ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്. 20 റണ്‍സിനാണ് ഡച്ച് ടീമിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് കണ്ടെത്തിയത്. എന്നാല്‍ ശ്രീലങ്ക 18.5 ഓവറില്‍ 161 റണ്‍സിന് ഓള്‍ഔട്ടായി. 

ഇതിന് മുന്‍പ് നെതര്‍ലന്‍ഡ്സിന് എതിരെ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ശ്രീലങ്ക കളിച്ചിരുന്നത്. അതില്‍ മൂന്നിലും ശ്രീലങ്ക ജയം പിടിച്ചിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പിന് മുന്‍പ് ഊര്‍ജം പകരുന്ന ജയത്തിലേക്കാണ് ശ്രീലങ്കക്കെതിരെ നെതര്‍ലന്‍ഡ്സ് എത്തിയത്. 2023 ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയേയും ബംഗ്ലാദേശിനേയും തകര്‍ത്തത് പോലെ അട്ടിമറികള്‍ ഈ ട്വന്റി20 ലോകകപ്പിലും പ്രതീക്ഷിക്കാം എന്ന സൂചന നല്‍കുകയാണ് ശ്രീലങ്കക്കെതിരായ ജയത്തോടെ നെതര്‍ലന്‍ഡ്സ്. 

ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സിന് വേണ്ടി ലെവിറ്റ് 28 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. സ്കോട്ട് എഡ്വേര്‍ഡ്സ് 12 പന്തില്‍ നിന്ന് 27 റണ്‍സും. 15 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്ത ഹസരങ്കയാണ് ചെയ്സ് ചെയ്ത് ഇറങ്ങിയ ലങ്കന്‍ ടീമിന്റെ ടോപ് സ്കോറര്‍. ദാസുന്‍ ശനക 20 പന്തില്‍ നിന്ന് 35 റണ്‍സ് നേടി. 1.5 ഓവറില്‍ ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുത ആര്യന്‍ ദത്ത്, രണ്ട് വിക്കറ്റ് പിഴുത ക്ലീന്‍ എന്നിവരാണ് ലങ്കന്‍ ബാറ്റേഴ്സിനെ പിടിച്ചുകെട്ടിയത്. 

മറ്റൊരു സന്നാഹ മത്സരത്തില്‍ നമീബിയയെ ഓസ്ട്രേലിയ ഏഴ് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് ആണ് കണ്ടെത്തിയത്. ഡേവിഡ് വാര്‍ണര്‍ തകര്‍ത്തടിച്ചതോടെ 10 ഓവറില്‍ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. 21 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതമാണ് വാര്‍ണര്‍ 54 റണ്‍സ് അടിച്ചെടുത്തത്. 

ENGLISH SUMMARY:

Netherlands beat Sri lanka