സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് ആയിരുന്നോ ട്വന്റി20 ലോകകപ്പ് ഫൈനലിലെ ടേണിങ് പോയിന്റ്? ക്രിക്കറ്റ് ലോകത്ത് ഇതേ ചൊല്ലി ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഡേവിഡ് മില്ലറെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ അവസാന ഓവറില്‍ ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ കാല്‍ ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചോ എന്നത് വിവാദമായി തുടരുകയാണ്. എന്നാല്‍ സൂര്യയുടെ ക്യാച്ചിലേക്ക് സംശയ മുനകള്‍ നീളേണ്ടതില്ല എന്ന പ്രതികരിച്ചെത്തുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്ക്.
ആ ക്യാച്ചില്‍ പ്രശ്നമൊന്നുമില്ല. ബൗണ്ടറി റോപ്പ് നീങ്ങിയിരുന്നു. അത് കളിക്കിടയില്‍ സംഭവിച്ചതാണ്. സൂര്യ ചെയ്തതല്ല. ബൗണ്ടറി റോപ്പില്‍ സൂര്യ തൊട്ടിട്ടില്ല. ഇവിടെ സൂര്യയുടെ മികവാണ് കാണുന്നത്, വിവാദ ക്യാച്ചിനോട് പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഫാസ്റ്റ് ബോളര്‍ പറഞ്ഞു.
അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോഴാണ് അപകടകാരിയായ ഡേവിഡ് മില്ലറെ ഹര്‍ദിക്കിന്റെ പന്തില്‍ സൂര്യ കൈപ്പിടിയിലൊതുക്കി മടക്കുന്നത്. ഇതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് വന്നു. എന്നാല്‍ ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ ക്യാച്ച് വിവാദവും കത്തി. സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടുന്നുണ്ടെന്നാണ് ഒരു വിഭാഗം ആരോപിച്ചത്. അത് സിക്സായി പരിഗണിക്കേണ്ടതായിരുന്നു എന്ന വാദങ്ങളും ശക്തമായിരുന്നു.