ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ സൂപ്പർ എട്ട് ഉറപ്പിച്ചെങ്കിലും ആദ്യ മൂന്ന് മൽസരങ്ങളിലും ഓപ്പണിങ് കാര്യമായി പണിയെടുത്തില്ല. അയർലാൻഡിനെതിരെ 52 റൺസെടുത്ത രോഹിത് ശർമയുടെ പ്രകടനം മാറ്റി നിർത്തിയാൽ മൂന്ന് മൽസരത്തിലും ബാറ്റിങ് തുടക്കം പാളി. ഇതിൽ വിരാട് കോലിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അയർലാൻഡിനെതിരെ ഒരു റണ്ണും പാകിസ്ഥാനെതിരെ നാല് റൺസുമെടുത്ത കോലി യുഎസ്എയ്ക്കെതിരെ ഡോൾഡൻ ഡക്കാവുകയായിരുന്നു.
ഐപിഎല്ലിൽ 700 ലധികം റൺസോടെ ടോപ്പ് സ്കോററായി ടൂർണമെൻറിനെത്തിയ കോലിയിൽ നിന്നാണ് ഈ മോശം പ്രകടനം. അതേസമയം, കോലിയുടെ പ്രകടനത്തെ വിലയിരുത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്തെത്തി. കോലിയുടെ ഫോം സംബന്ധിച്ച് ആശങ്കവേണ്ടെന്നും താരം അൽപംകൂടി ക്ഷമ കാണിക്കണമെന്നുമാണ് സുനിൽ ഗവാസ്കറുടെ പിന്തുണ.
' ഏതൊരു കളിക്കാരനെയും പ്രചോദിപ്പിക്കുന്നത് മൽസരവിജയമാണ്, പ്രത്യേകിച്ച് രാജ്യത്തിനായി കളിക്കുമ്പോൾ. രാജ്യത്തിനായി നന്നായി കളിച്ച് മൽസരങ്ങൾ വിജയിച്ച താരമാണ് കോലി. അത് ടൂർണമെൻറിൻറെ ആദ്യഘട്ടമാണ്. ഇനി സൂപ്പർ എട്ടും സെമിഫൈനലും ഫൈനലുമുണ്ട്. അതിനാൽ ക്ഷമയോടെ സ്വയം വിശ്വാസം കാണിക്കുകയാണ് കോലി ചെയ്യേണ്ടത്. അദ്ദേഹത്തിന് അത് വേണ്ടുവോളമുണ്ടെന്നാണ് എൻറെ വിശ്വാസം', ഗവാസ്കർ പറഞ്ഞു. 'മൂന്ന് മൽസരങ്ങളിൽ കുറഞ്ഞ സ്കോർ ലഭിച്ചതിനർഥം അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നല്ല ചില സമയത്ത് മികച്ച ഡെലിവറികൾ കാണാം, ഇന്നതില്ല. അതിൽ ആശങ്കപ്പെടാനൊന്നുമില്ല' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.
സൗരഭ് നേത്രാവൽക്കറുടെ ഓഫ് സൈഡിലെത്തിയ പന്തിൽ എഡ്ജായി വിക്കറ്റ് കീപ്പർ ഗൗസിന് ക്യാച്ച് നൽകിയാണ് കോലി പുറത്താകുന്നത്. ടി20 ലോകകപ്പിൽ ഇതാദ്യമായാണ് കോലി ഗോൾഡൻ ഡക്കാവുന്നത്. അതേസമയം, സൂര്യകുമാർ യാദവ്– ശിവം ദുബൈ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സൂര്യകുമാർ 50 റൺസും ശിവം ദുബൈ 31 റൺസുമെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസിന് പുറത്തായപ്പോൾ റിഷഭ് പന്ത് 18 റൺസെടുത്തു.