ANI_20240629006

ആറുമാസം നീണ്ട മൗനത്തിനൊടുവില്‍ ഹാര്‍ദിക് പാണ്ഡ്യ പുഞ്ചിരിച്ചു.  കുറ്റപ്പെടുത്തലുകളെയും വിമര്‍ശനങ്ങളെയും കിരീട നേട്ടത്തിലൂടെ മായ്ച്ച ആനന്ദക്കണ്ണീര്‍. രോഹിതും ജയ്​ഷായും ആശ്ലേഷിക്കുമ്പോഴും ഹാര്‍ദികിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചഹലിനെ ചേര്‍ത്ത് പിടിച്ച് വിതുമ്പി. കാത്തിരുന്ന നിമിഷമെന്നോണം ആകാശത്തേക്ക് ചൂണ്ടുവിരലുയര്‍ത്തി കണ്ണുകള്‍ ഇറുക്കിയടച്ചു. സ്വന്തം കഴിവുകളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് ആത്മവിശ്വാസത്തോടെ പറഞ്ഞു.

PTI06_29_2024_000471B

 'അങ്ങേയറ്റം വൈകാരികമായ നിമിഷമാണിത്, പ്രത്യേകിച്ച് എനിക്ക്. കഴി‍ഞ്ഞ ആറുമാസമായി ഒരക്ഷരം ‍മിണ്ടിയിരുന്നില്ല. മോശമായിരുന്നു കാര്യങ്ങള്‍.. പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു'. ഹാര്‍ദിക് പറഞ്ഞു. 'പരമാവധി സമചിത്തത പാലിക്കുന്നതിലും‍, സമ്മര്‍ദം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുന്നതിലുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. അവസാന ഓവറില്‍ എന്‍റെ ലക്ഷ്യം കാണണമെന്ന് ഉറപ്പിച്ചു. ആ സമ്മര്‍ദം താന്‍ ആസ്വദിച്ചുവെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. 

CRICKET-WC-2024-T20-IND-RSA

24 പന്തില്‍ 26 റണ്‍സ് മതി ജയിക്കാനെന്ന നിലയിലായിരുന്നു 17–ാം ഓവറില്‍ ഹര്‍ദിക് പന്തെറിയാന്‍ എത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക. വെടിക്കെട്ട് ഫോമില്‍ നിന്ന ക്ലാസനെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ചതോടെ മല്‍സരത്തിന്‍റെ ഗതി മാറി. നിര്‍ണായകഘട്ടങ്ങളില്‍ ടീമിനായി എന്താണ്  തനിക്ക് ചെയ്യാന്‍ സാധിക്കുകയെന്ന് ഹര്‍ദിക് ഒരിക്കല്‍ കൂടി തെളിയിച്ചു. ടൂര്‍ണമെന്‍റിലുടനീളം സ്വയം രാകി മിനുക്കിയ ഹര്‍ദികിനെയാണ് ആരാധകര്‍ കണ്ടത്. 144 റണ്‍സും 11 വിക്കറ്റും. അതില്‍ തന്നെ സെമിയില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയ മൂന്ന് വിക്കറ്റാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്. 

ENGLISH SUMMARY:

Hardik Pandya fails to hold back his tears. Things have been unfair, but I knew there'd be a time I could shine, he adds.