ഇന്ത്യ- ഓസീസ് സീരിസിൽ ബാറ്റും ബോളും കൊണ്ടുള്ള മത്സരത്തോളം പ്രധാന്യമുണ്ട് വാക്കുകൾകൊണ്ടുള്ള പോരാട്ടത്തിനും. ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറിയ ഓസ്ട്രേയിലൻ യുവതാരം സാം കോൺസ്റ്റാസ് ആദ്യ ഇന്നിങ്സിൽ തന്നെ ഈ ചൂട് വ്യക്തമായി അറിഞ്ഞു. മത്സരത്തിനിടെ ഗ്രൗണ്ടിൽ ഇരുവരും പരസ്പരം തോളിൽ ഇടിക്കുകയും ശേഷം ഓസീസ് താരത്തോട് വിരാട് കോലി ചൂടാകുകയുമായിരുന്നു.
മത്സരത്തിന്റെ പത്താം ഓവറിലായിരുന്നു സംഭവം. കോലി കോൺസ്റ്റാസിനെ മറികടന്ന് നടന്നു പോകുന്നതിനിടെ താരത്തിന്റെ ഷോർഡറിൽ ഇടിക്കുകയായിരുന്നു. പ്രകോപിതനായ കോൺസ്റ്റസ് കോലിക്ക് നേരെ തിരിയുകയായിരുന്നു. എന്നാൽ എന്താണ് ഇരു താരങ്ങളും പറഞ്ഞത് എന്നതിനെ പറ്റി വ്യക്തതയില്ല. തുടക്കത്തിൽ തന്നെ ഓപ്പണർ ഉസ്മാൻ ഖവാജയും അംപയറും വിഷയത്തിൽ ഇടപെടുന്നതും വിഡിയോയിലുണ്ട്.
ഓസ്ട്രേലിയയ്ക്കായി അരങ്ങേറിയ കോൺസ്റ്റാസിന് 19 വയസും 85 ദിവസവുമാണ് പ്രായം. ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരമാണ് കോൺസ്റ്റാസ്. ഉസ്മാൻ ഖവാജയ്‌ക്കൊപ്പം സാം കോൺസ്റ്റാസാണ് മത്സരം ഓപ്പൺ ചെയ്തത്. മോശമാക്കാതെയാണ് കോൺസ്റ്റാസ് തുടങ്ങിയത്. 65 പന്തിൽ 60 റൺസെടുത്ത് അരങ്ങേറ്റത്തിൽ തന്നെ അർധ സെഞ്ചറി നേടാൻ താരത്തിനായി. ആറു ഫോറും രണ്ട് സിക്സറും അടങ്ങുന്നതാണ് കോൺസ്റ്റാസിന്റെ ഇന്നിങ്സ്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്.
സമീപകാലത്തെ മികച്ച പ്രകടനമാണ് കോൺസ്റ്റാസിന് സീനിയർ ടീമിലേക്ക് വിളിയെത്തിയതിന് കാരണം. ഓസ്ട്രേലിയയുടെ ഐസിസി അണ്ടർ 19 ലോകകപ്പ് വിജയത്തിൽ നിർണായകമായ താരമായിരുന്നു കോൺസ്റ്റാസ്. ബോർഡർ ഗവാസ്കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ എയ്ക്കെതിരെ നടന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ എയ്ക്കായി നാല് ഇന്നിങ്സിൽ 92 റൺസാണ് താരം നേടിയത്.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരം വ്യാഴാഴ്ച രാവിലെയാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചത്. രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മെൽബണിൽ ഇറങ്ങിയത്. ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി വാഷിങ്ടൺ സുന്ദറിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.