തോല്‍വിയോടുള്ള പേടിയാണ് വലിയ കിരീട നേട്ടങ്ങളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അകറ്റുന്നതെന്ന് ന്യൂസീലന്‍ഡ് മുന്‍ താരം ഇയാന്‍ സ്മിത്ത്. മികച്ച പ്രതിഭകളും പ്രകടനവും ഉണ്ടായിട്ടും 2013 ലെ ഐ.സി.സി ട്രോഫിക്ക് ശേഷം ഇന്ത്യ നേരിടുന്ന കിരീട വരള്‍ച്ചയ്ക്ക് കാരണം ഇതാണെന്ന് സ്മിത്ത് പറഞ്ഞു. കടുത്തസമ്മര്‍ദമാണ് ഇന്ത്യന്‍ കളിക്കാര്‍ അനുഭവിക്കുന്നത്. പലപ്പോഴും ഇത് സഹിക്കാവുന്നതിനപ്പുറമാണെന്നും അദ്ദേഹം പറയുന്നു.
മറ്റു ടീമുകള്‍ക്കൊന്നുമില്ലാത്തത്ര പ്രതീക്ഷാഭാരമാണ് ടീം ഇന്ത്യയ്ക്കുമേലുള്ളത്. ഓരോ കളിയും ജയിക്കണമെന്ന ചിന്ത മാത്രമാണ് ഉണരുമ്പോള്‍ മുതല്‍ കളിക്കാര്‍ക്കുണ്ടാകുക. വലിയ മല്‍സരങ്ങളില്‍ ഈ സമ്മര്‍ദം അതിജീവിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പലപ്പോഴും കഴിയാറില്ലെന്നും ഇയാന്‍ സ്മിത്ത് ചൂണ്ടിക്കാട്ടുന്നു. ആരാധകരുടെയും ബോര്‍ഡിന്റെയും അമിതപ്രതീക്ഷ കളിക്കാരുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ടീം ജയിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് നല്ലതാണ്. സ്വാഭാവികവുമാണ്. എന്നാല്‍ ഇന്ത്യന്‍ ടീം സങ്കീര്‍ണമായ മാനസികാവസ്ഥയിലാണ് ഓരോ കളിക്കുമിറങ്ങുന്നതെന്ന് സ്മിത്ത് അഭിപ്രായപ്പെടുന്നു. എല്ലാ കളിയും ജയിക്കുക അസാധ്യമണ്. ഒരു കളിയിലെ പരാജയത്തിന്റെ പേരില്‍പ്പോലും കീറിമുറിക്കപ്പെടുന്ന രീതിയിലാണ് കളിക്കാര്‍ വിമര്‍ശിക്കപ്പെടുന്നത്. പരാജയഭീതി മറികടക്കാനും പ്രതീക്ഷാഭാരം ക്രിയാത്മകമായി കൈകാര്യം ചെയ്യാനും കഴിഞ്ഞാല്‍ മാത്രമേ കിരീടപോരാട്ടങ്ങളില്‍ വിജയിക്കാന്‍ ടീമിന് കഴിയൂ എന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.