india-vs-south-africa

വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ പത്തുവിക്കറ്റിന് തകർത്ത് ഇന്ത്യ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 2 ഇന്നിങ്സുകളിലുമായി 10 വിക്കറ്റ്  പിഴുത സ്‌നേഹ് റാണയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്.

രണ്ടാം ഇന്നിംഗ്‌സിൽ 154.4 ഓവർ കളിച്ച ദക്ഷിണാഫ്രിക്ക 373ന് പുറത്താക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ  9.4  ഓവറില്‍ നിഷ്പ്രയാസം മറികടന്നു. ജൂലന്‍ ഗോസ്വാമിക്ക് ശേഷം വനിതാ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സ്‌നേഹ് റാണ.

ഒന്നാമിന്നിങ്സില്‍ ഇന്ത്യ ആറുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 603 റണ്‍സാണ് അടിച്ചുകൂട്ടിയത്. വനിതാക്രിക്കറ്റില്‍ ആദ്യമായാണ് ഒരു ടീം 600 റണ്‍സ് കടക്കുന്നത്. ടെസ്റ്റില്‍ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഉയര്‍ന്ന് സ്കോര്‍ ഇത് തന്നെയായിരുന്നു. 197 പന്തില്‍ 205 റണ്‍സ് നേടിയ ഷഫാലി വര്‍മയുടെയും 161 പന്തില്‍ 149 നേടിയ സ്മൃതി മന്ദാനയുടെയും കരുത്തിലാണ് 115.1 ഓവറില്‍ ഇന്ത്യ 600 കടന്നത്.  വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (86), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), ജെമീമ റോഡ്രിഗസ് (55) എന്നിവരും ഇന്ത്യയ്ക്കായി അവസരോചിത ഇന്നിങ്സുകൾ കാഴ്ച്ചവെച്ചു. 

നാലാം ദിനത്തിന്റെ തുടക്കത്തിൽ കളി കൈവിട്ട് പോവുകയാണെന്ന് തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്ക, ഇന്ത്യയെ സമനിലയിലെങ്കിലും തളയ്ക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.  അവരുടെ ഒന്നാമിന്നിങ്സ് പോരാട്ടം 266 റൺസിൽ അവസാനിച്ചിരുന്നു. 25.3 ഓവറില്‍ 77 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ പിഴുത സ്‌നേഹ് റാണയ്ക്ക് മുന്നിലാണ് ദക്ഷിണാഫ്രിക്ക തകർന്നത്. ശേഷിച്ച 2 വിക്കറ്റുകളും ദീപ്തി ശര്‍മയാണ് എറിഞ്ഞിട്ടത്. 

74 റണ്‍സ് നേടിയ മരിസാന കാപ്പും 65 റണ്‍സടിച്ച സുന്‍ ലൂസും മാത്രമാണ് കുറച്ചെങ്കിലും ചെറുത്തു നില്പ് നടത്തിയത്. അന്നെകെ ബോഷ്, നന്ദിനെ ഡി ക്ലാര്‍ക്ക് എന്നിവര്‍ 39 റണ്‍സ് വീതം നേടി. ഇതോടെ 337 റണ്‍സിന് പിന്നിലായ ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിങ്ങിനിറങ്ങി. 122 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വോള്‍വാര്‍ട്ടിന്റെയും 109 റണ്‍സ് നേടിയ സുന്‍ ലൂസിന്റെയും അവസരോചിത ബാറ്റിങ്ങിന്റെ ബലത്തിൽ 10 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടി. ഇരുവരും ചേർന്നാണ് ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കി ദക്ഷിണാഫ്രിക്കയെ നാണക്കേടിൽ നിന്ന് കര കയറ്റിയത്. 

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റ് കൂടി നേടി സ്‌നേഹ് റാണ പത്ത് വിക്കറ്റ് നേട്ടത്തിലെത്തി. “നോക്കൂ, ബൗളർമാരേക്കാൾ ബാറ്റർമാർക്ക് അനുകൂലമായിരുന്നു ഈ പിച്ച്. ഇക്കാലത്ത് എല്ലായിടത്തും ഇതുപോലുള്ള പിച്ചുകളാണ് ലഭിക്കുന്നത്. പന്തിൽ വേരിയേഷൻ കൊണ്ടുവന്നാണ് പിച്ചിലെ പ്രതികൂലാവസ്ഥയെ ബൗളർമാർ മറിമകടക്കുന്നത്“. - പ്ലയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സ്‌നേഹ് റാണ പറഞ്ഞു.

“തോൽക്കുന്നത് അൽപ്പം നിരാശാജനകമാണ്. വലിയ പരാജയത്തിലേക്ക് നീങ്ങവേ, അവസാനത്തെ രണ്ട് ദിവസങ്ങളിലായി ദക്ഷിണാഫ്രിക്കൻ ടീം നടത്തിയ തിരിച്ചുവരവും ചെറുത്തുനിൽപ്പും അത്ഭുതകരമാണെന്ന് പറയാതെ വയ്യ. ഒന്നാമിന്നിങ്സില്‍ ഇന്ത്യ 603 റണ്‍സടിക്കുകയും ഞങ്ങൾ ചെറിയ സ്കോറിന് പുറത്താവുകയും ചെയ്തപ്പോൾ നാലാം ദിനത്തിന്റെ അവസാന സെഷനിലേക്കുവരെ കളി നീളുമെന്ന് പലരും പ്രതീക്ഷിച്ചതേയല്ല. എന്നാൽ അവസാന ഘട്ടത്തിൽ നമ്മൾ കാട്ടിയ നിശ്ചയദാർഢ്യം അതിശയകരവും ഭാവിയിലേക്കുള്ള പാഠവുമാണ്“. - ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വോൾവാർഡ് പറഞ്ഞു. 

314 ബോളിൽ 122 റൺസ് നേടി ചെറുത്തുനിന്ന വോൾവാർഡ് ഉച്ചഭക്ഷണത്തിന് മുമ്പ് പുറത്തായപ്പോൾ ഇന്ത്യ നേരത്തേ വിജയിക്കുമെന്ന് ഉറപ്പിച്ചതാണ്. എന്നാൽ നന്ദിനെ ഡി ക്ലാര്‍ക്ക് 61 റണ്‍സ് നേടി ചെറുത്തുനില്പ് തുടർന്നു. സമ്മർദ ഘട്ടത്തിലും ഇന്ത്യൻ സ്പിന്നർമാരെ പ്രതിരോധിക്കാൻ അവർക്കായി. ഇതോടെയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സ് ജയിക്കാനായി നേടണമെന്ന അവസ്ഥയിലേക്ക് കളി എത്തിയത്. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമാവുമ്പോഴും, 185 പന്തിൽ 61 റൺസ് നേടിയ ഡി ക്ലർക്ക് മറുഭാ​ഗത്ത് ഉറച്ചു നിന്നു. 

ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണ് വിജയ തീരത്തെത്തിയത്. ശുഭ സതീഷ് (13), ഷെഫാലി വര്‍മ (24) എന്നിവര്‍ ചേര്‍ന്ന് 9.2 ഓവറില്‍ ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചു.  

ENGLISH SUMMARY:

Hat-trick of Test wins: How India dug deep to break the South African resistance