ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം.. ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സമ്പാദ്യം ഇതായിരുന്നു. പാരിസിലേക്കെത്തുമ്പോള്‍ വാനോളമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. 117 അത്‌ലീറ്റുകളും 140 സപ്പോര്‍ട്ടിങ് സ്റ്റാഫുമടങ്ങുന്ന സംഘമാണ് പാരിസിലെത്തുന്നത്. ഒരുതരി ഐഫലടങ്ങുന്ന മെഡല്‍ ഇക്കുറി ഇന്ത്യയിലെത്തിക്കുമെന്ന് ഉറച്ച പ്രതീക്ഷയുള്ള താരങ്ങള്‍ ഇവരാണ്.
നീരജ് ചോപ്ര
ജാവലിനില്‍ സമാനതകളില്ലാത്ത നേട്ടം രാജ്യത്തിനായി കൈവരിച്ച താരമാണ് നീരജ് ചോപ്ര. ടോക്യോയിലെ നേട്ടം പാരിസില്‍ നീരജ് ചോപ്ര ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു ടോക്യോയില്‍ നീരജിന്റെ സുവര്‍ണ നേട്ടം. ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായി നീരജ്. രാജ്യത്തിനായി വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യ താരം ഷൂട്ടറായിരുന്ന അഭിനവ് ബിന്ദ്രയാണ്. ടോക്യോയിലെ നേട്ടം നീരജ് ലോക ഡയമണ്ട് ലീഗിലും ഏഷ്യന്‍ ഗെയിംസിലും ആവര്‍ത്തിച്ചിരുന്നു. 89.94 മീറ്ററാണ് നീരജ് ഇതുവരെ കുറിച്ച ഏറ്റവും മികച്ച സമയം. എന്നാല്‍ ഈ വര്‍ഷം 88.36 ആണ് നീരജിന് ഇതുവരെ കുറിക്കാനായിട്ടുള്ളത്.
പി.വി സിന്ധു
ഒളിംപിക്‌സില്‍ ഇന്ത്യയുടെ മിന്നും താരമാണ് പി.വി. സിന്ധു. ഇന്ത്യ ബാഡ്മിന്റണില്‍ നേടിയ മൂന്ന് ഒളിംപിക് മെഡലുകളില്‍ രണ്ടെണ്ണവും സിന്ധുവിന്റെ വക. റിയോയില്‍ നിന്നുള്ള വെള്ളി, ടോക്യോയിലെ വെങ്കലം.. കോമണ്‍ വെല്‍ത്ത് ഗെയിംസിനിടെ കണങ്കാലിനേറ്റ പരുക്കിനോട് പൊരുതിയാണ് പാരിസിലേക്ക് 29കാരിയായ സിന്ധു എത്തുന്നത്. രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ കൈമെയ് മറന്ന് പോരാടാന്‍ തന്നെയാണ് സിന്ധുവിന്റെ തീരുമാനം.
രോഹന്‍ ബൊപ്പണ്ണ- ശ്രീറാം ബാലാജി
ഇതിഹാസ താരം രോഹന്‍ ബൊപ്പണ്ണ ഒരിക്കല്‍ കൂടി രാജ്യത്തിനായി റാക്കറ്റേന്തുകയാണ്. ടെന്നീസ് പുരുഷഡബിള്‍സില്‍ ശ്രീറാം ബാലാജിക്കൊപ്പമാകും ബൊപ്പണ്ണയുടെ പോരാട്ടം. 1996 ല്‍ അറ്റ്‌ലാന്റയില്‍ നിന്ന് ലിയാണ്ടര്‍ പേസ് നേടിയ വെങ്കലമാണ് പുരുഷ വിഭാഗത്തില്‍ അവസാനമായുണ്ടായ ഇന്ത്യന്‍ ഒളിംപിക് നേട്ടം.
