TOPICS COVERED

കുട്ടിയായിരിക്കുമ്പോള്‍ സ്വിമ്മിങ്ങിലായിരുന്നു കീലി ഹോഡ്ജ്കിന്‍സണിന് താത്പര്യം. എന്നാല്‍ 2012 ലണ്ടന്‍ ഒളിംപിക്സില്‍ ജെസ്സിക സ്വര്‍ണത്തില്‍ മുത്തമിടുന്നത് കണ്ടതോടെ ഓട്ടക്കാരിയാവാനായി ഹോഡ്ജ്കിന്‍സണിന്റെ ആഗ്രഹം. അങ്ങനെ 10ാം വയസില്‍ അത്​ലറ്റിക് കരിയറിന് ഹോഡ്ജ്കിന്‍സണ്‍ തുടക്കമിട്ടു. എന്നാല്‍ 13ാം വയസില്‍ ട്യൂമര്‍ കണ്ടെത്തിയതോടെ ജീവിതം മാറി മറിയുമെന്ന് തോന്നി. തലയുടെ ഇടത് ഭാഗത്തായി വന്ന ട്യൂമര്‍ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ബാലന്‍സ് നഷ്ടപ്പെട്ട് നടക്കാന്‍ പോലുമാകാത്ത അവസ്ഥ. ഒരു ചെവിയുടെ കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ഹോഡ്ജ്കിന്‍സന്‍ ഓട്ടം തുടര്‍ന്നു. പാരിസില്‍ നിന്ന് സ്വര്‍ണവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ട്യൂമര്‍ നീക്കാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലെത്തിയതോടെ പരിശീലനവും മുടങ്ങിയിരുന്നു. കോവിഡിനെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്സ് നീട്ടിയില്ലായിരുന്നു എങ്കില്‍ കീലി ഹോഡ്ജ്കിന്‍സന് ചിലപ്പോള്‍ മത്സരിക്കാന്‍ സാധിക്കുമായിരുന്നില്ല. 2021 ടോക്കിയോ ഒളിംപിക്സില്‍ വെള്ളി. എന്നാല്‍ ആ വെള്ളി നേട്ടത്തിന് പിന്നാലെ താന്‍ വിഷാദരോഗത്തിലേക്ക് വീണതായി ഹോഡ്ജ്കിന്‍സന്‍ പറയുന്നു. കൗമാര താരം എന്ന നിലയില്‍ രാജ്യത്തിന്റെ ശ്രദ്ധയെല്ലാം തന്നിലേക്ക് എത്തിയതോടെ പെട്ടെന്ന് വളരാനുള്ള ആഗ്രഹമാണ് തന്റെയുള്ളില്‍ നിറഞ്ഞ് നിന്നതെന്നും അവര്‍ പറയുന്നു. തിരികെ കയറി താളം കണ്ടെത്തിയത് പരിശീലകരുടെ സഹായത്തോടെയും. 

2022ലും 2023ലും ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി. വെള്ളി മെഡലില്‍ കുടുങ്ങുന്നതിന്റെ നിരാശയിലായിരുന്നു കീലി. പാരിസിലേക്ക് എത്തിയപ്പോള്‍ 800 മീറ്ററിലെ ആ വെള്ളി സ്വര്‍ണമാക്കി മാറ്റി കീലി ഹോഡ്ജ്കിന്‍സണ്‍. 'സില്‍വര്‍ ക്യൂന്‍' സുവര്‍ണ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്നായിരുന്നു ആ സമയം ബിസിസി കമന്ററി ബോക്സില്‍ നിന്ന് കേട്ടത്. 

ടോക്കിയോയില്‍ അതിങ് മൂ ആണ് കീലിയെ രണ്ടാമതാക്കിയത്. 2022ലെ ലോക അത്ലറ്റിക്സില്‍ 0.08 സെക്കന്റിന്റെ വ്യത്യാസത്തിലാണ് കീലി രണ്ടാം സ്ഥാനത്തായത്. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാമതായി പോകുന്നത് സ്വര്‍ണം എത്തിപ്പിടിക്കുന്നതിനായുള്ള ഹോഡ്ജ്കിന്‍സണിനുള്ളിലെ തീയുടെ തീവ്രത കൂട്ടി. 1.56.72 എന്ന സമയം കുറിച്ചാണ് പാരിസിലെ ഹോഡ്ജ്കിന്‍സണിന്റെ സുവര്‍ണ നേട്ടം.

ENGLISH SUMMARY:

Keely Hodgkinson had a tumour which left her deaf in one ear at the age of 13.