ആത്മവിശ്വാസം നിറച്ച ബാറ്റിങ്ങുമായാണ് അക്ഷര്‍ പട്ടേല്‍ ഇന്ത്യയെ തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് വിരാട് കോലിക്കൊപ്പം ചേര്‍ന്ന് തിരികെ കയറ്റിയത്. എന്നാല്‍ ഒരുവേള കിരീടം ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതി പോകുന്നു എന്ന് തോന്നല്‍ ആരാധകരുടെ ഉള്ളില്‍ നിറയ്ക്കുകയും ചെയ്തു അക്ഷര്‍ പട്ടേല്‍ പന്തെറിയാനെത്തിയപ്പോള്‍. അക്ഷര്‍ പട്ടേലിന്റെ നാലാമത്തെ ഓവറില്‍ 24 റണ്‍സ് ആണ് ദക്ഷിണാഫ്രിക്കയുടെ കൂറ്റനടിക്കാരന്‍ ക്ലാസന്‍ അടിച്ചെടുത്തത്. 

അക്ഷര്‍ പട്ടേല്‍ തന്റെ അവസാന ഓവര്‍ എറിയാന്‍ എത്തിയപ്പോള്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബൗണ്ടറിയോടെയാണ് അക്ഷറിനെ ക്ലാസന്‍ സ്വീകരിച്ചത്. പിന്നെ വന്ന മൂന്ന് ഡെലിവറിയില്‍ റണ്‍ വരാതിരുന്നത് ഒരു പന്തില്‍ മാത്രം. രണ്ട് ഡെലിവറി വൈഡായി. പിന്നെ വന്ന മൂന്ന് ഡെലിവറിയില്‍ രണ്ട് സിക്സും ഒരു ഫോറും. ഓവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സും ക്ലാസന്‍ ഓടിയെടുത്തു.  

ഇതോടെ ഇന്ത്യ മുന്‍പില്‍ വെച്ച വിജയ ലക്ഷ്യത്തിലേക്ക് എത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളികളുണ്ടാവില്ല എന്ന് തോന്നിച്ചു. അക്ഷറിന്റെ ആ ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ആവശ്യമായ റണ്‍‌റേറ്റ് ദക്ഷിണാഫ്രിക്ക തങ്ങളുടെ വരുതിയില്‍ നിര്‍ത്തി. 30 പന്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 30 റണ്‍സ് മതി എന്ന നിലയായി. 

എന്നാല്‍ 17ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്ലാസന്റെ വിക്കറ്റ് ഹര്‍ദിക് പിഴുതതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തി. ഓഫ് സ്റ്റംപിന് പുറത്തായെത്തിയ ഡെലിവറിയില്‍ എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലേക്ക്. 27 പന്തില്‍ നിന്ന് 52 റണ്‍സോടെ ക്ലാസന്‍ കൂടാരം കയറിയത് ഇന്ത്യയെ കിരീടത്തോട് അടുപ്പിച്ചു. 18ാം ഓവറില്‍ ജാന്‍സെനെ ബുമ്ര ക്ലീന്‍ ബോള്‍ഡാക്കിയതിനൊപ്പം ആ ഓവറില്‍ ഒരു ബൗണ്ടറി പോലും ബുമ്ര വഴങ്ങിയില്ല. 19ാം ഓവറില്‍ അര്‍ഷ്ദീപില്‍ നിന്ന് മൂന്ന് ഡോട്ട് ബോളുകളും വന്നതോടെ ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബോളിങ് മികവിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായില്ല. അവസാന ഓവറില്‍ കിരീടത്തിലേക്ക് 16 റണ്‍സ് ദൂരവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് റണ്‍സ് അകലെ തോല്‍വി സമ്മതിക്കേണ്ടി വന്നു. 

ENGLISH SUMMARY:

South Africa's all-rounder Klassen scored 24 runs off Akshar Patel's fourth over