കൊലപാതകങ്ങളുടേയും അക്രമങ്ങളുടേയും ഉള്ളുലയ്ക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ നിറയുന്നത്. രക്തബന്ധങ്ങളും സ്നേഹബന്ധങ്ങളും ഒന്നും തടസ്സമാകാതെ ജീവനെടുക്കുന്ന പകയുടെ വാര്‍ത്തകള്‍ നിറയുന്ന ദിനങ്ങള്‍. തിരുവനന്തപുരവും കൊച്ചിയും പാലക്കാടും ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞ ദിവസങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയായി ഇടുക്കിയും വാര്‍ത്തയില്‍ നിറയുകയാണ്.തൊടുപുഴ സ്വദേശി ബിജു ജോസഫ് ആയിരുന്നു കഥയിലെ ദുരന്തനായകന്‍.
മാര്‍ച്ച് 20ന് വ്യാഴാഴ്ചയായിരുന്നു ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ കാണാതാകുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്നുപോയ ബിജുവിനെ കാണാതാകുകയായിരുന്നു. നേരത്തെ കേറ്ററിങ് ബിസിനസ് നടത്തുകയായിരുന്ന ബിജു അടുത്തിടെയാണ് ആംബുലന്‍സ് സര്‍വീസ് ബിസിനസിലേക്ക് മാറിയത്. ബിജു തിരികെയെത്താത്തതിനെത്തുടർന്ന് വെള്ളിയാഴ്ച ഭാര്യ മഞ്ജു തൊടുപുഴ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ, ബിജുവിന്റെ മുണ്ടും ചെരിപ്പും സ്ഥാപനത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ആരോ നിലവിളിക്കുന്നത് കേട്ടതായി സമീപവാസികൾ നൽകിയ മൊഴിയും നിർണായകമായി. അന്വേഷണത്തിനിടെ ബിജുവിനെ വാഹനത്തിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടി.
എന്നാല്‍ ബിജു ജോസഫിലേക്കുള്ള ചൂണ്ടുവിരല്‍ പൊലീസിന് വ്യാഴാഴ്ച തന്നെ കിട്ടിയിരുന്നു. കാപ്പ കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് ബിജു ജോസഫിന്‍റെ കൊലപാതക ചിത്രം പൊലീസിനു മുന്നില്‍ തെളിഞ്ഞത്. പിടിയിലായ പ്രതിയില്‍നിന്ന് പൊലീസിന് കുറച്ചു പണം കിട്ടിയിരുന്നു. ഈ പണത്തിന്‍റെ ഉറവിടം തിരക്കിയുള്ള അന്വേഷണമാണ് പ്രതിയായ ജോമോനില്‍ ചെന്നുനിന്നത്.