നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആത്മസമര്‍പ്പണവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ നിങ്ങള്‍ വിജയിച്ചിരിക്കും. ഒരു എളുപ്പവഴിയുമില്ല. പാരിസ് പാരാലിംപിക്സില്‍ 55.82 സെക്കന്റില്‍ ഓടിയെത്തി വെങ്കലം തൊട്ട ദീപ്തി ജീവാഞ്ജിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. എന്നാല്‍ പാരിസില്‍ പോഡിയത്തില്‍ മെഡല്‍ കഴുത്തിലണിഞ്ഞ് നില്‍ക്കാനുള്ള ദീപ്തിയുടെ യാത്ര എളുപ്പമായിരുന്നില്ല. കുരങ്ങെന്നായിരുന്നു ദീപ്തിയെ ഗ്രാമവാസികള്‍ വിളിച്ചിരുന്നത്. ഭ്രാന്തിയെന്ന് മുദ്രകുത്തി അവര്‍ അകറ്റി നിര്‍ത്തി...
ബൗദ്ധിക വൈകല്യം എന്നതായിരുന്നു ദീപ്തിയുടെ ജീവിതത്തില്‍ പ്രതിസന്ധി തീര്‍ത്ത് എത്തിയ വെല്ലുവിളി. സൂര്യഗ്രഹണ സമയത്തായിരുന്നു ദീപ്തിയുടെ ജനനം. ജനിക്കുന്ന സമയം ദീപ്തിയുടെ തല വളരെ ചെറുതായിരുന്നു. ചുണ്ടിനും മൂക്കിനും അസ്വഭാവികത ഉണ്ടായിരുന്നു. ഭ്രാന്തിയെന്നും കുരങ്ങ് എന്നുമാണ് ഗ്രാമവാസികള്‍ ദീപ്തിയെ വിളിച്ചിരുന്നത്. അവരെ അനാധാലയത്തിലയക്കാന്‍ എല്ലാവരും ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നാലിന്ന് ലോക ചാംപ്യനായി അവള്‍ നില്‍ക്കുമ്പോള്‍ അവള്‍ വളരെ വ്യത്യസ്തയായ പെണ്‍കുട്ടിയാണെന്ന് എനിക്ക് തോന്നുന്നു, ദീപ്തിയുടെ അമ്മ ജീവാഞ്ജി ധനലക്ഷ്മി പറയുന്നു.
ഭര്‍ത്താവിന്റെ പിതാവ് മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജീവിത ചെലവുകള്‍ക്കായി കൃഷിയിടം വില്‍ക്കേണ്ടി വന്നു. ഭര്‍ത്താവിന് ഒരു ദിവസം 100 രൂപയോ 150 രൂപയോ ആണ് വേതനം ലഭിച്ചിരുന്നത്. ദീപ്തി എല്ലായ്പ്പോഴും ഒരു ശാന്തയായ പെണ്‍കുട്ടിയായിരുന്നു. കുറച്ചു മാത്രമാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഗ്രാമത്തിലെ മറ്റ് കുട്ടികള്‍ കളിയാക്കുമ്പോള്‍ അവള്‍ വീട്ടില്‍ വന്ന് കരയും. ഞാനപ്പോള്‍ അവള്‍ക്ക് മധുരമുള്ള അരി ചോറ് നല്‍കും, ചില ദിവസങ്ങളില്‍ ചിക്കന്‍, അതവളെ സന്തോഷിപ്പിച്ചു. മകള്‍ പാരാലിംപിക്സില്‍ മെഡല്‍ നേടി നില്‍ക്കുമ്പോഴും ദീപ്തിയുടെ പിതാവിന് ജോലിക്ക് പോകാതിരിക്കാനാവില്ല.
സ്റ്റേറ്റ് ലെവല്‍ അത്ലറ്റിക് മീറ്റില്‍ വെച്ച് സായിലെ പരിശീലകന്‍ എന്‍ രമേശിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദീപ്തിയുടെ ജീവിതം മാറുന്നത്. 2019ല്‍ ഹോങ്കോങ്ങില്‍ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ദീപ്തി രാജ്യാന്തര തലത്തില്‍ ആദ്യമായി മത്സരിച്ചു. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മത്സരങ്ങളില്‍ ദീപ്തി തുടരെ മത്സരിച്ചുകൊണ്ടിരുന്നു. 2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും ദീപ്തി സ്വര്‍ണം നേടി. 2023ലെ ഏഷ്യന്‍ പാരാ ഗെയിംസിലായിരുന്നു മറ്റൊരു സുവര്‍ണ നേട്ടം. ഏഷ്യന്‍ റെക്കോര്‍ഡ് ഇവിടെ ദീപ്തി മറികടന്നു. 2024 ലോക ചാംപ്യന്‍ഷിപ്പില്‍ 55.07 സെക്കന്‍റ് സമയം തൊട്ട് ലോക റെക്കോര്‍ഡും ദീപ്തി തന്റെ പേരിലാക്കി.