cummins-hatrick

ട്വന്റി20 ലോകകപ്പില്‍ തുടരെ രണ്ടാം മത്സരത്തിലും ഹാട്രിക്കോടെ കരുത്ത് കാണിച്ച് ഓസ്ട്രേലിയന്‍ പേസ് ബോളര്‍ പാറ്റ് കമിന്‍സ്. 13 വര്‍ഷത്തെ തന്റെ രാജ്യാന്തര കരിയറില്‍ ഹാട്രിക് ഇല്ലാതെ കളിച്ച കമിന്‍സ് പക്ഷെ മൂന്ന് രാത്രിയുടെ ഇടവേളയില്‍ രണ്ട് ഹാട്രിക്കുകളാണ് തന്റെ പേരില്‍ ചേര്‍ത്തത്. ബംഗ്ലാദേശിനെതിരായ ഹാട്രിക്കിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരേയും കമിന്‍സ് നേട്ടം സ്വന്തമാക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ തുടരെ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ബോളറായി കമിന്‍സ് മാറി. 

18ാം ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാന്റെ വിക്കറ്റെടുത്താണ് കമിന്‍സ് തന്റെ ഹാട്രിക് വേട്ടയ്ക്ക് തുടക്കമിട്ടത്. വേഗം കുറച്ചെത്തിയ കമിന്‍സിന്റെ ഡെലിവറില്‍ ലോങ് ഓണിലേക്ക് കളിക്കാനായിരുന്നു റാഷിദ് ഖാന്റെ ശ്രമം. എന്നാല്‍ പന്ത് നേരെ ലോങ് ഓണില്‍ ടിം ഡേവിഡിന്റെ കൈകളിലേക്ക് എത്തി. അഫ്ഗാന്‍ ഇന്നിങ്സിന്റെ അവസാന ഓവറില്‍ പന്തെറിയാനെത്തിയ കമിന്‍സ് ഓവറിലെ ആദ്യ പന്തില്‍ തന്നെ കരിം ജനത്തിന്റെ മടക്കി. പിന്നാലെ മിഡ് വിക്കറ്റില്‍ ഗുല്‍ബാദിന്‍‌ നയിബ് മാക്സ്​വെല്ലിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ കമിന്‍സ് തുടരെ രണ്ടാം മത്സരത്തിലും ഹാട്രിക് എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തി.

സൂപ്പര്‍ 8ലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 20 ഓവറില്‍ 148 റണ്‍സില്‍ ഒതുക്കാന്‍ ഓസ്ട്രേലിയക്കായി. എന്നാല്‍ ചെയ്സ് ചെയ്ത് ഇറങ്ങിയ ഓസ്ട്രേലിയക്ക് അഞ്ച് ഓവറിലേക്ക് കളി എത്തിയപ്പോഴേക്കും 3 വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് പന്തില്‍ ‍ഡക്കായാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. ഓസീസ് ഇന്നിങ്സിന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഹെഡ്ഡിനെ നവീന്‍ ഉള്‍ ഹഖ് മടക്കിയത്. പിന്നാലെ തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ നവീന്‍ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനേയും കൂടാരം കയറ്റി. നവീന് പിന്നാലെ മുഹമ്മദ് നബിയും സ്ട്രൈക്ക് ചെയ്തതോടെ ഡേവിഡ് വാര്‍ണറും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാര്‍ സെഞ്ചറി കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. റഹ്മനുള്ള ഗുര്‍ബാസ് 49 പന്തില്‍ നിന്ന് 60 റണ്‍സും ഇബ്രാഹിം സദ്രാന്‍ 48 പന്തില്‍ നിന്ന് 51 റണ്‍സും നേടി. എന്നാല്‍ ഇരുവരും പുറത്തായതോടെ അഫ്ഗാന്‍ ബാറ്റേഴ്സിന് പിന്നെ കാര്യമായൊന്നും ചെയ്യാനായില്ല.

ENGLISH SUMMARY:

After his hat-trick against Bangladesh, Cummins also scored a hat-trick against Afghanistan