2017ലെ ചാംപ്യന്‍സ് ട്രോഫി ജയത്തിന് ശേഷം ഇന്ത്യയെ ഒരു ഐസിസി കിരീടത്തിലേക്ക് നയിക്കുന്ന നായകന്‍. തന്റെ തൊപ്പിയിലേക്കൊരു പൊന്‍തൂവല്‍ രോഹിത് ചേര്‍ത്തുവെച്ചു. ബാര്‍ബഡോസില്‍ ഇന്ത്യയെ ട്വന്റി20 ലോക ചാംപ്യനാക്കിയതിന് ശേഷം രോഹിത് ആഘോഷിച്ച വിധങ്ങളിലൊന്നാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. കിരീടത്തിലേക്ക് തങ്ങളെ എത്തിച്ച പിച്ചില്‍ നിന്ന് ഒരു തരി മണ്ണ് നുള്ളിയെടുത്ത് രോഹിത് നാവില്‍ വെച്ചു...
പിച്ചില്‍ നിന്ന് മണ്ണ് നുള്ളിയെടുത്ത് രോഹിത് കഴിക്കുന്നതിന്റെ വിഡിയോ ഐസിസിയാണ് പങ്കുവെച്ചത്. ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. ഓര്‍മകളിലേക്ക് ഒന്നുകൂടി എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചത്.
മത്സരത്തിന് ശേഷം ട്വന്റി20യില്‍ നിന്ന് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് കളിക്കാന്‍ ആരംഭിച്ചത് മുതല്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഈ ഫോര്‍മാറ്റിനോട് വിടപറയാന്‍ ഇതിലും നല്ലൊരു സമയം വേറെയില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഇതാണ്. ലോകകപ്പ് നേടാനാണ് ഞാന്‍ ആഗ്രഹിച്ചത്, മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് രോഹിത് നന്ദി പറയുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിനായി കഴിഞ്ഞ 20-25 വര്‍ഷമായി അദ്ദേഹം ചെയ്ത് പോന്നതില്‍ ഇത് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. രാഹുലിന് വേണ്ടി ഈ നേട്ടത്തിലെത്താനായതില്‍ ഞങ്ങള്‍ ടീം ഒന്നാമകെ അഭിമാനിക്കുന്നു, രോഹിത് ശര്‍മ പറഞ്ഞു.