ഐസിസി ടി20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ഇന്ത്യൻ ക്യാംപിൻറെ ആശങ്കയായി തുടരുന്നത് ഓപ്പണർ വിരാട് കോലിയുടെ ഫോം തന്നെയാണ്. ഐപിഎല്ലിനും മുൻപ് വിരാട് കോലിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തരുതെന്ന വാർത്തകളോട് ബാറ്റ് കൊണ്ടായിരുന്നു താരത്തിൻറെ മറുപടി. ഒരുേവള ടൂർണമെന്റിൽ അവസാന സ്ഥാനത്തായിരുന്നിടത്തു നിന്ന് ബെംഗളുരു റോയൽ ചലഞ്ചേഴ്സിനെ പ്ലേഓഫിലേക്ക് എത്തിക്കുന്നതിൽ നിർണായകമായിരുന്നു കോലിയുടെ പ്രകടനം. അഞ്ച് അർധ സെഞ്ചുറി അടക്കം 741 റൺസോടെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപും സ്വന്തമാക്കിയാണ് കോലി ടൂർണമെന്റ് വിട്ടത്. 61.75 ആവറേജും 154.69 സ്ട്രൈക്ക് റേറ്റും ഐപിഎല്ലിൽ കോലിക്ക് സ്വന്തം.
അതേസമയം ലോകച്യാംപൻഷിപ്പിൽ ഐപിഎൽ പ്രകടനത്തിന്റെ ഏഴയലത്ത് എത്താൻ കോലിക്കായിട്ടില്ല. സ്ഥിരതയോടെ മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ട് ഇനിയും കോലിയുെട നേതൃത്വത്തിൽ പിറന്നിട്ടില്ല. ടൂർണമെന്റിലെ ഏഴ് മൽസരങ്ങളിൽ നിന്ന് 75 റൺസാണ് കോലി ആകെ നേടിയത്. 10.71 ആണ് ശരാശരി. എന്നാൽ സൂപ്പർ താരത്തിലുള്ള വിശ്വാസം ഇന്ത്യൻ ടീം തുടരുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം മുൻ ഇന്ത്യൻ താരങ്ങളും വെസ്റ്റ് ഇൻഡീസ് താരവും ആർസിബിയിൽ കോലിയുടെ സഹതാരവുമായിരുന്ന ക്രിസ് ഗെയിലും ഫൈനലിന് മുൻപ് പിന്തുണയുമായെത്തി.
വിരാട് കോലിയെ പോലൊരു താരത്തെ എഴുതി തള്ളരുതെന്ന് ക്രിസ് ഗെയിൽ പറഞ്ഞു. ലോകോത്തര താരത്തിങ്ങൾക്ക് ആർക്കും സംഭവിക്കാവുന്നതേ കോലിക്കുമുണ്ടായിട്ടുള്ളൂ. മുൻലോകകപ്പുകളിൽ അദ്ദേഹത്തിന്റെ ആധിപത്യം നമുക്കറിയാം. മോശം പിച്ചിൽ ഏതൊരാൾക്കും ഇത് സംഭവിക്കാം. പക്ഷേ അദ്ദേഹം ഫൈനലിലാണെന്ന് ഓർക്കണം. വലിയ താരങ്ങൾ ഫൈനൽ മൽസരങ്ങളിൽ യഥാർഥ വിജയികളാകാറുണ്ട്. അതിനാൽ അദ്ദേഹത്തെ എഴുതി തള്ളാനാകില്ല. ഫൈനലിലെ പ്രകടനത്തിന് കാത്തിരിക്കാം' എന്നായിരുന്നു ഗെയിലിന്റെ പിന്തുണ.
കോലിയെ അടുത്തറിയുന്ന മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവിശാസ്ത്രിയും അദ്ദേഹത്തിന് പിന്തുണയുമായെത്തി. കൂടുതൽ ആക്രമണോത്സുകനാകാൻ ശ്രമിക്കാതെ കോലിയുടെ സ്വാഭാവിക ഗെയിമിൽ നിൽക്കാൻ ശ്രമിക്കാനാണ് ശാസ്ത്രിയുടെ ഉപദേശം. കോലി കൂടുതൽ സമയം ക്രീസിൽ ചെലവഴിച്ചാൽ വളരെ എളുപ്പത്തിൽ മികച്ച പ്രകടനത്തിലേക്ക് എത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോലി ഇന്ത്യൻ ക്യാപ്റ്റനായ സമയത്ത് ടീമിന്റെ പരിശീലകനായിരുന്നു രവി ശാസ്ത്രി.
കോലിക്ക് പിന്തുണയുമായെത്തുന്നത് മറ്റൊരു മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫാണ്. 2011 ലോകകപ്പിൽ മഹേന്ദ്രസിങ് ധോണിയെയാണ് കൈഫ് കോലിയുമായി താരതമ്യം ചെയ്യുന്നത്. 2011 ഏകദിന ലോകകപ്പിൽ ധോണി ഫോം ഔട്ടായിരുന്നു. എന്നാൽ ഫൈനലിൽ അദ്ദേഹം 91 നോട്ടൗട്ട് നേടി. കുലശേഖരയ്ക്കെതിരെ നേടിയ സിക്സ് എല്ലാവരുടെയും മനസിലിപ്പോഴുമുണ്ടാകും. അതിനാൽ തന്നെ കോലിക്കും ഹീറോ ആകാനുള്ള ചാൻസ് ബാക്കിയുണ്ടെന്നാണ് ഞാൻ പറയുക. അദ്ദേഹം മോശം ഫോം മറന്ന് കളയണം. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഈഡൻ ഗാർഡൻസിൽ നേരിട്ടപ്പോൾ കോലി സെഞ്ചുറി നേടിയ കാര്യം ഓർക്കണം', കൈഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.