വിരാട് കോലി രാജ്യാന്തര ട്വന്‍റി ട്വന്‍റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെയാണ് കിങ് കോലിയുടെ പ്രഖ്യാപനം. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് കോലിയുടെ പടിയിറക്കം. 76 റൺസെടുത്ത് ടോപ് സ്കോറായ കോലിയായിരുന്നു ഫൈനലിലെ താരം. 2010 മുതൽ 2024 വരെ നീണ്ട ട്വൻ്റി ട്വൻ്റി കരിയറിൽ ആകെ 125 മൽസരങ്ങൾ കളിച്ച കോലി 117 ഇന്നിങ്സുകളിലായി 4188 റൺസെടുത്തു. 48.69 ശരാശരിയിൽ 137.04 സ്ട്രൈക്ക് റേറ്റുമായാണ് കോലി കരിയർ പൂർത്തിയാക്കിയത്. ഒരു സെഞ്ചറിയും 38 അർധസെഞ്ചറികളും ഇതിഹാസതാരത്തിന്‍റെ പേരിലുണ്ട്.
ഐപിഎല്ലിൽ മാസ്മരിക പ്രകടനം കാഴ്ചവച്ചാണ് വിരാട് കോലി ലോകകപ്പ് ടീമിലെത്തിയത്. എന്നാൽ തുടക്കം മുതൽ ഫോം കണ്ടെത്താൻ പാടുപെട്ട വിരാട് കോലി സെമിഫൈനൽ അടക്കം ഏഴുമൽസരങ്ങളിൽ നിന്ന് കോലി ആകെ നേടിയത് 75 റൺസ്. പക്ഷേ ഫൈനലിൽ ചാംപ്യൻ കോലി മടങ്ങിയെത്തി. 59 പന്തിൽ 76 റൺസ്. പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരം. കയ്യിൽ ലോകകിരീടം. വിരമിക്കൽ പ്രഖ്യാപിക്കാൻ ഇതിലും നല്ല മുഹൂർത്തം മറ്റെന്ത്?
മൽസരത്തിനുശേഷം ക്യാമറയ്ക്കുമുന്നിൽ വന്ന കോലിയുടെ ആദ്യവാചകം തന്നെ ഇതായിരുന്നു, 'ഇത് എന്‍റെ അവസാന ട്വന്‍റി 20 ലോകകപ്പ് മൽസരമാണ്, അവസാന രാജ്യാന്തര ട്വന്‍റി 20 മൽസരമാണ്'. ഫൈനലിൽ മാറ്റമുണ്ടാക്കിയ ഘടകം എന്തായിരുന്നുവെന്ന ചോദ്യത്തിന് വിരമിക്കാനുള്ള തീരുമാനം തന്നെയാണ് പ്രചോദനമായതെന്ന് കോലി സൂചിപ്പിച്ചു. 'ഇപ്പോഴല്ലെങ്കിൽ ഇനിയില്ല എന്ന സാഹചര്യമായിരുന്നു. അവസാന അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഞാൻ ഉറപ്പിച്ചു. ഒരു ഐസിസി ടൂർണമെൻ്റ് വിജയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കപ്പുയർത്താതെ പറ്റില്ലായിരുന്നു'. ലോകകപ്പ് ഫൈനൽ എന്ന അവസരം തന്നെയാണ് കരുതലോടെ കളിക്കാൻ പ്രേരിപ്പിച്ചത്. സാഹചര്യങ്ങളെ ബഹുമാനിക്കാനും അനാവശ്യ സാഹസങ്ങൾക്ക് മുതിരാതിരിക്കാനും ടീമിന് ആവശ്യമായ രീതിയിൽ കളിക്കാനും തീരുമാനിച്ചത് അങ്ങനെയാണെന്നും കോലി പറഞ്ഞു.
'വിരമിക്കാനുള്ള നീക്കം പരസ്യമായ രഹസ്യമായിരുന്നു. ലോകകപ്പ് നേടിയില്ലെങ്കിലും ഫൈനൽ കഴിഞ്ഞാലുടൻ വിരമിക്കൽ പ്രഖ്യാപിക്കുമായിരുന്നു. പുതിയ തലമുറ ചുമതലകൾ ഏറ്റെടുക്കട്ടെ. അടുത്ത ലോകകപ്പിന് രണ്ടുവർഷമുണ്ട്. ഇന്ത്യയിൽ ഗംഭീരമായി കളിക്കുന്ന അനേകം യുവതാരങ്ങളുണ്ട്. ട്വന്‍റി 20 ക്രിക്കറ്റിൽ അവർ ഇന്ത്യയെ മുന്നോട്ടുനയിക്കും. ഐപിഎല്ലിൽ കണ്ടതുപോലെ അവർ രാജ്യാന്തര ക്രിക്കറ്റിലും അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ പതാക കൂടുതൽ ഉയരത്തിൽ പാറിക്കും'...കോലി പറഞ്ഞു.
2011ൽ സച്ചിൻ ടെൻഡുൽക്കർ വിരമിച്ചപ്പോൾ നൽകിയതുപോലെയുള്ള ഒരു യാത്രയയപ്പ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഏയ് ഇല്ല, എന്നേക്കാൾ അത്തരം ആദരം അർഹിക്കുന്നത് 9 ലോകകപ്പുകൾ കളിച്ച രോഹിത് ശർമയാണെന്ന് വിരാട് പറഞ്ഞു. 'ലോകകപ്പ് ജയിച്ചപ്പോഴുള്ള വികാരങ്ങൾ വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ല. വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഫൈനലിന് ഇറങ്ങിയത്. അതുവരെയുള്ള മൽസരങ്ങളിൽ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. പക്ഷേ ദൈവം അനുഗ്രഹിക്കുകയും വഴികാട്ടുകയും ചെയ്യുമ്പോൾ നമ്മൾ പോലും വിചാരിക്കാത്ത കാര്യങ്ങൾ നടക്കും'. അതുകൊണ്ടുതന്നെ ദൈവത്തോട് അങ്ങേയറ്റം നന്ദിപറയുന്നുവെന്നും കിങ് കോലി പറഞ്ഞുനിർത്തി.