വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് നടന്ന് ഒളിംപിക്സ് ദീപശിഖയേന്തിയ കെവിന് പിയെറ്റ് കായികപ്രേമികളുടെ ഹൃദയം കീഴടക്കി. പാരിസിന്റെ തെരുവിലൂടെ നടന്ന കെവിന് പിയെറ്റിന് ഹര്‍ഷാരവത്തോടെയാണ് നൂറുകണക്കിന് ആളുകള്‍ വരവേറ്റത്.
ഇതാണ് ലോകമെങ്ങുമുള്ള ജനത ഹൃദയത്തിലേറ്റിയ ദൃശ്യം. പത്തുവര്‍ഷം മുമ്പ് റോഡ് അപകടത്തില്‍ ഗുരുതര പരുക്കേറ്റ കെവിന് പിയെറ്റിന് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഫ്രാന്‍സിന്റെ ഈ ടെന്നിസ് താരം ഹൈടെക് എക്സോസ്കെലിറ്റണ്‍ ഉപയോഗിച്ചാണ് ഒളിംപിക് ദീപശിഖയേന്തിയത്. ബാറ്ററിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ സഹായത്തോടെയാണ് കെവിന് നടന്നുനീങ്ങിയത്.
പാരിസ് ഒളിംപിക്സിന്റെ ദീപശിഖാ പ്രയാണത്തില്‍ കെവിന് മുമ്പും ചില ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ കണ്ടിരുന്നു. AFPയുടെ Christina Assi ആണ് അതിലൊരാള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ വച്ച് പരുക്കേറ്റ ക്രിസ്റ്റിന വീല്‍ചെയറില്‍ ഇരുന്നാണ് ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയായത്.