ചിര വൈരികള്‍ ഒരിക്കല്‍ കൂടി ലോകകപ്പില്‍ ഏറ്റുമുട്ടുന്നു. ക്രിക്കറ്റിനോട് താത്പര്യം ഇല്ലാത്തവരെ പോലും ടെലിവിഷന് മുന്‍പിലേക്ക് എത്തിക്കും ഇന്ത്യാ പാക് പോര്. ഇവിടെ തോല്‍വി എന്നത് ദുസ്വപ്നങ്ങളില് പോലും കടന്നു വരാന്‍ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ ന്യൂയോര്‍ക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തില്‍ സൂപ്പര്‍ ത്രില്ലര്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രൂപ്പ് എയില്‍ യുഎസ്എയ്ക്ക് മുന്‍പില്‍ നാണംകെട്ടതിന്റെ സമ്മര്‍ദവുമായാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പിച്ചിനെ ചൂണ്ടിയും ചോദ്യങ്ങള്‍ ശക്തമാണ്. 

ഇന്ത്യാ–പാക് പോരാട്ടത്തിന് ലോകകപ്പ് വേദിയിലേക്ക് എത്തുമ്പോള്‍ തീവ്രത കൂടുന്നു. കാലം കുറച്ചൊന്ന് പിന്നോട്ട് പോയാല്‍, ഇന്ത്യ തോല്‍ക്കണം എന്നാണെങ്കിലും സച്ചിന്‍ ബൗണ്ടറി നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരുണ്ടായിരുന്നു പാകിസ്ഥാനില്‍. പാകിസ്ഥാന്‍ തോല്‍ക്കണം എന്നാണെങ്കിലും വഖാര്‍ യുനീസിന്റേയും വസീം അക്രത്തിന്റേയും റിവേഴ്സ് സ്വിങ് മാജിക് കാണാന് ആഗ്രഹിച്ചവരാണ് നമ്മള്‍. രാഷ്ട്രീയത്തിന്റേയും ഭീകരവാദത്തിന്റേയും കരിനിഴല്‍ വീഴുന്നെങ്കിലും ക്രിക്കറ്റിന്റെ ഉത്സവമാണ് ഇന്ത്യാ-പാക് പോര്. 

ട്വന്റി20 ലോകകപ്പില്‍ ഇതുവരെ 7 വട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. അതില്‍ ആറ് വട്ടവും ഇന്ത്യ ജയം പിടിച്ചു. രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയും പാകിസ്ഥാനും ആകെ ഏറ്റുമുട്ടിയത് 12 മത്സരങ്ങളില്‍. അതില്‍ 9ലും ഇന്ത്യ ജയം തൊട്ടിരുന്നു. കണക്കുകളില്‍ ഇന്ത്യയാണ് മുന്‍പിലെങ്കിലും യുഎഇ വേദിയായ ലോകകപ്പിലെ ഓര്‍മ ഇന്ത്യയെ അലോസരപ്പെടുത്തി എത്തുന്നുണ്ട്. 

അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച അതേ ഗ്രൗണ്ടിലാണ് പാക്കിസ്ഥാന് എതിരെ ഇന്ത്യ ഇറങ്ങുന്നത്. ഇവിടെ നടന്ന നാല് കളിയിലും ബാറ്റേഴ്സിന് കാര്യമായ റോള്‍ ഉണ്ടായിട്ടില്ല. അപ്രതീക്ഷിത ബൗണ്‍സുകള്‍ ബാറ്റേഴ്സിനെ പരുക്കിലേക്ക് തള്ളി വിട്ടതോടെ പിച്ചിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി കഴിഞ്ഞു. പിച്ചിന്റെ നിലവാരം മെച്ചപ്പെടുത്തിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടതിന് ശേഷം ഇവിടെ നടക്കുന്ന ആദ്യ മത്സരമാണ് ഇന്ത്യാ–പാക് പോര്.

 രണ്ടാം ജയമാണ് ഇന്ത്യയുടെ ലക്ഷ്യം എങ്കിൽ, പാകിസ്ഥാന് ലോകകപ്പിലെ രണ്ടാം മൽസരം തന്നെ  ജീവൻ മരണ പോരാട്ടമാണ്. അമേരിക്കയോട് തോറ്റ പാകിസ്ഥാൻ  ഗ്രൂപ്പ്‌ എയിൽ നാലാം സ്ഥാനത്തു. ഇന്ത്യയോട് തോറ്റൽ പാകിസ്ഥാന്റെ സൂപ്പർ എയ്റ്റ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. 

പാകിസ്ഥാനെ കണ്ടാൽ തകർത്തടിക്കുന്ന വിരാട് കോലിയിലാണ് എല്ലാ കണ്ണുകളും. ആദ്യ മത്സരത്തിൽ കോലി ഒരു റണ്ണിന് പുറത്തായതിന്റെ ക്ഷീണം തീർക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു . മൽസരം നടക്കുന്ന ന്യൂയോർക്കിലെ നസൗ സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച് ക്യൂറെറ്റർക്കുപോലും  വലിയ ധാരണയില്ലെന്നു വാർത്ത സമ്മേളനത്തിൽ രോഹിത് ശർമ പരിഹസിച്ചിരുന്നു. പേസ് ബോളർ മാരെ അനുകൂലിക്കുന്ന, റൺസ് കണ്ടെത്താൻബാറ്റർമാർപാടുപെടുന്ന രീതിയിലാണ് ഇതുവരെ നസൗ സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം. 

ഇരുടീമും നാല് പേസർമാരെ വീതം ഉൾപെടുത്തിയാലും അത്ഭുതപെടാനില്ല. 10 ദിവസത്തിനിടെ മൂന്നാം വട്ടമാണ് ഇന്ത്യ ന്യൂയോർക്കിൽ മത്സരിക്കാൻ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത ഇല്ലാത്തതിനാൽ  സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കേണ്ടി വന്നേക്കും.

ENGLISH SUMMARY:

Pakistan will face India with the pressure of being embarrassed in front of USA in Group A