suryakumar-catch

ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ആ അദ്ഭുത ക്യാച്ച്. പ്രതീക്ഷിച്ച പോലെ തന്നെ ക്യാച്ച് ഇതിനോടകം വിവാദമായിട്ടുണ്ട്. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പുറത്താക്കാനായിരുന്നു സൂര്യകുമാറിന്റെ അസാധാരണ ക്യാച്ച് പിറന്നത്. 

ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച നിമിഷമെത്തിയത്. ഡേവിഡ് മില്ലറുടെ പുറത്താകലോടെ ഇന്ത്യ കളി വരുതിയിലാക്കി. വിജയത്തിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഒരോവറിൽ 16 റൺസ് വേണ്ടപ്പോഴായിരുന്നു മില്ലറുടെ പുറത്താകൽ.

ക്യാച്ചെടുക്കുമ്പോൾ സൂര്യകുമാർ യാദവിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടുന്നുണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ കണ്ടെത്തൽ. മില്ലറുടെ ഷോട്ടിൽ സിക്സർ നൽകേണ്ടതായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ അടക്കം പങ്കുവച്ച് ഇവർ അവകാശപ്പെടുന്നത്. പാണ്ഡ്യയുടെ ഫുൾ ടോസ് പന്ത് മില്ലർ അടിച്ചപ്പോൾ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ലോങ് ഓണിൽ സൂര്യകുമാർ യാദവ് പിടിച്ചെടുക്കുകയായിരുന്നു

ബൗണ്ടറിയിലേക്കു കയറും മുൻപ് സൂര്യ പന്ത് പുറത്തേക്ക് എറിഞ്ഞു, പിന്നീട് ഗ്രൗണ്ടിലേക്കു തിരിച്ചെത്തി വീണ്ടും പിടിച്ചെടുത്തു. ലോകകപ്പിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്നായാണ് ഇതിനെ കമന്റേറ്റർമാർ വിശേഷിപ്പിച്ചത്. ലോങ് ഓണിൽ ബൗണ്ടറി റോപ് നേരത്തേ തീരുമാനിച്ച ഇടത്തുനിന്നും നീങ്ങിക്കിടന്നതായാണു ചിലരുടെ കണ്ടെത്തൽ. അംപയർ കൂടുതൽ ആംഗിളുകളിൽ ദൃശ്യങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കണമായിരുന്നെന്നും ഇവർ വാദിക്കുന്നു. 

ENGLISH SUMMARY:

Fresh Video Featuring Suryakumar Yadav's Catch Triggers Debate