണക്കാരന്‍ സിറാജുദ്ദീനാണെന്നാണ് പൊലീസ് പറയുന്നത്. കാരണം പ്രസവം ആശുപത്രിയിലായിരുന്നില്ല. വീട്ടിലായിരുന്നു. പ്രസവം ആശുപത്രിയിലാക്കാന്‍ ഇയാള്‍ സമ്മതിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന കാര്യം പോലും മറച്ചുവച്ച് ഭാര്യ അസ്മയെ മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത സിറാജുദ്ദീനെ പൊലീസ്റ്റ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതിയാക്കി കേസുമെടുത്തു. ഇതൊരു അസ്മയുടെ മാത്രം അനുഭവമല്ല, നിരവധി അസ്മമാര്‍ ഈ വിധം വീട്ടില്‍ സ്വന്തം കുഞ്ഞിന് ജന്മം നല്‍കാന്‍ വിധിക്കപ്പെടുന്നുണ്ട്. അതിനുപിന്നില്‍ പല മുഖങ്ങളോടെ സിറാജുദ്ദീന്‍മാരുമുണ്ട്.
കേരളത്തിന്‍റെ ആരോഗ്യമേഖലയ്ക്കുമാത്രമല്ല, സമൂഹ്യജീവിതത്തിനുതന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തികള്‍ ഇനിയും അനുവദിച്ചൂകൂടാ. ആ ബോധ്യത്തില്‍ സര്‍ക്കാരും പ്രശ്നത്തില്‍ ഇടപെട്ടുകഴിഞ്ഞു. വീട്ടിലോ പ്രസവം ?– മറക്കരുത്, ഗൗരവമേറിയ ചോദ്യമുയരുന്നത് ഇരുപതൊന്നാംനൂറ്റാണ്ടിലാണ്. ക്രൂരമായ കൊലപാതകമെന്നുപോലും കരുതാവുന്ന കുറ്റകൃത്യം. ജീവനുവേണ്ടി പിടയുമ്പോള്‍പോലും അസ്മയക്ക് ചികില്‍സ നിഷേധിക്കപ്പെട്ടു. വീട്ടിലെ പ്രസവത്തിന്റെ ഏറ്റവും ഞെട്ടിപ്പിക്കുന്ന ചിത്രം. ആരോഗ്യമേഖല ഇത്രയധികം പുരോഗതി കൈവരിച്ച സംസ്ഥാനത്ത് എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു ? മറ്റൊരു ഞെട്ടിക്കുന്ന വിവരംകൂടി പുറത്തുവന്നിട്ടുണ്ട്– ഈ വര്‍ഷം വീട്ടില്‍ നടന്ന പ്രസവങ്ങളുടെ കണക്ക് ചെറുതല്ല. 382 പ്രസവങ്ങള്‍. കുട്ടിയുടെയും അമ്മയുടെയും ജീവന് ഒരുപോലെ അപകടകരമാണ് ഡോക്ടറുടെ അസാന്നിധ്യത്തില്‍ നടക്കുന്ന പ്രസവം. പനിയോ ജലദോഷമോ വന്നാല്‍പോലും സ്വയം ചികില്‍സ അരുതെന്ന് കൃത്യമായ പ്രചാരണം നടത്തുന്ന സംസ്ഥാനത്ത് വീട്ടില്‍വച്ച് നടക്കുന്ന പ്രസവത്തിന്‍റെ അപകടസാധ്യത അറിയാത്തതുകൊണ്ടല്ല. ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഗൗരവമേറിയ കാര്യങ്ങളാണ്. പ്രസവസമയത്തെ സങ്കീര്‍ണതയെകുറിച്ച് ബോധമില്ലാത്തവരാകുമോ ഇവര്‍ ? ആശുപത്രിയിലേക്ക് പോകാന്‍ ഇവര്‍ തയ്യാറാകാത്തതിന്‍റെ കാരണമെന്താകും ?
ആദ്യത്തേതായാലും അഞ്ചാമത്തെതായാലും പ്രസവസമയത്ത് ഡോക്ടര്‍മാരുടെ കൃത്യമായ പരിചരണം ഒഴിവാക്കാന്‍കൂടാത്തതാണ്. അതിനുവിരുദ്ധമായ ചിന്തകള്‍ മനുഷ്യത്വവിരുദ്ധമാണെന്ന് പറയാതെ വയ്യ. പ്രസവം ഒരു എളുപ്പ പ്രക്രിയ ആണെന്ന് സിറാജുദ്ദീന്‍മാരെ ആരാണ് പഠിപ്പിച്ചത്. ആശുപത്രിയില്‍ പോകാതെ, ഡോക്ടറെ കാണാതെ, അസ്മയുടെ പിന്‍ഗാമികളാകാന്‍ വിധിക്കപ്പെട്ടവര്‍ ഇനിയുമേറെയുണ്ടാകാം നമ്മുടെ തൊട്ടയല്‍വീടുകളില്‍പോലും. പക്ഷേ, നമ്മളറിയുന്നില്ല, അറിയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. ഏതോ ദുരൂഹകാരണത്താല്‍ മറഞ്ഞിരിക്കുന്നവര്‍. ആതുരാലയങ്ങള്‍ ഇത്രയധികമുള്ള നാട്ടില്‍, ഏത് അജ്ഞാതകാരണങ്ങളായാലും മറഞ്ഞിരുന്ന് വീട്ടകങ്ങളില്‍ പ്രസവത്തിന് വഴിയൊരുക്കുന്നവര്‍ ചെയ്യുന്നത് ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. അത് ആരോഗ്യകേരളത്തിന് കളങ്കവുമാണ്. സ്ത്രീസൗഹാര്‍ദ്ദ കേരളം എന്നത് കേവലം ഒരു മുദ്രാവാക്യമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.