2007 ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് പോകുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും ധോണിയുടെ നേതൃത്വത്തില്‍ വരുന്ന ആ സംഘത്തിന് ക്രിക്കറ്റ് ലോകം നല്‍കിയില്ല. എന്നാല്‍ ചിര വൈരികളെ തന്നെ കലാശപ്പോരില്‍ വീഴ്ത്തി ഇന്ത്യന്‍ യുവ നിര കിരീടം തൊട്ടു. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേര് അവിടെ ധോണി തന്റെ പേരിനൊപ്പം ഉറപ്പിച്ചു. എന്നാല്‍ ആ ക്യാപ്റ്റന്‍ കൂളിന്റേയും നെഞ്ചിടിപ്പ് കൂട്ടിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വിന്‍ഡിസ് മണ്ണില്‍ നിന്ന് കിരീടവുമായി മടങ്ങുന്നത്. നിങ്ങള്‍ എന്റെ ഹൃദയമിടിപ്പ് കൂട്ടി എന്നാണ് ഇന്ത്യന്‍ ടീമിനോട് ധോണി പറയുന്നത്.
2024 ലോകകപ്പ് ചാംപ്യന്‍സ്. എന്റെ ഹൃദയമിടിപ്പ് നിങ്ങള്‍ കൂട്ടി. ശാന്തമായി നിന്നതിന്, സ്വന്തം കഴിവില്‍ വിശ്വസിച്ചതിന്, ആ വിധം കളിച്ചതിന് അഭിനന്ദനങ്ങള്‍. കിരീടം നാട്ടിലേക്ക് തിരികെ എത്തിച്ചതിന് രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാരും നിങ്ങളോട് നന്ദി പറയുന്നു. അഭിനന്ദനങ്ങള്‍. ഈ ജന്മദിന സമ്മാനത്തിന് നന്ദി...ഇന്‍സ്റ്റഗ്രാമില്‍ ധോണി കുറിച്ചു.
ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 34-3ലേക്ക് വീണെങ്കിലും അക്ഷര്‍ പട്ടേലും കോലിയും ചേര്‍ന്ന് ഇന്ത്യയെ തിരികെ കയറ്റുകയായിരുന്നു. ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറി ഇറങ്ങിയ അക്ഷര്‍ 47 റണ്‍സ് നേടി. 31 പന്തില്‍ നിന്ന് 151 എന്ന സ്ട്രൈക്ക്റേറ്റിലായിരുന്നു അക്ഷറിന്റെ കളി. 59 പന്തില്‍ നിന്ന് കോലിയുടെ 76 റണ്‍സ് ഇന്നിങ്സ് കൂടി വന്നതോടെയാണ് ഇന്ത്യ 180നോട് അടുത്ത് സ്കോര്‍ കണ്ടെത്തിയത്.
177 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. ബുമ്രയുടെ മനോഹരമായ ഡെലിവറി ഹെന്‍ഡ്രിക്സിന്റെ സ്റ്റംപ് ഇളക്കി. ക്യാപ്റ്റന്‍ മര്‍ക്രമിനെ നാല് റണ്‍സ് എടുത്ത് നില്‍ക്കെ അര്‍ഷ്ദീപ് പന്തിന്റെ കൈകളില്‍ എത്തിച്ചെങ്കിലും സ്റ്റബ്സും ഡികോക്കും ചേര്‍ന്ന് ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാല്‍ രണ്ട് വിക്കറ്റ് വീതം പിഴുത് അര്‍ഷ്ദീപും ബുമ്രയും മൂന്ന് വിക്കറ്റുമായി ഹര്‍ദിക്കും നിറഞ്ഞതോടെ ഇന്ത്യ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ചു.