neeraj-lovlina-sindhu

പ്രതീക്ഷകള്‍ ഒരുപിടി നെഞ്ചിലേറ്റിയാണ് ഇന്ത്യന്‍ ഒളിംപിക്സ് സംഘം പാരിസിലെത്തുന്നത്. ടോക്യോയില്‍ നേടിയെടുത്ത മെഡലുകളുടെ എണ്ണം പാരീസില്‍ മറകടക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാകുമോ എന്നതിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. നീരജ് ചോപ്രയും മിരാഭായ് ചാനുവും പി.വി.സിന്ധിവുമെല്ലാം പാരിസിലും മെഡല്‍ ഉറപ്പിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതും ചില്ലറക്കാരല്ല. മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് ഇവരാണ്...

നീരജ് ചോപ്രയ്ക്ക് ചെക്ക് എതിരാളി

ജാവലിന്‍ ത്രോയില്‍ നിലവിലെ ലോക ചാംപ്യനും ഒളിംപിക്സ് ചാംപ്യനുമായ നീരജ് ചോപ്ര പാരീസിലും വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ടോക്യോയില്‍ കാര്യങ്ങള്‍ നീരജിന് അത്ര എളുപ്പമാവില്ല. പ്രധാനമായും രണ്ട് താരങ്ങളാണ് ടോക്യോയില്‍ നീരജിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ചെക്ക് റിപ്പബ്ലിക് താരം ജാകുബ് വാഡ്​ലേയും പാകിസ്ഥാന്റെ അര്‍ഷാദ് നദീമും. ടോക്യോയില്‍ ജാകൂബ് വെള്ളി നേടിയിരുന്നു. ദോഹ ഡയമണ്ട് ലീഗില്‍ ജാകൂബ് നീരജിനെ മറികടന്ന പ്രകടനം നടത്തിയിരുന്നു. യൂറോപ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ജാകൂബ് ഒന്നാമത് എത്തുകയും ചെയ്തിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണം നേടിയപ്പോള്‍ വെള്ളി മെഡലിലേക്ക് എത്തിയത് പാക്കിസ്ഥാന്റെ നദീമാണ്. നീരജിന്റേയും ജാകൂബിന്റേയും പോലെ സ്ഥിരത നിലനിര്‍ത്തുന്ന താരമല്ല നദീം എങ്കിലും നീരജിന് വെല്ലുവിളി ഉയര്‍ത്താന്‍ നദീം പ്രാപ്തനാണ്. 

സ്വര്‍ണം തൊടാന്‍ സിന്ധുവിന് യുഫെയെ വീഴ്ത്തണം

ഇന്ത്യക്കായി തുടരെ മൂന്ന് ഒളിംപിക്സുകളില്‍ മെഡലുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് പാരിസിലേക്ക് എത്തുമ്പോള്‍ സിന്ധുവിന്റെ മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. ഒളിംപിക്സ് വെള്ളിയും വെങ്കലവും സിന്ധു സ്വന്തമാക്കി കഴിഞ്ഞു. ഇനി സ്വര്‍ണത്തിനായുള്ള കാത്തിരിപ്പാണ്. ആ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ പാരിസിലേക്ക് സിന്ധു എത്തുമ്പോള്‍ താരത്തിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത് ലോക രണ്ടാം നമ്പര്‍ താരവും രണ്ടാം സീഡുമായ ചൈനയുടെ ചെന്‍ യുഫെയാണ്.

എസ്തോണിയയുടെ ക്രിസ്റ്റിന്‍(75ാം റാങ്ക്), മാലിദ്വീപിന്റെ ഫാതിമാത്(111ാം റാങ്ക്) എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പി വി സിന്ധുവിന്റെ മുന്‍പിലേക്ക് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായി വരുന്ന സിന്ധുവിന് പ്രീക്വാര്‍ട്ടറില്‍ ബിങ് ജിയാവോ എതിരാളിയായി എത്താനാണ് സാധ്യതകള്‍. ടോക്യോ ഒളിംപിക്സില്‍ ബിങ്ങിനെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്. 

സെമിയില്‍ യൂഫെയ് സിന്ധുവിന് വെല്ലുവിളി ഉയര്‍ത്തിയേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച ഫോമില്‍ സ്ഥിരത നിലനിര്‍ത്തിയാണ് യുഫെയ് പാരിസിലേക്ക് എത്തുന്നത്. ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് മത്സരങ്ങളില്‍ വീതം ഇരുവരും ജയിച്ചു. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരില്‍ സിന്ധുവിനെ യുഫെയ് തോല്‍പ്പിച്ചിരുന്നു. 

