ന്യൂസിലന്‍ഡിന് എതിരായ ബെംഗളൂരു ടെസ്റ്റില്‍ 34-6ലേക്ക് തകര്‍ന്ന് ഇന്ത്യ. ന്യൂസിലന്‍ഡ് പേസ് നിരയെ നേരിടാനാവാതെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഇന്ത്യന്‍ ബാറ്റേഴ്സ് തുടരെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. 24 ഓവറിനിടെ നാലുപേര്‍ പൂജ്യരായി മടങ്ങി. ആറുപന്തുകള്‍ വീതം നേരിട്ട് കോലിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേയും ഡെക്കായപ്പോള്‍ , സര്‍ഫറാസ് ഖാന് മൂന്നു പന്തിന്‍റെ ആയുസേ ഉണ്ടായുള്ളൂ. വില്‍ മൂന്ന് വിക്കറ്റും മാറ്റ് ഹെന്റി രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും ഇതുവരെ വീഴ്ത്തി.
ഇന്ത്യയുടെ സ്കോര്‍ 7 ഓവറില്‍ 9 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രോഹിത് ശര്‍മ മടങ്ങിയത്. സൗത്തിയുടെ ഫുള്‍ ലെങ്ത് ബോളില്‍ ക്രിസിന് പുറത്തേക്ക് ഇറങ്ങിയ രോഹിത് കവറിലേക്ക് കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് സ്റ്റംപ് ഇളക്കി. വില്ലിന്‍റെ ഗുഡ് ലെങ്ത് ഡെലിവറിയില്‍ വന്ന എക്സ്ട്രാ ബൗണ്‍സ് കോലിയുടെ കടക്കുകൂട്ടല്‍ തെറ്റിച്ചു. ഷോര്‍ട്ട് ലെഗ്ഗില്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയാണ് കോലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഡെലിവറിയില്‍ ഡ്രൈവിന് ശ്രമിക്കുകയായിരുന്നു സര്‍ഫറാസ് ഖാന്‍. എന്നാല്‍ ഷോര്‍ട്ട് മിഡ് ഓഫില്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 13-3ലേക്ക് ഇന്ത്യ വീണു.
ഫുള്‍ ലെങ്തില്‍ ലെഗ് സൈഡിലേക്ക് വന്ന വില്ലിന്റെ ഡെലിവറിയില്‍ ഫ്ളിക്ക് ചെയ്യാനായിരുന്നു കെ.എല്‍ രാഹുലിന്‍റെ ശ്രമം. എന്നാല്‍ എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തി. ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ് ഇന്ത്യക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചാണ് രവീന്ദ്ര ജഡേജയെ ഹെന്റി മടക്കിയത്. ഹെന്റിയുടെ ഡെലിവറിയില്‍ സ്ക്വയര്‍ ലെഗ്ഗിലേക്ക് കളിക്കാനായിരുന്നു ജഡേജയുടെ ശ്രമം. എന്നാല്‍ ലീഡിങ് എഡ്ജ് ആയി പന്ത് ഷോര്‍ട്ട് തേര്‍ഡില്‍ അജാസ് പട്ടേലിന്‍റെ കൈകളില്‍ ഒതുങ്ങി.