മാത്യു എബ്ദാനുമായി കിടിലന്‍ സീസണ്‍ പൂര്‍ത്തിയാക്കിയാണ് 44കാരനായ ബൊപ്പണ്ണ പാരിസിലെത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മെന്‍സ് ഡബിള്‍സ് കിരീടം നേടിയതോടെ നേട്ടം കൈവരിക്കുന്ന പ്രായമേറിയ പുരുഷതാരമായി. പെയ്‌സിനും ഭൂപതിക്കും ശേഷം ലോക ഒന്നാം നമ്പറിലെത്തുന്ന പുരുഷ താരമെന്ന റെക്കോര്‍ഡും ബൊപ്പണ്ണയുടെ പേരിലാണ്.
ബൊപ്പണ്ണയുടെ കരിയറിലെ മൂന്നാം ഒളിംപിക്‌സാണിത്. റൊളാങ് ഗാരോസിലാണ് ഒളിംപിക്‌സിലെ ടെന്നീസ് മല്‍സരങ്ങള്‍ നടക്കുന്നത്. കളിമണ്ണില്‍ ഇന്ത്യന്‍ താരങ്ങള്‍ സുവര്‍ണ ചരിത്രമെഴുതുന്നത് കാത്തിരിക്കുകയാണ് രാജ്യം.
ഹോക്കി- പുരുഷവിഭാഗം
ടോക്യോയില്‍ മന്‍പ്രീത് സിങും സംഘവും നേടിയ വെങ്കലത്തിന് തങ്കത്തിളക്കമായിരുന്നു. 41 വര്‍ഷത്തെ കണ്ണീരും കാത്തിരിപ്പും അലിയിച്ചു കളഞ്ഞ നിമിഷം. ഇക്കുറി ഇന്ത്യയുടെ സുവര്‍ണശ്രീയാവുകയെന്നത് മാത്രമാണ് പി. ആര്‍ ശ്രീജേഷിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഈ ഒളിംപിക്‌സോടെ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡലല്ലാതെ മറ്റൊന്നും ശ്രീജേഷിന്റെ മനസിലുമുണ്ടാവില്ല. പി.ആര്‍ ശ്രീജേഷിന്റെയും മന്‍പ്രീത് സിങിന്റെയും നാലാം ഒളിംപിക്‌സാണിത്. അഞ്ച് കന്നി ഒളിംപ്യന്‍മാരും ഹോക്കി ടീമിലുണ്ട്. ക്രെയ്ഗ് ഫുള്‍ട്ടന്റെ തന്ത്രങ്ങളില്‍ നിന്നും പിഴയ്ക്കാത്ത പ്രതിരോധത്തിന്റെ പാഠങ്ങളാണ് ഹര്‍മന്‍ പ്രീതും കൂട്ടാളികളും സ്വായത്തമാക്കിയിരിക്കുന്നത്. ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ്, ബെല്‍ജിയം, അര്‍ജന്റീന, ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍. ഒത്തുപിടിച്ചാല്‍ ഹോക്കി സ്വര്‍ണം ഇന്ത്യയിലെത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
സിഫ്റ്റ് കൗര്‍ സമ്ര
അഭിനവിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കിനിറങ്ങുകയാണ് സിഫ്റ്റ് കൗറെന്ന 22കാരി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ സ്വര്‍ണത്തിലേക്കാണ് സിഫ്റ്റിന്റെ ഉന്നം. നിലവില്‍ ഈ ഇനത്തില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സിഫ്റ്റിന്റെ പേരിലാണ്.
മിരാഭായ് ചാനു
ടോക്യെയിലെ വെള്ളി നേട്ടം സ്വര്‍ണമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീരാഭായ് ചാനു പാരിസില്‍ എത്തുന്നത്.ഏഷ്യന്‍ ഗെയിംസില്‍ മല്‍സരത്തിനിടെയേറ്റ പരുക്കിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് മീരാ നാട്ടിലെത്തിയത്. ഭാരോദ്വഹനത്തില്‍ 49കിലോഗ്രാമിലാണ് മീരാഭായ് ചാനു മല്‍സരിക്കുക.
