rohit

ഐപിഎൽ ബ്രോഡ്കാസ്റ്റർ സ്റ്റാർ സ്‌പോർട്‌സ് തന്‍റെ സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറുന്നുവെന്ന്  മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ രോഹിത് ശർമ്മ. സഹതാരങ്ങളുമായി നടത്തിയ സ്വകാര്യ സംഭാഷണവും വിഡിയോകളും തന്‍റെ അനുവാദമില്ലാതെ സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെക്കുന്നത് തുടരുന്നുവെന്നാണ് താരത്തിന്‍റെ ആരോപണം. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരം സ്റ്റാര്‍ സ്പോര്‍ട്സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ റീച്ച് ലഭിക്കാനായി സ്വകാര്യതയിലേക്ക് കടന്നുകയറുന്നവര്‍ സാമാന്യ ബുദ്ധിയും മര്യാദയും പാലിക്കണമെന്നും താരം തുറന്നടിച്ചു. ക്രിക്കറ്റ് കളിക്കാരുടെ ജീവിതത്തിലേക്ക് കടന്നുകയറുന്ന പ്രവണത വര്‍ധിക്കുന്നു, പരിശീലനത്തിനിടയിലോ മത്സര ദിവസങ്ങളിലോ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും നടത്തുന്ന ഏതൊരു സംഭാഷണവും ഇപ്പോള്‍  റെക്കോർഡുചെയ്യുന്നുവെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ അസിസ്റ്റന്‍റ്  കോച്ച് അഭിഷേക് നായരുമായി നടത്തിയ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രോഹിത് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

തന്‍റെ സംഭാഷണം റെക്കോർഡുചെയ്യരുതെന്ന് സ്റ്റാർ സ്‌പോർട്‌സിനോട് ആവശ്യപ്പെട്ടിട്ടും അത് മാനിക്കാതെ അവര്‍ ടെലികാസ്റ്റ് ചെയ്തു. ഇത് സ്വകാര്യതാ ലംഘനമാണ്.  എക്‌സ്‌ക്ലൂസീവ് ഉള്ളടക്കത്തിനായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ആരാധകരും താരങ്ങളുമായുള്ള വിശ്വാസ ബന്ധത്തെ തകര്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധവാൽ കുൽക്കർണിയുമായി സംസാരിക്കുന്നത്  റെക്കോർഡുചെയ്ത ക്യാമറാമാനോട് ഓഡിയോ  മ്യൂട്ട് ചെയ്യാന്‍  രോഹിത് ആവശ്യപ്പെട്ടിരുന്നു. ദയവായി ഓഡിയോ മ്യൂട്ട് ചെയ്യൂ സഹോദരാ, ഒരു ഓഡിയോ ഇതിനകം തന്നെ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്ന് രോഹിത് ക്യാമറാമാനോട് പറഞ്ഞതും സ്റ്റാർ സ്‌പോർട്‌സ് റെക്കോർഡുചെയ്‌തിരുന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ സ്വകാര്യത ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി താരം രംഗത്തെത്തിയത്. 

ENGLISH SUMMARY:

Privacy Breach; Rohit Sharma Against IPL Broadcasters