TOPICS COVERED

വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായി നില്‍ക്കുന്ന ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ആശ്വാസമായി ബിസിസിഐ നടപടി. ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ ഹൈ പെര്‍ഫോമന്‍സ് മോണിറ്ററിങ് പ്രോഗാമില്‍ ഇരുവരുടേയും പേര് ഉള്‍പ്പെട്ടു. 2024-25 ഡൊമസ്റ്റിക് സീസണിലേക്കുള്ള ലിസ്റ്റിലാണ് ഇഷാനും ശ്രേയസും ഇടംപിടിച്ചത്. ഇരുവരോടുമുള്ള ബിസിസിഐയുടെ സമീപനത്തിലെ മാറ്റം എന്നും ഈ നീക്കം വിലയിരുത്തപ്പെടുന്നു. 

ഇഷാനും ശ്രേയസിനും എതിരായ നിലപാടല്ല ബിസിസിഐക്ക്. ഡൊമസ്റ്റിക് ക്രിക്കറ്റിനോടുള്ള ഇവരുടെ പ്രതിജ്ഞാബദ്ധത തെളിയിക്കാനുള്ള അവസരമാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത് എന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്തിയാല്‍ മാത്രമാവും ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുക. 

ഐപിഎല്ലില്‍ 12 കളിയില്‍ നിന്ന് 287 റണ്‍സ് ആണ് ശ്രേയസ് അയ്യര്‍ സീസണില്‍ സ്കോര്‍ ചെയ്തത്. ഉയര്‍ന്ന സ്കോര്‍ 50 റണ്‍സും. ബാറ്റിങ് ശരാശരി 31.89. 320 റണ്‍സ് ആണ് ഇഷാന്‍ കിഷന്‍ സീസണില്‍ സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 22.86. കൊല്‍ക്കത്തയെ പ്ലേഓഫിലെത്തിച്ചത് സീസണില്‍ ശ്രേയസിന് ആശ്വാസമാവുന്നു. 

ഇഷാന്‍ കിഷനും ശ്രേയസിനും ഒപ്പം മുഷീര്‍ ഖാനും എന്‍സിഎ പ്രോഗ്രാമില്‍ ഇടം നേടി ശ്രദ്ധപിടിക്കുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ മുഷീര്‍ തിളങ്ങിയിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിയതോടെയാണ് മുംബൈ ഓള്‍റൗണ്ടറായ മുഷീറിന്റെ നേട്ടം. 30 താരങ്ങളാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപില്‍ ഉള്‍പ്പെട്ടത്. വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലാവും ക്യാംപ്. മായങ്ക് യാദവ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, ഹര്‍ഷിത് റാണ, ഖലീല്‍ അഹ്മദ്, തുഷാര്‍ ദേഷ്പാണ്ഡേ എന്നിവരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് പ്രധാന താരങ്ങള്‍.

ENGLISH SUMMARY:

Ishan kishan and shreyas included in bcci programme