അന്തിം പങ്കല്‍
പാരിസ് ഒളിംപിക്‌സിലേക്ക് ബര്‍ത്ത് കിട്ടിയത് രണ്ടേ രണ്ട് ഗുസ്തി താരങ്ങള്‍ക്കാണ്. രണ്ടുവട്ടം അണ്ടര്‍ 20 ലോകചാംപ്യനായ കരുത്താണ് അന്തിമിന് പറയാനുള്ളത്. 53കിലോ വിഭാഗത്തിലാണ് അന്റിം ഇറങ്ങുന്നത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ അന്തിമിന്റെ പേരിലാണ്. ഇതിന് പുറമെ ബെല്‍ഗ്രേഡില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം എന്നിവയാണ് അ്ന്തിമില്‍ ഇന്ത്യയ്ക്കുള്ള പ്രതീക്ഷയേറ്റുന്നത്.
ലോവ്‌ലിന
കന്നി ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയതിന്റെ തിളങ്ങുന്ന ചരിത്രമാണ് ലോവ്‌ലിനയ്ക്ക് പറയാനുള്ളത്. ടോക്യയില്‍ 64-69 കിലോ വിഭാഗത്തിലാണ് ലോവ്‌ലിന അന്ന് മെഡല്‍ നേടിയത്. ഇക്കുറി വനിതാ വിഭാഗം 75 കിലോഗ്രാമിലാണ് ലോവ്‌ലിന മല്‍സരിക്കുന്നത്. മേരി കോമിനും വിജേന്ദര്‍ സിങിനും പിന്നാലെ ഇടിക്കൂട്ടില്‍ നിന്നും ഒളിംപിക് മെഡല്‍ നേടിയ താരമാണ് ലോവ്‌ലിന. ഏഷ്യന്‍ ഗെയിംസിലെ വെള്ളി നേട്ടമാണ് ലോവ്‌ലിനയെ പാരിസിലെത്തിച്ചത്. . പാരിസിനായി താന്‍ കാത്തിരിക്കുകയാണെന്നും സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നം ലക്ഷ്യത്തിലില്ലെന്നും ലോവ്‌ലിന പ്രതികരിച്ചിരുന്നു.
നിഖാത് സരീന്‍
ഇടിക്കൂട്ടില്‍ രാജ്യത്തിനായി സ്വര്‍ണം നേടുമെന്ന് ഉറപ്പിച്ചാണ് വനിതകളുടെ 50 കിലോ വിഭാഗത്തില്‍ നിഖാത്ത് മല്‍സരിക്കാന്‍ ഇറങ്ങുന്നത്. ഈ വിഭാഗത്തില്‍ നിലവിലെ ലോക, കോമണ്‍വെല്‍ത്ത് ചാംപ്യന്‍ കൂടിയാണ് നിഖാത്ത്. ഹാങ്ഷൂവില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് നിഖാല്‍ പാരീസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.
സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം
ബാഡ്മിന്റണിലെ ഇന്ത്യന്‍ പെരുമ നിലനിര്‍ത്താന്‍ ഉറച്ച് പാരിസിലേക്ക് എത്തിയിരിക്കുകയാണ് പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇറങ്ങുന്ന സാത്വിക്-ചിരാഗ് സഖ്യം. ലോകചാംപ്യന്‍ഷിപ്പിലെ വെങ്കലം, ഏഷ്യാഡ് സ്വര്‍ണം, ലോക ഒന്നാം നമ്പര്‍..2022 ല്‍ തോമസ് കപ്പ് നേട്ടം ഇതുവരെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ കീഴടക്കാത്ത ഉയരങ്ങളാണ് ചിരാഗും സാത്വികും കീഴടക്കിയത്.