സാത്വിക് –ചിരാഗ് സഖ്യത്തിന് ചൈനീസ് വെല്ലുവിളി

ബാഡ്മിന്റണില്‍ സാത്വിക്–ചിരാഗ് സഖ്യവും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്നു. ലോക ബാഡ്മിന്റണ്‍ ഡബിള്‍സ് റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന സാത്വിക്–ചിരാഗ് സഖ്യത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍–മുഹമ്മദ് റിയാന്‍ സഖ്യത്തെയാണ് നേരിടേണ്ടി വരുന്നത്. ഇതില്‍ മുന്‍തൂക്കം സാത്വിക്–ചിരാഗ് സഖ്യത്തിനാണ്. ലോക ബാഡ്മിന്റണ്‍ ഡബിള്‍സ് റാങ്കിങ്ങില്‍ 31ാമത് നില്‍ക്കുന്ന സഖ്യത്തേയും 43ാം റാങ്കില്‍ നില്‍ക്കുന്ന സഖ്യത്തേയുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പിന്നെ സാത്വിക്കിനും ചിരാഗിനും നേരിടേണ്ടി വരുന്നത്. 

ചൈനയുടെ ലിയാങ്–വാങ് ചാങ് സഖ്യമാണ് സാത്വി–ചിരാഗ് സഖ്യത്തിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക. ഈ സഖ്യത്തിന് എതിരെ ഒരു ജയം മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാനായത്. അഞ്ച് വട്ടം ഇവര്‍ക്കെതിരെ സാത്വിക്–ചിരാഗ് സഖ്യം തോറ്റു. 

ഷീഹൂയിയെ വെല്ലുവിളിച്ച് ചാനു

ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ ഇതിഹാസം മീരാഭായി ചാനുവിലൂടെ ഒരു മെഡല്‍ പാരിസില്‍ ഉറപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് രാജ്യം.  എന്നാല്‍ അടുത്തിടെ ഉണ്ടായ പരുക്കുകള്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. പാരിസില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ചാനു സ്വര്‍ണം ലക്ഷ്യമിടുമ്പോള്‍ ചൈനയുടെ ഷിഹൂയിയാണ് പ്രധാന എതിരാളി. തന്റെ സീനിയര്‍ കരിയറില്‍ 11 ലോക റെക്കോര്‍ഡുകളുള്ള താരമാണ് ഷിഹൂയി. ടോക്യോയില്‍ സ്വര്‍ണത്തില്‍ മുത്തമിട്ടതും ഷിഹൂയി ആയിരുന്നു. 

ക്യാനിനെ ഇടിച്ചൊതുക്കാന്‍ ലവ്​ലിന

തുടരെ രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സര്‍ എന്ന നേട്ടമാണ് ലവ്​ലിന പാരിസില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 75 കിലോഗ്രാം വിഭാഗത്തിലെ ലോക ചാംപ്യനാണ് ലവ്​ലിന. പാരിസ് ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ലവ്​ലിനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളി എത്താന്‍ സാധ്യത. ചൈനയുടെ ലി ക്യാന്‍ ആണത്. 2023 ലോക ചാംപ്യന്‍ഷിപ്പ് സെമി ഫൈനലില്‍ ക്യാനിനെ ലവ്​ലിന തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടെ ലവ്​ലിനയെ വീഴ്ത്താന്‍ ക്യാനിന് സാധിച്ചു.

ഇന്ത്യന്‍ ഹോക്കി ടീമിന് ഓസ്ട്രേലിയയെ തളയ്ക്കണം

കഴിഞ്ഞ രണ്ട് ദശകത്തിന് ഇടയില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ഏറ്റവും കൂടുതല്‍ തലവേദന ഉയര്‍ത്തിയത് ഓസ്ട്രേലിയയാണ്. ടോക്യോ ഒളിംപിക്സില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 7-1നാണ് ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത്. ഏപ്രിലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ കീഴടങ്ങിയത് 5-0നും. പാരിസ് ഒളിംപിക്സില്‍ ഇന്ത്യ രണ്ട് വട്ടം ഓസ്ട്രേലിയയുടെ മുന്‍പിലെത്താനാണ് സാധ്യത. ഒന്നാമത്തേത് ഗ്രൂപ്പ് ഘട്ടത്തില്‍. ഇരു ടീമും ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയാന്‍ സെമി ഫൈനലിലും ഇന്ത്യക്ക് ഓസ്ട്രേലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. 

ENGLISH SUMMARY:

Neeraj Chopra, Mirabhai Chanu and PV Sindhi are all hoping to secure a medal in Paris as well, and it is not the few who are challenging them